ചെറുകിട സംരംഭ മേഖലയില്‍ 4 വര്‍ഷം 5231 കോടിയുടെ നിക്ഷേപം ; 9 മാസത്തിനിടെ 2550 സംരംഭങ്ങള്‍, കൂടുതല്‍ തൊഴിലവസരങ്ങള്‍

By online desk .13 08 2020

imran-azharതിരുവനന്തപുരം: സംസ്ഥാനത്ത് 2016 - 20 കാലഘട്ടത്തില്‍ സൂക്ഷ്മ ഇടത്തരം ചെറുകിട സംരംഭ മേഖലയില്‍ 5231.05 കോടി രൂപയുടെ മൊത്ത നിക്ഷേപമാണുണ്ടായത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ 'കേരള സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങള്‍ സുഗമമാക്കല്‍ ആക്ട് 2019' ലൂടെ ഈ ഒന്‍പതുമാസത്തിനുള്ളില്‍ 2,550 സംരംഭങ്ങള്‍ക്ക് അംഗീകാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായി. 1,54,341 പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും സാധിച്ചു. അനായാസമായി വ്യാപാരങ്ങള്‍ക്ക് തുടക്കമിടാനാകുന്ന ഈ നിയമം കഴിഞ്ഞ വര്‍ഷം നവംബറില്‍ ആണ് പ്രാബല്യത്തില്‍ വന്നത്.

 

പത്തു കോടി രൂപ വരെ മുതല്‍മുടക്കുള്ള സംരംഭം തുടങ്ങാന്‍ മൂന്നുവര്‍ഷത്തേക്ക് ഒരനുമതിയും വേണ്ട എന്നതാണ് 'കേരള സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങള്‍ സുഗമമാക്കല്‍ ആക്ട് 2019' എന്ന നിയമത്തിലെ വ്യവസ്ഥ. ആദ്യ മൂന്നു വര്‍ഷത്തേക്ക് വിവിധ നിയമങ്ങള്‍ക്ക് കീഴിലുള്ള ലൈസന്‍സുകള്‍, അനുമതികള്‍, പെര്‍മിറ്റ് എന്നിവയില്‍ നിന്ന് ഒഴിവാകും. സ്വയം സാക്ഷ്യപത്രത്തേയാണ് മൂന്നു വര്‍ഷത്തേയ്ക്ക് ആധാരമാക്കുക. അതിന്റെ ഭാഗമായാണ് അനുമതി ലഭിക്കുക. ഇക്കാലയളവില്‍ യാതൊരുവിധ പരിശോധനകളും ഉണ്ടാവില്ല. ഇതിനുശേഷം ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് നേടണം. ചട്ടലംഘനത്തിനും വസ്തുതാവിരുദ്ധമായ വിവരങ്ങള്‍ നല്‍കുന്നതിനും പിഴ ഈടാക്കും. കോവിഡ്മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധചെലുത്തുന്നത് ചെറുകിട-ഇടത്തര-സൂക്ഷ്മ വ്യവസായ മേഖല ശക്തിപ്പെടുത്തുന്നതിനാണ്.

 

 

 

 

OTHER SECTIONS