ആദാമിന്റെ മകന്‍ അബുവിന് പത്ത് വര്‍ഷം; നാലു ദേശീയ അവാര്‍ഡുകള്‍, ഓസ്‌കാര്‍ എന്‍ട്രി; സലിംകുമാറിന്റെ കുറിപ്പ്

By Web Desk.24 06 2021

imran-azhar

 


സലിംകുമാര്‍ നായകനായി അഭിനയിച്ച, പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ആദാമിന്റെ മകന്‍ അബു എന്ന ചിത്രം റിലീസ് ചെയ്തിട്ട് പത്ത് വര്‍ഷം തികയുന്നു. ഒരുപിടി മികച്ച ചിത്രങ്ങള്‍ ഒരുക്കിയ സലിം അഹമ്മദിന്റെ ആദ്യ ചിത്രമാണിത്. ചിത്രത്തിന്റെ രചനയും സലിം അഹമ്മദാണ്.സലിംകുമാര്‍ അബു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ചിത്രത്തിലൂടെ സലിംകുമാറിനെ തേടിയെത്തി. സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ ചിത്രത്തിനു ലഭിച്ചു. ആ വര്‍ഷത്തെ ഓസ്‌കാര്‍ എന്‍ട്രിയും ചിത്രം നേടി.

 

പത്താം വര്‍ഷം തികയുന്ന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ സലിംകുമാര്‍ പങ്കുവച്ചു.

 

സലിംകുമാറിന്റെ കുറിപ്പ്:

 

ആദാമിന്റെ മകന്‍ അബു എന്ന വിഖ്യാത ചലച്ചിത്രം റിലീസ് ചെയ്തിട്ട് ഇന്നേക്ക് പത്തു വര്‍ഷങ്ങള്‍ തികയുകയാണ്. നാലു ദേശീയ അവാര്‍ഡുകളും നിരവധി സംസ്ഥാന അവാര്‍ഡുകളും നേടിയ ഈ ചിത്രത്തിന് ആ വര്‍ഷത്തെ ഓസ്‌കാര്‍ എന്‍ട്രി ലഭിക്കുകയുണ്ടായി. ഈ ചിത്രത്തിലെ അഭിനയത്തിന് എനിക്ക് ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിക്കുകയുണ്ടായി. അതിന് എനിക്ക് അവസരം ഉണ്ടാക്കി തന്ന ഇതിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ സലിം അഹമ്മദിനെ, ഈ അവസരത്തില്‍ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു. ഒപ്പം ഇന്നും എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന നിങ്ങള്‍ ഏവരെയും.

 

ഈ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍, രണ്ടുപേരുടെ അസാന്നിധ്യം എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം നിര്‍വഹിച്ച ഐസക് തോമസ് കൊട്ടുകാപ്പള്ളി സര്‍, ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച എന്റെ പ്രിയ സുഹൃത്ത് കലാഭവന്‍ മണി, പ്രശസ്ത നടന്‍ കലിംഗ ശശി എന്നിവര്‍ ഒന്നും ഇന്ന് നമ്മോടൊപ്പമില്ല. അവരുടെ ദീപ്തസ്മരണക്കു മുന്‍പില്‍ കണ്ണീര്‍ പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊള്ളുന്നു.

 

 

 

 

OTHER SECTIONS