കെഎസ്ആര്‍ടിസിയിലെ വന്‍ സാമ്പത്തിക ക്രമക്കേടും അഴിമതിയും കൈയോടെ പിടികൂടി ബിജു പ്രഭാകര്‍

By ബി.വി. അരുണ്‍ കുമാര്‍.13 08 2020

imran-azharതിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 400 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടും അഴിമതിയും കണ്ടെത്തി. ചീഫ് അക്കൗണ്ട്‌സ് ഓഫീസറാണ് ക്രമക്കേടും അഴിമതിയും കണ്ടെത്തി മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തത്. ക്രമക്കേട് കാട്ടിയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ശ്രീകുമാറിനെയും(അഡ്മിനിസ്‌ട്രേഷന്‍) പ്രദീപിനെയും(ടെക്‌നിക്കല്‍) പദവികളില്‍ നിന്ന് മാറ്റി നിയമിച്ചു. ഇവരുടെ നേതൃത്വത്തില്‍ നടത്തിയ അഴിമതികള്‍ അന്വേഷിക്കാന്‍ ധനകാര്യ വിഭാഗം മെംബര്‍ ചെയര്‍മാനായ കമ്മിറ്റിയെ നിയമിച്ചു.

 

നടപടിയുടെ ഭാഗമായി പ്രദീപിനെ എടപ്പാള്‍ റീജ്യണല്‍ വര്‍ക്ക്‌ഷോപ്പിലേയ്ക്കും ശ്രീകുമാറിനെ പെന്‍ഷന്‍ വിഭാഗത്തിലെ അക്കൗണ്ട്‌സ് ഓഫീസിലേയ്ക്കുമാണ് മാറ്റി നിയമിച്ചത്. ഇരുവരും ചേര്‍ന്ന് 150 കോടിരൂപയുടെ അഴിമതി നടത്തിയെന്നാണ് പ്രാഥമികവിലയിരുത്തല്‍. കെഎസ്ആര്‍ടിസി എംഡിയായി ചുമതലയേറ്റ ശേഷം കോര്‍പ്പറേഷന്റെ വരവ്, ചെലവ് കണക്കുകള്‍ സംബന്ധിച്ച് വിശദമായ പരിശോധന നടത്തിയപ്പോഴാണ് വന്‍ തുകയുടെ വെട്ടിപ്പ് എംഡി ബിജു പ്രഭാകര്‍ കണ്ടെത്തിയത്. ഇരുവരും ചേര്‍ന്ന് കോര്‍പ്പറേഷന് ഭീമമായ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നും ഇവരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് എംഡി സര്‍ക്കാരിന് കത്ത് നല്‍കിയത്. കെഎസ്ആര്‍ടിസിയിലെ വിജിലന്‍സ് വിഭാഗത്തിന് അന്വേഷണച്ചുമതല നല്‍കരുതെന്നും എംഡിയുടെ കത്തിലുണ്ട്.

 

പുതിയ ബസുകളും സ്‌പെയര്‍പാര്‍ട്‌സുകളും വാങ്ങിയതിലും എസി ബസുകളുടെ അറ്റകുറ്റപ്പണികളിലുമാണ് പ്രദീപ് തട്ടിപ്പ് നടത്തിയത്. ശ്രീകുമാര്‍ കെടിഡിഎഫ്‌സിക്ക് അധിക തുക നല്‍കാനുണ്ടെന്ന് പറഞ്ഞ് ബില്‍ എഴുതി കൊടുത്തു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് 15 കോടി രൂപ കൊടുത്തിട്ടും വീണ്ടും പണം നല്‍കാനുണ്ടെന്ന് പറഞ്ഞ് കെഎസ്ആര്‍ടിസിക്ക് ബില്‍ നല്‍കിയും ഇല്ലാത്ത സാധനങ്ങള്‍ കെഎസ്ആര്‍ടിസിക്കു വേണ്ടി ഇറക്കുമതി ചെയ്തുവെന്നും പറഞ്ഞാണ് പണം തട്ടിയത്. ഇരുവരുടെയും സ്വത്തു വിവരങ്ങള്‍ സംബന്ധിച്ച് വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് എംഡി ബിജു പ്രഭാകര്‍ സര്‍ക്കാരിന് കത്ത് നല്‍കി.


ശ്രീകുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് സെക്രട്ടറി നേരത്തെ കെഎസ്ആര്‍ടിസിക്കും വകുപ്പു മന്ത്രിക്കും കത്ത് നല്‍കിയിരുന്നു. എന്നാല്‍ അന്നൊക്കെ ഉന്നത സ്വാധീനം ഉപയോഗിച്ച് നടപടികളില്‍ നിന്നും ഒഴിവാവുകയായിരുന്നു.

