ഗായിക കനിക കപൂറിന്റെ മൂന്നാം പരിശോധനാഫലവും പോസിറ്റീവ്

By online desk .25 03 2020

imran-azhar

 

ലക്‌നൗ : കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ മൂന്നാം പരിശോധനാഫലവും പോസിറ്റീവ്. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക കപൂര്‍ ചികിത്സയില്‍ കഴിയുന്നത്. നെഗറ്റീവ് ഫലം കാണുന്നതു വരെ ചികിത്സ തുടരുമെന്ന് ആശുപത്രി ഡയക്ടര്‍ ഡോക്ടര്‍ ആര്‍.കെ ധിമാന്‍ പറഞ്ഞു.

 

അതേസമയം, ഹോട്ടലിൽ കനികയ്ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓജസ് ദേശായുടെ ഫലം നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കസ്തൂര്‍ബാ ആശുപത്രിയിലാണ് താന്‍ ടെസ്റ്റ് ചെയ്തതെന്നും കൂടുതല്‍ വിവരങ്ങളും ഓജസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതോടെ കനികയുമായ ഇടപെഴകിയ ആര്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.

 

എന്നാൽ കഴിഞ്ഞ ദിവസം കനിക കപൂർ ചികിത്സയിൽ കഴിയുന്ന ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു. തനിക്ക് നൽകിയ മുറിയിൽ കൊതുകുശല്യമാണെന്നും തന്നോട് ആശുപത്രി ജീവനക്കാർ കുറ്റവാളിയോടെന്ന പോലെ പെരുമാറുന്നു എന്നുമാണ് കനികയുടെ പരാതി. അതേ സമയം, കനികയുടെ ആരോപണങ്ങളെ ആശുപത്രി അധികൃതർ തള്ളി. കനിക ഒരു രോഗിയെപോലെ പെരുമാറണമെന്ന് അധികൃതർ പറഞ്ഞു. പിടിവാശികൾ ഉപേക്ഷിക്കാൻ കനിക തയ്യാറാവണമെന്നും ഏറ്റവും മികച്ച സൗകര്യങ്ങളാണ് അവർക്ക് നൽകുന്നത് എന്നും ആശുപത്രി ഡയറക്ടർ ഡോ. ആർ കെ ധിമൻ മാധ്യമങ്ങളോട് പറഞ്ഞു.

 

എന്നാൽ രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിൽ കനിക്കകെതിരെ ലക്നൗ പൊലീസ് കേസ് എടുത്തിട്ടുണ്ട് . ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269 പ്രകാരമാണ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

OTHER SECTIONS