ചലച്ചിത്ര നിര്‍മ്മാണ ശില്‍പ്പശാലാ ഉദ്ഘാടനം സെപ്റ്റംബര്‍ 23ന്

By online desk.21 09 2019

imran-azhar

 

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനു കീഴിലുള്ള കരിയര്‍ ഗൈഡന്‍സ് ആന്‍റ് അഡോളസെന്‍റ് കൗണ്‍സലിംഗ് സെല്ലും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന ‘ഫസ്റ്റ് കട്ട്’ എന്ന ചലച്ചിത്ര നിര്‍മ്മാണ ശില്‍പ്പശാല 2019 സെപ്റ്റംബര്‍ 23 മുതല്‍ 28 വരെ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍റ് വീഡിയോ പാര്‍ക്കിലെ ചലച്ചിത്ര അക്കാദമിയുടെ ഗവേഷണ കേന്ദ്രമായ സെന്‍റര്‍ ഫോര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം റിസേര്‍ച്ച് ആൻഡ് ആര്‍ക്കൈവ്സില്‍ (സിഫ്ര) നടക്കും.

 

ശില്‍പ്പശാലയുടെ ഔപചാരികമായ ഉദ്ഘാടനം സെപ്റ്റംബര്‍ 23 തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് കിന്‍ഫ്ര തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ബഹു.സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ.എ.കെ ബാലന്‍ നിര്‍വഹിക്കും. ബഹു.പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.

 

ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ.ജീവന്‍ ബാബു കെ ഐ.എ.എസ്, അക്കാദമിക് വിഭാഗം ജോയിന്‍റ് ഡയറക്ടര്‍ ഡോ.പി.പി പ്രകാശന്‍, സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ.അസീം സി.എം, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ശ്രീ.കമല്‍, സെക്രട്ടറി ശ്രീ.മഹേഷ് പഞ്ചു, ശില്‍പ്പശാലയുടെ അക്കാദമിക് ഡയറക്ടറും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണുമായ ശ്രീമതി ബീനാപോള്‍ എന്നിവര്‍ പങ്കെടുക്കും.

 

ആറു ദിവസം നീണ്ടു നില്‍ക്കുന്ന ചലച്ചിത്ര നിര്‍മ്മാണ ശില്‍പ്പശാലയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ടി.വി ചന്ദ്രന്‍, കമല്‍, സിബി മലയില്‍, മധുപാല്‍, ഡോ.ബിജു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, കലാ സംവിധായകന്‍ സന്തോഷ് രാമന്‍, സംഗീതസംവിധായകന്‍ ജാസി ഗിഫ്റ്റ്, നിരൂപകന്‍ വിജയകൃഷ്ണന്‍, പിന്നണി ഗായിക രശ്മി സതീഷ് തുടങ്ങി പ്രമുഖരായ ചലച്ചിത്രപ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ലോകക്ളാസിക് ചിത്രങ്ങളും വിഖ്യാത ഹ്രസ്വചിത്രങ്ങളും ക്യാമ്പില്‍ പ്രദര്‍ശിപ്പിക്കും. സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച വിദ്യാര്‍ത്ഥികള്‍ ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദര്‍ശിക്കും. ക്യാമ്പിന്റെ ഭാഗമായി മലയാള ചെറുകഥകളുടെ ചലച്ചിത്രാവിഷ്കാരമായ രണ്ടു ഹ്രസ്വചിത്രങ്ങള്‍ നിര്‍മ്മിക്കും.

 

സ്കൂള്‍തല, ജില്ലാതല അഭിരുചി പരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 40 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്.

OTHER SECTIONS