 

ടി.പി. സെന്‍കുമാര്‍ കെഎസ്ആര്‍ടിസി എംഡിയായിരുന്ന സമയത്ത് 2013 മുതല്‍ പ്രദീപിനെ തൃശൂര്‍ സോണല്‍ ഓഫീസറായി നിയമിച്ചിരുന്നു. എന്നാല്‍ സോണല്‍ നഷ്ടമെന്നു പറഞ്ഞ് പിരിച്ചുവിച്ചു. തുടര്‍ന്ന് കെ.ജി. മോഹന്‍ലാല്‍ എംഡിയായ വന്ന സമയത്ത് അദ്ദേഹത്തിന്റെ ഉപദേഷ്ടാവായി ചീഫ് ഓഫീസില്‍ എത്തിയതാണ് പ്രദീപ്. ഈസമയത്താണ് എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ (ടെക്‌നിക്കല്‍) ഒഴിവു വന്നത്. ആ സമയത്തെ സ്വാധീനമുപയോഗിച്ചാണ് പ്രദീപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്തേക്കെത്തുന്നത്.

 

കെഎസ്ആര്‍ടിസിയില്‍ ഒമ്പതു ലക്ഷം രൂപയ്ക്കു താഴെയുള്ള പര്‍ച്ചേസ് നടത്തുന്നത് പ്രത്യേക കമ്മിറ്റിയാണ്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍, മെക്കാനിക്കല്‍ ഉദ്യോഗസ്ഥര്‍, ചീഫ് പര്‍ച്ചേസിംഗ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പര്‍ച്ചേസിംഗ് കമ്മിറ്റി. അതില്‍ പ്രദീപും ഉള്‍പ്പെട്ടിരുന്നു. പ്രദീപിനായിരുന്നു കമ്മിറ്റിയുടെ നേതൃത്വം. ഇദ്ദേഹത്തിന്റെ കാലത്ത് നടത്തിയ എല്ലാ പര്‍ച്ചേസുകളും അന്വേഷിക്കാനാണ് എംഡി ബിജു പ്രഭാകര്‍ ഉത്തരവിട്ടിരിക്കുന്നത്.

 

2015ല്‍ കെഎസ്ആര്‍ടിസി ബസുകളുടെ സീറ്റ് ഫ്രെയിം ചെയ്യുന്നതിനായുള്ള പൈപ്പ് വാങ്ങിയതില്‍ അഴിമതി കണ്ടെത്തിയിരുന്നു. പ്രദീപ് ഉള്‍പ്പെട്ട കമ്മിറ്റിയാണ് പര്‍ച്ചേസ് നടത്തിയത്. അന്ന് ആറുലക്ഷം രൂപയ്ക്കാണ് പൈപ്പ് വാങ്ങിയത്. എന്നാല്‍ അത് കൃത്യമായി ഉപയോഗിക്കാന്‍ പാകപ്പെട്ടവയായിരുന്നില്ല. ഈ പൈപ്പുകള്‍ പിന്നീട് തുരുമ്പെടുത്ത് ഉപയോഗശൂന്യമാവുകയും ചെയ്തിരുന്നു. ഇതു ആക്രിവിലയ്ക്ക് തൂക്കി വില്‍ക്കുകയാണ് ചെയ്തത്. ഇപ്പോള്‍ കോഴിക്കോട് സോണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിട്ടുള്ള രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ആ പൈപ്പുകള്‍ വാങ്ങിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയെങ്കിലും രാജേന്ദ്രന്റെ രണ്ട് ഇന്‍ക്രിമെന്റ് തടഞ്ഞതല്ലാതെ മറ്റു വകുപ്പു നടപടികളൊന്നും ഉണ്ടായില്ല. ഇതിലൂടെ കെഎസ്ആര്‍ടിസിക്ക് നഷ്ടം ആറുലക്ഷം രൂപയായിരുന്നു. ഇന്‍ക്രിമെന്റ് തടഞ്ഞതിലൂടെ രാജേന്ദ്രന് നഷ്ടമായത് വെറും ആറായിരം രൂപയും. ഉദ്യോഗസ്ഥനെതിരെ അന്വേഷണം ഉണ്ടാവുകയോ നഷ്ടമായ തുക തിരിച്ചുപിടിക്കുകയോ ചെയ്തിരുന്നില്ല. ആ സംഭവത്തിനു ശേഷമാണ് ഇപ്പോള്‍ കോര്‍പ്പറേഷനില്‍ മറ്റൊരു നടപടി ഉണ്ടായിരിക്കുന്നത്.

 

 

 

OTHER SECTIONS