കോവിഡ് നിയന്ത്രണങ്ങള്‍; സിനിമാ മേഖല വീണ്ടും പ്രതിസന്ധിയില്‍

By Avani Chandra.23 01 2022

imran-azhar

 

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതോടെ സിനിമാ മേഖലയില്‍ വീണ്ടും പ്രതിസന്ധി. രണ്ടാം തരംഗത്തിനു ശേഷം തുറന്ന തിയേറ്ററുകള്‍ വീണ്ടും പഴയ പ്രാബല്യത്തിലേക്ക് വരുന്നതിനിടെയാണ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുന്നത്. മലയാള ചിത്രം കള്ളന്‍ ഡിസൂസ മുതല്‍ ആര്‍.ആര്‍.ആര്‍ ന്റെ വരെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. കൂടുതല്‍ സിനിമകള്‍ റിലീസ് മാറ്റുന്ന കാര്യം പരിഗണിക്കുന്നുണ്ട്.

 

വെള്ളിയാഴ്ച 450-ഓളം സ്‌ക്രീനുകളിലായി റിലീസ് ചെയ്ത ഹൃദയം ഇതിനകം രണ്ടരക്കോടിയോളം രൂപ നിര്‍മാതാവിനു ഷെയറായി നേടിക്കൊടുത്തിട്ടുണ്ടെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് പറയുന്നത്. തിയേറ്ററുകളിലേക്ക് ആളുകള്‍ പഴയതുപോലെ എത്തി കുടങ്ങുന്നതിന്റെ തെളിവാണിതെന്നും അവര്‍ പറയുന്നു.

 

കോവിഡിന്റെ പേരില്‍ തിയേറ്ററുകള്‍ വീണ്ടും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ ശക്തമായി പോരാടാനാണ് ഫിയോകി ന്റെ തീരുമാനം. പൊതു ഇടങ്ങളിലും മാളുകളിലും ബസുകളിലും ട്രെയിനുകളിലുമൊക്കെ ആളുകള്‍ കൂടുന്നതിനെപ്പറ്റി ഒന്നും പറയാത്ത സര്‍ക്കാര്‍ സിനിമാ തിയേറ്ററുകളെ മാത്രം അടച്ചിടല്‍ വിഭാഗത്തില്‍ പെടുത്തുന്നത് ന്യായീകരിക്കാനാകില്ലെന്നാണ് അവരുടെ നിലപാട്. സര്‍ക്കാര്‍ അങ്ങനെയൊരു തീരുമാനമെടുത്താല്‍ പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

 

മമ്മൂട്ടിക്കും മോഹന്‍ലാലിനും തിയേറ്ററുകളുടെ സാധ്യത നന്നായി അറിയുന്നത് കൊണ്ടാണ് അവരുടെ മക്കളുടെ സിനിമകള്‍ തിയേറ്ററുകളില്‍ത്തന്നെ എത്താന്‍ കാത്തിരുന്നത്. ടൊവിനോ തോമസ് ഏറെ അധ്വാനവും ആത്മസമര്‍പ്പണവും നടത്തിയ സിനിമയായിരുന്നു മിന്നല്‍ മുരളി. എന്നിട്ടും ടൊവിനോയ്ക്ക് അര്‍ഹമായ അംഗീകാരവും വിലയിരുത്തലുകളും കിട്ടാതിരുന്നതിനു കാരണം ആ സിനിമ തിയേറ്ററുകളില്‍ വരാത്തത് കൊണ്ടാണ്. തിയേറ്ററുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ ജീവിക്കാനുള്ള അവകാശം തേടി പ്രത്യക്ഷസമരത്തിലേക്കു പോകും എന്നാണ് ഫിയോക് പറയുന്നത്.

 

 

OTHER SECTIONS