മലയാള സിനിമയുടെ '​തി​ല​ക​'ക്കു​റി; ഓ​ർ​മ്മ​ക​ളു​ടെ​ ​തി​ര​ശീ​ല​യി​ൽ​ ​ഒ​ളി​മ​ങ്ങാ​തെ ​ഇന്നും...

By സൂരജ് സുരേന്ദ്രന്‍.23 09 2021

imran-azhar

 

 

കാലം പോയ് മറയുമ്പോഴും മലയാള സിനിമയുടെ ആ 'തിലക'ക്കുറി ഓർമ്മകളുടെ തിരശീലയിൽ ഒളിമങ്ങാതെ ഇന്നുമുണ്ട്. ശബ്ദഗാഭീര്യം കൊണ്ടും വികാരം തരളിതമായ ഭാവാഭിനയം കൊണ്ടും മലയാളിയുടെ മനസു കീഴടക്കിയ അതുല്യ നടൻ. ഇന്ന് മലയാള സിനിമയുടെ പെരുന്തച്ചന് ഒമ്പതാം ചരമവാർഷികം. 2012 സെപ്തംബർ 24 നായിരുന്നു തിലകനെന്ന മഹാ വിസ്മയം മലയാള സിനിമയോട് വിട പറഞ്ഞത്. നിലനിൽപ്പിന് വേണ്ടി മാത്രമല്ല നിലപാടുകൾക്കും വേണ്ടിയുള്ളതാകണം ജീവിതം എന്ന് പഠിപ്പിച്ച കലാകാരൻ. സ്‌കൂൾ നാടകവേദികളിൽ നിന്ന് പ്രൊഫഷണൽ നാടകവേദികളിലേക്ക് ചേക്കേറിയ തിലകൻ, നാടകത്തിന്റെ കൈ പിടിച്ചായിരുന്നു സിനിമയിലേക്ക് കടന്നുവരുന്നത്. അഭിനയത്തിന്റെ അഭിനിവേശം കൊണ്ട് 1956ൽ പഠനം ഉപേക്ഷിച്ചു. പിന്നീടുള്ള ജീവിതം നാടകത്തിനും, അഭിനയത്തിനും വേണ്ടി ഉഴിഞ്ഞു വെച്ചു. 1966 വരെ കെ പി എ സിയിലും തുടർന്ന് കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും പി ജെ ആന്റണിയുടെ സമിതിയിലും പ്രവർത്തിച്ചു. 1973ൽ പി.ജെ ആന്റണിയുടെ പെരിയാർ എന്ന ചിത്രത്തിലൂടെ അരങ്ങിൽ നിന്ന് വെള്ളിത്തിരയിലേക്ക്. പിന്നീടങ്ങോട്ട് മലയാള സിനിമ സാക്ഷ്യംവഹിച്ചത് പകരംവെക്കാനില്ലാത്ത പകർന്നാട്ടം. ഉൾക്കടൽ, യവനിക എന്നീ ചിത്രങ്ങളിലൂടെ തിലകൻ മലയാള സിനിമയിൽ അനിർവചനീയമായ സ്ഥാനം സ്വന്തമാക്കി. എത്രയെത്ര വൈവിധ്യമാർന്ന വേഷങ്ങൾ.


കര്‍ക്കശക്കാരനും വാത്സല്യനിധിയുമായ അച്ഛൻ കഥാപാത്രങ്ങൾ

 

