സുന്ദരിയുടെ കഥ പറഞ്ഞ്‌ ബഹദൂര്‍ പറ്റിച്ചത്‌ ഓര്‍ത്ത് ലോഹിതദാസിന്റെ മകന്‍ വിജയശങ്കര്‍

By praveenprasannan.23 05 2020

imran-azhar

സംവിധായന്‍ ലോഹിതദാസിന്റെ മകന്‍ വിജയ ശങ്കര്‍ ലോഹിതദാസ് നടന്‍ ബഹദൂറിനെ കുറിച്ചുളള ഓര്‍മ്മകളെ കുറിച്ചെഴുതിയ കുറിപ്പ് ശ്രദ്ധേയമായി. ജോക്കര്‍ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന കാര്യങ്ങളാണ് വിജയ് ശങ്കര്‍ കുറിച്ചിരിക്കുന്നത്.


ജോക്കറിന്റെ ചിത്രീകരണം നിളയുടെ തീരത്തു നടക്കുന്ന കാലത്ത് താനും ചക്കരയും വാരാന്ത്യങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുമായിരുന്നെന്ന് വിജയ് ശങ്കര്‍ പറയുന്നു. സ്‌കൂള്‍ വിട്ടുവന്നാല്‍ നേരെ ചെറുതുരുത്തിയിലെ ലൊക്കേഷനിലേക്കു പോകും. ഷൂട്ടിംഗല്ല സര്‍ക്കസിലെ ആനയും കുതിരയും പുലിയും സിംഹവും ഒക്കെയാണ് ചക്കരരെയും തന്നെയും ആകര്‍ഷിച്ചത്. ആയിടെ ഷൊര്‍ണുര്‍ ഗസ്റ്റ് ഹൗസിലാണ് ആദ്യമായ് ബഹദൂര്‍ ഇക്കയെ കാണുന്നത്.


അന്നെല്ലാം അവിടത്തെ ഇടനാഴിയില്‍ വെള്ളിത്തിരയിലെ പരിചിത മുഖങ്ങള്‍ പതിവ് കാഴ്ചയായിരുന്നു . ഒരേ സമയം വിവിധ സിനിമകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവിടെ കാണും. അച്ഛന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നതാണെന്ന് ബഹദൂറിനെ കണ്ടപ്പോഴും അറിയില്ലായിരുന്നു.മുറിയില്‍ ഇരിക്കുന്ന അമ്മയോട് ഒരു പഴയ സിനിമ നടനെ മുകളില്‍ വച്ച് കണ്ടു എന്ന് പറഞ്ഞപ്പോള്‍ ബഹദൂര്‍ ഇക്കയായിരിക്കും എന്ന് പറഞ്ഞു. അപ്പോഴാണ് അദ്ദേഹത്തിന്റെ പേരെന്തെന്നു അറിയുന്നത്. രാത്രി ഷൂട്ട് കഴിഞ്ഞു അച്ഛന്‍ വന്നപ്പോള്‍ മുകള്‍ നിലയിലെ ഡൈനിംഗ് റൂമില്‍ ഇരുന്ന് ആഹാരം കഴിച്ചു. വരാന്തയിലൂടെ ഇക്ക നടന്നു വരുന്നത് കാണാം. ഡൈനിംഗ് മുറിയിലേക്കു അദ്ദേഹം കടന്നു വന്നപ്പോള്‍ ഇക്ക കഴിച്ചോ എന്ന് അച്ഛന്‍ ചോദിച്ചതും കഴിച്ചു മോനെ എന്ന് മറുപടി പറഞ്ഞതും വിജയ്ശങ്കര്‍ ഓര്‍ക്കുന്നു. ഞങ്ങളോടായി അച്ഛന്റെ അടുത്ത ചോദ്യം, ഇതാരാന്നു മനസിലായോ തലയാട്ടിയപ്പോള്‍ അമ്മയെ പരിചയപ്പെടുത്തി. അടുത്ത കണ്ടുമുട്ടലും അതെ ഊണുമുറിയില്‍ തന്നെ ആയിരുന്നു. അച്ഛന്‍ അതിരാവിലെ ലൊക്കേഷനിലേക്കു പോയിരുന്നു. കഴിഞ്ഞ രാത്രിയിലേതെന്ന പോലെ കാരണവരുടെ ഗൗരവത്തോടെ ഇക്ക എന്റെ അടുത്ത് വന്നു ഇരുന്നു, ''മോളെ , ഇവനെ ഞാന്‍ കൊണ്ടുപോവ, എന്റെ മകള്‍ക്ക് കല്യാണംകഴിപ്പിച്ചു കൊടുക്കാന്‍ ആണ് ''... അമ്മ പൊട്ടിച്ചിരിച്ചു. തനിക്കതില്‍ ഒരു തമാശയും തോന്നിയില്ലെന്നും അമ്മയുടെ പ്രതികരണം വല്ലാത്ത വേദനയുണ്ടാക്കിയെന്നും വിജയ് ശങ്കര്‍ പറയുന്നു.


