നന്മയും സ്‌നേഹവും പൂത്തുലയുന്ന ശുഭരാത്രി

By mathew.07 07 2019

imran-azhar

ബാലന്‍ വക്കീലിന് ശേഷം മലയാളി സിനിമാ പ്രേമികളുടെ മനം കവരാന്‍ മറ്റൊരു കഥാപാത്രവുമായി മലയാളികളുടെ സ്വന്തം ജനപ്രിയനായകന്‍ ദിലീപ് വീണ്ടുമെത്തുന്ന ചിത്രമാണ് ശുഭരാത്രി. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ കെ.പി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. കൊല്ലം കരുനാഗപ്പള്ളിയിലുണ്ടായ ഒരു സംഭവത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തും.

സിറിയയില്‍ വെച്ച് കൊല്ലപ്പെടുന്ന ഇജാസിന്റെ പിതാവായ ഉമ്മറിക്കയുടെ വീട്ടില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. അവിടേക്കെത്തുന്ന ഉമ്മറിക്കയുടെ ആത്മസുഹൃത്തായ മുഹമ്മദിന്റെ ജീവിതത്തിലേക്ക് പിന്നീട് ചിത്രം കടക്കുകയാണ്. ഹജ്ജ് യാത്രയ്ക്കായി ഒരുങ്ങുന്ന മുഹമ്മദിന്റെ ജീവിതത്തിലേക്ക് വളരെ അപ്രതീക്ഷിതമായി കടന്നു വരുന്ന കൃഷ്ണനിലൂടെ ചിത്രം പുരോഗമിക്കുന്നു. ഹജ്ജ് യാത്രയ്ക്ക് മുമ്പായി തന്റെ തെറ്റുകള്‍ കാരണം വേദനയനുഭവിച്ചിട്ടുള്ളവരെ നേരില്‍ പോയി കണ്ട് എല്ലാ ദേഷ്യവും വിദ്വേഷവും മറന്ന് അവരോട് പൊരുത്തപ്പെടുന്ന മുഹമ്മദിന്റെ ജീവിതത്തിലേക്കാണ് ഒട്ടും നിനച്ചിരിക്കാതെ കൃഷ്ണന്‍ കടന്നുവരുന്നത്. പടച്ചോന്‍ തന്റെ ജീവിതത്തിനായി കരുതിവെച്ച നിയോഗം കൃഷ്ണനിലൂടെ തിരിച്ചറിയുന്ന മുഹമ്മദ്‌ ജാതിക്കും മതത്തിനുമൊക്കെ മേലാണ് മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹമെന്ന സത്യവും നമ്മെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

