ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; കേരളത്തില്‍ മഴ ശക്തമാകും, എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

By online desk .21 09 2020

imran-azhar

 

 

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടുമെന്ന് മുന്നറിയിപ്പ്. മഴ കനക്കുന്ന പശ്ചാത്തലത്തില്‍ പ്രകൃതി ദുരന്തം നേരിടുന്നതിന് ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘം കേരളത്തിലെത്തി. വയനാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ എന്‍ഡിആര്‍എഫ് സംഘത്തെ വിന്യസിച്ചു. ഇടുക്കി, കോഴിക്കോട് ജില്ലകളിലുള്ള സംഘങ്ങള്‍ക്ക് പുറമെയാണ് മൂന്ന് സംഘം എത്തിയത്.
വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ രാവിലെയാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇത്തവണത്തെ മണ്‍സൂണ്‍ സീണണിലെ 11-ാമത്തെ ന്യൂനമര്‍ദ്ദമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടത്.

 


ന്യൂനമര്‍ദ്ദമുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍,പാലക്കാട്, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടും മറ്റു ജില്ലകളിലെല്ലാം ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

 


അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും. ഇത് അടുത്ത ദിവസത്തിനുള്ളില്‍ കരയിലേയ്ക്ക് കയറുമെന്നാണ് പ്രതീക്ഷ.
ന്യൂനമര്‍ദ്ദത്തിന് പുറമെ ആന്ധ്രാപ്രദേശിന് മുകളില്‍ ഒരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം അടുത്ത മൂന്നുദിവസം കേരളം, കര്‍ണാടക, കൊങ്കണ്‍, ഗോവ മേഖലകളില്‍ വ്യാപക മഴ തുടരും.

 

 

 

OTHER SECTIONS