മലയാള സിനിമയിൽ അച്ഛൻ വേഷങ്ങളിൽ തിലകനെപ്പോലെ തിളങ്ങിയ മറ്റ് നടൻമാർ ഉണ്ടാകില്ല. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ കൊച്ചുതോമയും മിന്നാരത്തിലെ റിട്ട. ജഡ്ജ് മാത്യൂസും, കിരീടത്തിലെ അച്യുതൻ നായരും അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ. സ്ഫടികത്തിലെ ചാക്കോ മാഷ്, നരസിംഹത്തിലെ ജസ്റ്റിസ് കരുണാകര മേനോന്‍ എന്നീ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കുന്നു. മകന്റെ ഭാവിയും, ജീവിതവും കൈവിട്ടുപോകുമ്പോൾ ഉള്ളുപിടയുന്ന ഒരു അച്ഛന്റെ മാനസികാവസ്ഥയും ദയനീയതയും എത്ര മനോഹരമായാണ് തിലകൻ അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നത്. നെഗറ്റീവ് കഥാപാത്രങ്ങളും, അച്ഛൻ കഥാപാത്രങ്ങളും മാത്രമല്ല നർമ്മവും തിലകന്റെ കൈകളിൽ സുഭദ്രമായിരുന്നു. പട്ടണപ്രവേശത്തിലെ അനന്തന്‍ നമ്പ്യാരും മൂക്കില്ലാത്ത രാജ്യത്തെ കേശവൻ എന്ന കഥാപാത്രവുമെല്ലാം പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചു. വില്ലനായാൽ തനി വില്ലൻ. കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശൻ മുതലാളിയും, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പ് എന്ന ചിത്രത്തിലെ പോള്‍ പൗലോക്കാരനുമൊക്കെ വില്ലനിസത്തിന്റെ അങ്ങേ തലമാണ്.

 

നിലപാടുകളിൽ ഉറച്ചുനിന്ന ഒറ്റയാൻ

 

നിലനിൽപ്പിന് വേണ്ടി മാത്രമല്ല നിലപാടുകൾക്കും വേണ്ടിയുള്ളതാകണം ജീവിതം എന്ന് പഠിപ്പിച്ച കലാകാരൻ കൂടിയായിരുന്നു തിലകൻ. അതുകൊണ്ടെന്താ ശത്രുക്കൾക്കും ഒരു പഞ്ഞവുമില്ല. മുഖം നോക്കാതെ എന്തും തുറന്നടിച്ച് പറയുന്ന പ്രകൃതം. അവിടെ സ്ഥാനമാനങ്ങൾക്ക് വിലകൽപ്പിക്കാറില്ല. തിലകന്റെ ചില പരാമര്‍ശങ്ങള്‍ സഹതാരങ്ങളെയടക്കം പ്രതിസന്ധിയിലാക്കിയിരുന്നു. മലയാള സിനിമയില്‍ വിലക്കേര്‍പ്പെടുത്തുകയും അവഗണന നേരിടുകയും ചെയ്തു. അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിച്ചു. 2010-ൽ അദ്ദേഹത്തെ അമ്മയിൽ നിന്നു പുറത്താക്കി. എന്നാൽ സുകുമാർ അഴീക്കോട് തുടങ്ങി പ്രമുഖർ തിലകനെ പിന്തുണച്ച് രംഗത്തു വന്നു.

 

2006-ലെ ദേശീയചലച്ചിത്രപുരസ്കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേക ജൂറിപുരസ്കാരം തിലകനു ലഭിച്ചു. ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് ഈ പുരസ്കാരം നേടിക്കൊടുത്തത്. മുൻപ് ഇരകൾ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986-ലും പെരുന്തച്ചൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 1990-ലും തിലകൻ മികച്ച നടനുള്ള ദേശീയപുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു.[3] 1988-ൽ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയപുരസ്കാരം തിലകനു ലഭിച്ചു. 2009-ലെ പത്മശ്രീ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തിലകൻ 2012 സെപ്റ്റംബർ 24ന് പുലർച്ചെ 3:35ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മരിക്കുമ്പോൾ 77 വയസായിരുന്നു അദ്ദേഹത്തിന് പ്രായം. മലയാള സിനിമയിൽ അങ്ങ് ഒഴിച്ചിട്ട സിംഹാസത്തിന് ഇന്നും അവകാശികളില്ല, ഇനി ഉണ്ടാവുകയുമില്ല. അഭിനയകലയുടെ കുലപതിക്ക് സഹസ്രകോടി പ്രണാമം.

 

OTHER SECTIONS