തന്റെ അഭിനയ മികവ് മലയാളികള്‍ക്ക് മുന്നിലേക്ക് ഒരിക്കല്‍ കൂടി തുറന്നുകാട്ടുകയായിരുന്നു കൃഷ്ണനിലൂടെ ദിലീപ്. കൃഷ്ണന്‍ എന്ന സാധാരണക്കാരന്റെ നിസ്സഹായവസ്ഥയും നിഷ്‌ക്കളങ്കതയുമൊക്കെ ഭദ്രമായിരുന്നു ജനപ്രിയ നായകന്റെ കൈകളില്‍. എടുത്തുപറയേണ്ട പ്രകടനം തന്നെയാണ് ചിത്രത്തില്‍ മുഹമ്മദായെത്തിയ സിദ്ദിഖും കാഴ്ചവെച്ചിരിക്കുന്നത്. തന്റെ കയ്യിലേക്കെത്തുന്ന കഥാപാത്രങ്ങളെ ഒന്നിന്നൊന്ന് മികവുറ്റതാക്കുന്നതില്‍ സിദ്ദിഖ് എന്ന നടന്‍ പുലര്‍ത്തുന്ന ശ്രദ്ധയും സമര്‍പ്പണവും തീര്‍ച്ചയായും പരിധികളേതുമില്ലാത്ത തരത്തില്‍ അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. തിയേറ്റര്‍ വിട്ടിറങ്ങിയാലും പ്രേക്ഷകന്റെ ഒപ്പം പോരുന്നതാണ് മുഹമ്മദ് എന്ന കഥാപാത്രം. ശ്രീജയായി എത്തിയ അനു സിത്താരയും തന്റെ ഭാഗം മോശമാക്കിയില്ല. കൃഷ്ണന്റെ കാമുകിയായും ഭാര്യയായും പക്വതയാര്‍ന്ന പ്രകടനം തന്നെയാണ് അനു കാഴ്ചവെച്ചിരിക്കുന്നത്. ഡോക്ടര്‍ ഷീലയായെത്തിയ ഷീലു എബ്രഹാമിന്റെ പ്രകടനവും അഭിനന്ദനമര്‍ഹിക്കുന്നതാണ്. ഒരു ഡോക്ടറുടെ ശരീരഭാഷയ്ക്കുതകുന്ന വിധത്തില്‍ വളരെ തന്മയത്തത്തോടെ തന്നെ ഡോക്ടര്‍ ഷീലയെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിക്കാന്‍ ഷീലു എബ്രഹാമിന് സാധിച്ചിട്ടുണ്ട്. വളരെ കുറച്ച് സമയത്തേക്കാണ് സ്‌ക്രീനില്‍ എത്തുന്നതെങ്കിലും ആ രംഗങ്ങളില്‍ തന്റേത് മാത്രമായ കയ്യൊപ്പ് പതിപ്പിക്കാന്‍ ആശാ ശരത്തിനും കഴിഞ്ഞിട്ടുണ്ട്. ഇവരോടൊപ്പമെത്തുന്ന സായ്കുമാറും, ഇന്ദ്രന്‍സും, ശാന്തി കൃഷ്ണയും, സുരാജ് വെഞ്ഞാറമൂടും, നാദിര്‍ഷായും, കെ.പി.എസ്.സി ലളിതയും, തെസ്‌നി ഖാനും, മണികണ്ഠനും ഒക്കെ തങ്ങളുടെ ഭാഗം ഗംഭീരമാക്കിയിട്ടുണ്ട്.

കെ.എച്ച് ഹര്‍ഷന്റെ എഡിറ്റിങ്ങ് മികവും ബിജിബാലിന്റെ പശ്ചാത്തല സംഗീതവുമൊക്കെ ചിത്രത്തിന്റെ മൂഡ് തീരെയും ചോര്‍ന്നു പോകാതെ കൃത്യമായി കാര്യങ്ങള്‍ പ്രേക്ഷകരിലേക്ക് സംവദിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. കഥയുടെ ആത്മാവ് ചോര്‍ന്നുപോകാത്ത വിധത്തില്‍ സുന്ദരമായ ഫ്രെയിമുകളിലൂടെ കഥാപശ്ചാത്തലം ദൃശ്യവത്ക്കരിക്കാന്‍ ആല്‍ബിക്കും സാധിച്ചിട്ടുണ്ട്.

മതത്തിന്റെയും ജാതിയുടെയും എല്ലാ വേലിക്കെട്ടുകള്‍ക്കുമപ്പുറം മനുഷ്യ മനസ്സിലെ സ്‌നേഹത്തിനും നന്മയ്ക്കും വില കല്‍പ്പിക്കുന്ന ഏതൊരു മനുഷ്യനെയും ഒന്നിരുത്തി ചിന്തിപ്പിക്കുന്ന ചിത്രം തന്നെയാണ് ശുഭരാത്രി. സിനിമ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവും അതുയര്‍ത്തുന്ന കാലികപ്രസക്തിയും അത്രമേല്‍ പ്രാധാന്യം അര്‍ഹിക്കുന്നതുമാണ്. ഒപ്പമുള്ളവരെ കൂടെ നിര്‍ത്താനും നിറഞ്ഞ സ്‌നേഹം മറ്റുള്ളവര്‍ക്കായി പകരാനും മനസ്സുള്ള ഏതൊരു വ്യക്തിക്കും നിരാശപ്പെടേണ്ടി വരില്ലെന്ന ഉറപ്പോടെ ധൈര്യമായി ടിക്കറ്റെടുക്കാവുന്ന ചിത്രം തന്നെയാണ് ശുഭരാത്രി.

 

OTHER SECTIONS