By online desk .25 11 2020
നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്ത് സിനിമ ലോകത്തേക്ക് ചുവടെടുത്തുവെക്കുകയാണ് . തന്റെ ആദ്യ ചിത്രമായ 'ഖെദ്ദ' യുടെ ലൊക്കേഷനിലാണ് ഉത്തര ഇത്തവണത്തെ പിറന്നാള്‍ ആഘോഷിച്ചത്. അച്ഛനും അമ്മയ്ക്കും ഒപ്പം അണിയറ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ബിരിയാണി വിതരണം ചെയ്താണ് ഉത്തര തന്റെ പിറന്നാള്‍ ആഘോഷിച്ചത്.
കേക്ക് മുറിച്ച് എല്ലാവര്ക്കും മധുരം പങ്കിട്ട് ഉത്തര തന്റെ സിനിമാ ജീവിതത്തിലെ ആദ്യപിറന്നാള് ഗംഭീരമാക്കി. ആദ്യമായാണ് ഉത്തര കേരളത്തിൽ നിന്ന് പിറന്നാൾ ആഘോഷിക്കുന്നത് , കൂടാതെ ആദ്യസിനിമയുടെ ലൊക്കേഷനില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞത് ഇരട്ടിമധുരമായെന്ന് ഉത്തര പറഞ്ഞു.
ആശാ ശരത്തും ഉത്തരയും സിനിമയിലും അമ്മയും മകളുമായി അഭിനയിക്കുന്ന മനോജ് കാനയുടെ ഖെദ്ദയുടെ പ്രധാന ലൊക്കേഷനായ ആലപ്പുഴ എഴുപുന്നയിൽ വെച്ചായിരുന്നു പിറന്നാള്‍ ആഘോഷങ്ങള്‍. കേരളത്തില്‍ വെച്ച് ഉത്തരയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞതും; അത് അവളുടെ ആദ്യ സിനിമയുടെ ലൊക്കേഷനില്‍ ആഘോഷിക്കാന്‍ കഴിഞ്ഞതിലും ഏറെ സന്തോഷമുണ്ടെന്ന് ആശാ ശരത്ത് പറഞ്ഞു.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ഖെദ്ദയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ നേടിയ പ്രതാപ് പി നായര്‍ ക്യാമറയും അശോകന് ആലപ്പുഴ ചിത്രത്തില്‍ കോസ്റ്റ്യൂമും നിര്‍വ്വഹിക്കുന്നു. പട്ടണം ഷാ, മനോജ് കണ്ണോത്ത്, ഹരി വെഞ്ഞാറമൂട്, തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍. വിനീഷ് ഫ്ളാഷ് ബാക്കാണ് സ്റ്റില്‍സ്. പി ആര് ഒ - പി ആര് സുമേരന്‍