പിന്നീട് കണ്ട ഓരോ മാത്രയിലും ഇക്ക ഇത് ആവര്‍ത്തിക്കുമായിരുന്നു. ഇക്കയും അമ്മയും വലിയ സുഹൃത്തുക്കള്‍ ആയി മാറി. തന്റെ മുന്നില്‍ വച്ച് ഇക്ക കല്യാണത്തെ പറ്റി വാചാലനാകും. നല്ല സുന്ദരിയാ എന്റെ മോള് , പ്രായം നിന്നേലും കൂടുതലാ, അത് കാര്യമാക്കണ്ട, നിന്നെ ഒരു മകനെ പോലെ നോക്കിക്കോളും...കുളിപ്പിച്ചു തരും, ചോറ് വാരിത്തരും, പാട്ടുപാടി ഉറക്കും 'പറഞ്ഞു പറഞ്ഞു ഇക്ക തന്നെ വിശ്വസിപ്പിച്ചു. ഇക്കാക്ക് ഒരു വില്ലന്റെ പരിവേഷമായി തന്റെ ഉള്ളില്‍.


ഇക്കയും ദിലീപേട്ടനും ഒരുമിച്ചുള്ള ഒരു രംഗം ചിത്രീകരിക്കുകയാണ്.ആ പരിസരത്തു താന്‍ നില്പുണ്ട്. ടേക്ക് കഴിഞ്ഞപ്പോള്‍ ഇക്ക കൈ കാട്ടി വിളിച്ചു, ഞാന്‍ പതിയെ അടുത്തേക്ക്് ചെന്നു. ഇക്ക ദിലീപേട്ടനോട് പറഞ്ഞു ''ഇവനെന്റെ മരുമോനാ.. ഇവനെ കൊണ്ട് എന്റെ മകളെ കെട്ടിക്കണം.


 

ദിലീപേട്ടന്‍ എരിതീയില്‍ എണ്ണ കോരിയൊഴിച്ചു. ഭാഗ്യത്തിനാണ് താന്‍ കരയാതിരുന്നതെന്നും വിജയ്ശങ്കര്‍ കുറിക്കുന്നു. പിന്നാലെ അമ്മയുടെ അടുത്ത് ചെന്നപ്പോള്‍ അതുവരെ പിടിച്ചുവച്ച കരച്ചില്‍ അണ പൊട്ടി . അച്ഛനോട് കാര്യം പറഞ്ഞപ്പോള്‍ ചിരിക്കുക മാത്രമാണ് ചെയ്തത്, ഇക്ക തമാശ പറയണതല്ലേ എന്ന് പറഞ്ഞു.ആ ഒരുവാക്ക് വലിയ ആശ്വാസമായിരുന്നു. തുടര്‍ന്നും ഇക്ക ഇതേ നമ്പര്‍ ആവര്‍ത്തിച്ചു, അത് ചിരിയോടെ നേരിടാന്‍ താന്‍ പഠിച്ചു . തന്റെ മനസില്‍ അദ്ദേഹത്തിനുണ്ടായിരുന്ന വില്ലന്‍ പരിവേഷം അപ്പൂപ്പന്താടിപോലെ കാറ്റില്‍ പറന്നു. ഷൂട്ടിനിടെ ഒരു വിഷുവിനായിരുന്നു ഇക്കയെ അവസാനം കണ്ടത്. പിന്നീട് ചിരിക്കുന്ന ആ മുഖം നേരില്‍ കണ്ടട്ടില്ല. ഗള്‍ഫില്‍ നിന്ന് ഇക്ക അമ്മയെ വിളിച്ച് സമ്മാനങ്ങള്‍ കൊണ്ടുവരുന്നുണ്ട് എന്ന് പറഞ്ഞു . പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ ഇക്ക ആശുപത്രിയില്‍ ആണെന്നാണ് അറിയുന്നത്. ആ മേയ് 22ന് ആ ചിരിയും മാഞ്ഞു. ഇക്കയുടെ വീട്ടില്‍ ചെല്ലുമ്പോള്‍ കുളിപ്പിക്കലും മറ്റു ചടങ്ങുകളും നടക്കുന്നു പക്ഷേ തന്റെ കണ്ണുകള്‍ അപ്പോള്‍ ആ നുണകഥയിലെ സുന്ദരിയെ തേടുകയായിരുന്നുവെന്ന് വിജയശങ്കര്‍ എഴുതുന്നു.

 

OTHER SECTIONS