ബോളിവുഡില്‍ വീണ്ടും ലഹരി വേട്ട; നടന്‍ ശക്തി കപൂറിന്റെ മകന്‍ സിദ്ധാന്ത് കപൂര്‍ അടക്കം ആറുപേര്‍ അറസ്റ്റില്‍

By santhisenanhs.13 06 2022

imran-azhar

 

ബെംഗളൂരു: ലഹരിമരുന്ന് കേസില്‍ നടന്‍ ശക്തി കപൂറിന്റെ മകന്‍ സിദ്ധാന്ത് കപൂര്‍ അടക്കം ആറുപേര്‍ അറസ്റ്റില്‍. ബെംഗളൂരുവിലെ പാര്‍ക്ക് ഹോട്ടലില്‍ ഡി.ജെ. പാര്‍ട്ടിയ്ക്കിടെ നടത്തിയ റെയ്ഡിലാണ് നടനും സിനിമാപ്രവര്‍ത്തകനുമായ സിദ്ധാന്ത് പിടിയിലായത്. 35 പേരെയാണ് പാര്‍ട്ടിയില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതില്‍ സിദ്ധാന്ത് അടക്കം ആറുപേര്‍ ലഹരിമരുന്ന് ഉപയോഗിച്ചതായി വൈദ്യപരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 

എന്‍.ഡി.പി.എസ്. ആക്ട് പ്രകാരമാണ് സിദ്ധാന്ത് അടക്കമുള്ളവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് ബെംഗളൂരു ഈസ്റ്റ് ഡിവിഷന്‍ ജില്ലാ പോലീസ് മേധാവി ഭീമശങ്കര്‍ എസ്. ഗുലേദ് മാധ്യമങ്ങളോട് പറഞ്ഞു. ലഹരിമരുന്ന് ഉപയോഗിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞതോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും തിങ്കളാഴ്ച തന്നെ പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ബെംഗളൂരുവിലെ ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ ഡി.ജെ. ആയാണ് സിദ്ധാന്ത് കപൂറിനെ ക്ഷണിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സിദ്ധാന്ത് കപൂറിന്റെ സഹോദരിയും നടിയുമായ ശ്രാദ്ധ കപൂറിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) ചോദ്യംചെയ്തിരുന്നു. ലഹരിമരുന്ന് കൈവശംവെച്ചെന്ന ആരോപണത്തിലാണ് 2020-ല്‍ ശ്രദ്ധാ കപൂറിനെ ചോദ്യംചെയ്തത്.OTHER SECTIONS