സുപ്രീം കോടതിയിലെ ഭിന്നത കാര്യമില്ലെന്ന് ബാര്‍ കൗണ്‍സില്‍ പ്രതിനിധി സംഘം

By Shyma Mohan.14 Jan, 2018

imran-azhar


    ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതിയിലുണ്ടായ ജഡ്ജിമാരുടെ ഇടയിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നേരിട്ട പ്രതിസന്ധി മറികടക്കുന്നതിന് ഡല്‍ഹിയില്‍ ഇന്ന് രണ്ട് മുതിര്‍ന്ന ജഡ്ജിമാരായ എസ്.എ ബോബ്ദെയും എല്‍.നാഗേശ്വര്‍ റാവുവും ജസ്റ്റിസ് ജെ.ചെലമേശ്വറുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തി.
    അഭിഭാഷകരുടെ റെഗുലേററ്റി ബോഡിയായ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഏഴംഗ പ്രതിനിധി സംഘം ജസ്റ്റിസ് ചെലമേശ്വറുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെയാണ് ജഡ്ജിമാര്‍ ചെലമേശ്വറെ കണ്ടത്. സുപ്രീം കോടതിയില്‍ ഭരണഘടനാ പ്രതിസന്ധിയൊന്നുമില്ലെന്നും ജഡ്ജിമാരുമായി ബന്ധപ്പെട്ട വിഷയം ആഭ്യന്തരതലത്തില്‍ പരിഹരിക്കുമെന്നും ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ മിശ്ര കൂടിക്കാഴ്ചക്കുശേഷം പറഞ്ഞു.     അടുത്ത രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും മനന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം എല്ലാ ഡല്‍ഹി ബാര്‍ അസോസിയേഷനുകളുടെയും കോഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിലുണ്ടായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.
    സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാരും ചീഫ് ജസ്റ്റിസുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ബാര്‍ കൗണ്‍സില്‍ ഏഴംഗ പ്രതിനിധി സംഘത്തെ രൂപീകരിച്ചിരുന്നു. സുപ്രീം കോടതി ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ബാര്‍ കൗണ്‍സില്‍ നീക്കം നടത്തിയത്.
OTHER SECTIONS