ഗുണ്ടായിസം ഇനി നടക്കില്ല, ദിലീപിനെ പിന്തുണയ്ക്കേണ്ട കാര്യമില്ല :പൊട്ടിത്തെറിച്ച് ജഗദീഷും ബാബുരാജും

By BINDU PP .17 10 2018

imran-azhar

 

 

 


ദിലീപിനെ പിന്തുണ നൽകിയ സിദ്ധിഖിനെതിരെ ആഞ്ഞടിച്ച് അമ്മയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങൾ ജഗദീഷും ബാബുരാജും രംഗത്ത് .ദിലീപിനെ സംഘടനയുടെ പേരില്‍ പിന്തുണച്ചാല്‍ അതിനെതിരേ പരസ്യമായി മോഹന്‍ലാലിന്റെ നിലപാടാണ് താന്‍ വ്യക്തമാക്കുന്നതെന്നും അതിനപ്പുറം ആരും ഒന്നും പറയേണ്ടതില്ലെന്നും ജഗദീഷും മുന്നറിയിപ്പ് നല്‍കുന്നു. സംഘടനാ വക്താവെന്ന നിലയിൽ ജഗദീഷ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയ നിലപാടുകളെ തള്ളിപ്പറഞ്ഞ് സെക്രട്ടറി സിദ്ദീഖ് കെപിഎസി ലളിതയ്ക്കൊപ്പം പത്ര സമ്മേളനം നടത്തിയതിനെതിരെയാണ് വാട്സാപ് ഗ്രൂപ്പിൽ ഇരുവരുടെയും പ്രതികരണം. എന്നാൽ, ജഗദീഷ് വ്യക്തമാക്കിയ സമവായ നിലപാടിനെ തള്ളിയ സിദ്ദീഖിന്റെ നിലപാടാണ് ഔദ്യോഗികം എന്നാണ് ജനറൽ സെക്രട്ടറി ഇടവേള ബാബു പറയുന്നത്. ഇക്കാര്യത്തിൽ അന്തിമതീരുമാനം പറയേണ്ട പ്രസിഡന്റ് മോഹൻലാലിന്റെ പ്രതികരണം ലഭ്യമായില്ല.

 

ജഗദീഷിൻറെ വാക്കുകൾ.....

 

അഭിപ്രായം പറയുന്നവരുടെ കരിയർ ഇല്ലായ്മ ചെയ്യുമെന്നും ഒറ്റപ്പെടുത്തുമെന്നുമുള്ള ഗുണ്ടായിസം ഇനി വച്ചുപൊറുപ്പിക്കില്ല. പ്രസിഡന്റിന്റെ പക്വമായ സമീപനത്തിനൊപ്പമാണ് എല്ലാവരും. അതിൽ കവിഞ്ഞൊരു പദവി സംഘടനയിലില്ല. അതിൽ കവിഞ്ഞ് ആരെങ്കിലും ഗുണ്ടായിസം കാട്ടി സംഘടനയെ നിലയ്ക്കു നിർത്താമെന്നു കരുതിയിട്ടുണ്ടെങ്കിൽ നടക്കില്ല. അച്ചടക്കത്തോടെ വാട്സാപ് സന്ദേശത്തിൽ മാത്രമാണ് ഞാനിതു പറയുന്നത്. പത്രസമ്മേളനം വിളിച്ച് കാര്യങ്ങൾ പറയാനാവും. എല്ലാവരുടെയും ചരിത്രം എന്റെ കൈയിലുണ്ട്. ഒരുപാടുകാര്യങ്ങൾ എനിക്കറിയാം. അത് പറയിക്കാൻ എന്നെ പ്രേരിപ്പിക്കരുത്. വല്യേട്ടൻ മനോഭാവം ആർക്കും വേണ്ട. സുഹൃത്തുക്കൾക്കായി വാദിക്കുന്നതു നല്ലകാര്യം. എന്നാൽ പിന്നിൽ ഗൂഢലക്ഷ്യങ്ങൾ പാടില്ല.

 

ബാബുരാജിന്റെ വാക്കുകൾ......

സിദ്ദീഖീന്റെ പത്രസമ്മേളനം ആരുടെ അറിവോടെയെന്ന് മനസ്സിലായില്ല. എക്സിക്യൂട്ടീവ് കമ്മിറ്റി കൂടാതെ വേറെ സൂപ്പർ ബോഡിയുണ്ടോ? അങ്ങനെ ഒരു സൂപ്പർബോഡി തീരുമാനം എടുത്ത് മുന്നോട്ടു പോകാനാണു തീരുമാനമെങ്കിൽ നടക്കില്ല. ദിലീപിനെ പുറത്താക്കാൻ മോഹൻലാൽ സമ്മതിക്കുന്നില്ല എന്നാണു തമിഴ് പത്രവാർത്ത. ഇവർ പറയുന്ന കാര്യങ്ങൾക്ക് അടികൊള്ളുന്നത് മോഹൻലാലാണ്. പത്രസമ്മേളനത്തിൽ സിദ്ദീഖ് ദിലീപിനെ ന്യായീകരിക്കുകയായിരുന്നു. ലളിതച്ചേച്ചിയെ അവിടെ ഉൾപ്പെടുത്തേണ്ട കാര്യവുമില്ല. ദിലീപിനെ പിന്തുണയ്ക്കണമെങ്കിൽ വ്യക്തിപരമായി ചെയ്യട്ടെ, സംഘടനയുടെ പേരിൽ വേണ്ട. അമ്മയ്ക്ക് ദിലീപിനെ പിന്തുണയ്ക്കേണ്ട കാര്യമില്ല.

OTHER SECTIONS