തിരുവനന്തപുരം വിമാനത്താവളം തട്ടിയെടുക്കാന്‍ അദാനിയും ജിന്‍ഡാലും

By Anju N P.18 12 2018

imran-azhar

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള വില്‍പ്പനയ്ക്കുള്ള ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അദാനിയും ജിന്‍ഡാളും രംഗത്ത്. കഴിഞ്ഞ ഞായറാഴ്ചയാണ് ആഗോള ടെന്‍ഡര്‍ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്. 2019 ഫെബ്രുവരി 19ന് മുമ്പ് ഓലൈനായി അപേക്ഷ സമര്‍പ്പിക്കണമെന്നാണ്‌ നിര്‍ദ്ദേശം. ഇതോടെയാണ് അദാനിയും ജിന്‍ഡാളും മത്സരിക്കാന്‍ തയ്യാറായി രംഗത്തെത്തിയിരിക്കുന്നത്. വിമാനത്താവളം നടത്തി പരിചയം വേണ്ടെന്നും അടിസ്ഥാന സൗകര്യം ഒരുക്കിയതുമായി ബന്ധപ്പെട്ട പരിചയം മതിയെന്നുമാണ് ടെന്‍ഡറില്‍ പറഞ്ഞിരിക്കുന്ന യോഗ്യത. ടെന്‍ഡര്‍ പരസ്യം പ്രത്യക്ഷപ്പെട്ട ഉടന്‍ തന്നെ അദാനി ഗ്രൂപ്പ് അധികൃതര്‍ ശംഖുമുഖത്തും പരിസരങ്ങളിലുമെത്തി നാട്ടുകാരില്‍ നിന്ന് അഭിപ്രായം ആരാഞ്ഞു. ടെന്‍ഡര്‍ ലഭിച്ചാല്‍ കാര്യങ്ങള്‍ സുഗമമാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ക്കും അദാനി ഗ്രൂപ്പ് തുടക്കമിട്ടു കഴിഞ്ഞു. പലരും എതിര്‍പ്പറിയിച്ചെങ്കിലും അവര്‍ക്കൊക്കെ വസ്തുവിന്റെ ഇരട്ടി തുക നല്‍കിയാല്‍ സമരത്തില്‍ നിന്ന് പിന്‍മാറുമെന്നാണ് അദാനിയുടെ കണക്കുകൂട്ടല്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കൈവശമുള്ള അദാനിക്ക് വിമാനത്താവളം കൂടി കിട്ടിയാല്‍ സംസ്ഥാനത്തെ രണ്ടു പദ്ധതികള്‍ അവരുടെ നിയന്ത്രണത്തിലാകും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തുറമുഖമാണ് വിഴിഞ്ഞത്ത് നിര്‍മ്മിക്കുന്നത്. അതിന്റെ നിര്‍മാണച്ചുമതല അദാനിക്കാണ്. ഇതാണ് അവര്‍ കേരളത്തിലെ പ്രവര്‍ത്തിപരിചയമായി ചൂണ്ടിക്കാട്ടുന്നത്.

 

ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിന്‍ഡാള്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് അധികൃതര്‍ രണ്ടു ദിവസത്തിനകം തലസ്ഥാനത്തെത്തുമെന്നാണ് വിവരം. തലസ്ഥാനത്ത് എത്തുന്ന കമ്പനി അധികൃതര്‍ ഇവിടത്തെ നിലവിലെ സാഹചര്യങ്ങള്‍ മനസിലാക്കിയ ശേഷമാകും ടെന്‍ഡര്‍ സമര്‍പ്പിക്കുക. കമ്പനിക്ക് ഇന്ത്യയില്‍ നിരവധി ബിസിനസ് ശൃംഖലയാണുള്ളത്. ഏതുവിധേനയും ടെന്‍ഡര്‍ കരസ്ഥമാക്കുകയാണ് അവരുടെയും ലക്ഷ്യം. മോദിയുമായി അടുപ്പമുള്ള ജിന്‍ഡാല്‍ ഗ്രൂപ്പിന് കര്‍ണാടകയിലെ ഹൂബ്‌ളിയില്‍ വിമാനത്താവളമുണ്ട്. കേന്ദ്രത്തിന്റെ ഉഡാന്‍ പദ്ധതിയിലെ ഏക സ്വകാര്യ വിമാനത്താവളമാണിത്. ജിന്‍ഡാല്‍ വിജയനഗര്‍ എയര്‍പോര്‍ട്ട് എന്നാണ് പേര്. ബാംഗ്ലൂര്‍, ഹൈദരാബാദ് എിവിടങ്ങളിലേക്കേ സര്‍വീസുള്ളൂ എങ്കിലും ടൂറിസ്റ്റുകളുടെ പ്രിയകേന്ദ്രമാണിത്. അന്താരാഷട്ര വിമാനത്താവളം കിട്ടിയാല്‍ വിദേശത്ത് ബിസിനസ് സംരംഭങ്ങളേറെയുള്ള ജിന്‍ഡാലിന് മെച്ചമാവും.

 

കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ തള്ളിയാണ് വിമാനത്താവളം വില്‍ക്കാന്‍ കേന്ദ്രം ടെന്‍ഡര്‍ ക്ഷണിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയ 635 ഏക്കര്‍ ഭൂമിയിലാണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന്റെ മുതല്‍മുടക്ക് 1000 കോടിയിലേറെ രൂപയാണ്. നേരത്തെ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കമുണ്ടായപ്പോള്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വ്യോമയാന സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ സ്വകാര്യപങ്കാളിത്തം ഉണ്ടാകുകയാണെങ്കില്‍ കൂടിയാലോചിക്കുമെന്ന ഉറപ്പും നല്‍കിയിരുന്നു. അതും ലംഘിക്കപ്പെട്ടു.

 

ചുരുക്കത്തില്‍ 50 വര്‍ഷത്തേക്ക് സര്‍വസ്വാതന്ത്ര്യം നല്‍കി വിമാനത്താവളവും ഈ ഭൂമിയും സ്വകാര്യ കമ്പനികള്‍ക്ക് പാട്ടത്തിന് പതിച്ചു നല്‍കുകയാണ്. ഓപ്പറേഷന്‍സ്, വികസനം, നടത്തിപ്പ് എിവയില്‍ 100 ശതമാനം സ്വകാര്യപങ്കാളിത്തം അനുവദിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കൈവശമുള്ള അദാനിക്ക് വിമാനത്താവളം കൂടി കിട്ടിയാല്‍ സംസ്ഥാനത്തെ രണ്ടു പദ്ധതികള്‍ അവരുടെ നിയന്ത്രണത്തിലാകും.

 

OTHER SECTIONS