കേശവചന്ദ്രോദയം അന്നും ഇന്നും

By ONLINE DESK.23 05 2020

imran-azhar

 

 

തിരു-കൊച്ചി മുഖ്യമന്ത്രിയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന സി.കേശവന്റെ 130-ാം ജന്മദിനമാണ് ഇന്ന്. കളങ്കമില്ലാത്ത രാഷ്ട്രീയജീവിതത്തിന്റെ അപൂര്‍വമാതൃകകളിലൊന്നായ സി. കേശവന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ജീവിതവും ദര്‍ശനങ്ങളും ഓര്‍മിക്കുകയാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

കേശവചന്ദ്രോദയം അന്നും ഇന്നും

അവശ പിന്നാക്ക ജനവിഭാഗങ്ങളുടെ ആത്മാഭിമാനത്തെ തൊട്ടുണര്‍ത്തിയ വീരേതിഹാസമാണ് സി.കേശവന്റെ ജീവിതം.അധ:സ്ഥിതനെ അധികാരത്തിന്റെ ഏഴയലത്തുപോലും അടുപ്പിക്കാതിരുന്ന സാമൂഹ്യവ്യവസ്ഥിതികളോട് അനുസ്യൂതം പോരാടി തിരുകൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദംവരെ അലങ്കരിച്ച സി.കേശവന്റെ ജീവിതം കേരളനവോത്ഥാനചരിത്രത്തിലെ സുവര്‍ണ അദ്ധ്യായമാണ്.
ശ്രീനാരായണഗുരുവിനോടുള്ള കറകളഞ്ഞഭക്തിയും ഗുരുദേവാദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച ജീവിതവുമായിരുന്നു അദ്ദേഹത്തിന്റെ വിജയമന്ത്രം.1891 മേയ് 23 ന് കൊല്ലം ജില്ലയിലെ മയ്യനാട് തട്ടാന്റെകിഴക്കേതില്‍ കുഞ്ചേന്‍ ചക്കി ദമ്പതികളുടെ മകനായാണ് കേശവന്‍ ജനിച്ചത്.സാമ്പത്തികമായി ഏറെ പരിമിതികളുള്ള കുടുംബത്തിലാണ് തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഇതിഹാസതുല്യനായ സിംഹപരാക്രമി പിറവിയെടുത്തത്.അനീതിക്കും അസമത്വത്തിനും എതിരെ തുറന്നുപിടിച്ച കണ്ണുംകാതുമാണ് ജനിച്ചുവളര്‍ന്ന സമുദായത്തിന്റെ ദു:ഖഭാരം ചുമലിലേറ്റാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയത്.1930 കളുടെ അവസാനം മുതല്‍ തിരുവിതാംകൂറിലെയും പിന്നീട് ഐക്യകേരളത്തിലേയും ലക്ഷക്കണക്കിന് അധസ്ഥിതപിന്നാക്ക സമുദായങ്ങള്‍ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്വാതന്ത്ര്യം ആ മഹാത്മാവിന്റെ നിര്‍വിഘ്‌നപോരാട്ടഫലമാണ്.
പീഡിതരും മര്‍ദ്ദിതരുമായ ജനങ്ങളുടെയും നീഗ്രോകളുടെയും നേതാവായിരുന്ന ബുക്കര്‍ ടി.വാഷിംഗ്ടന്‍ ആയിരുന്നു സി.കേശവന്റെ മാതൃകാപുരുഷന്‍.സ്ഥിരോത്സാഹം,സത്യനിഷ്ഠ,ജാത്യാഭിമാനം,നിസ്വാര്‍ത്ഥത എന്നിവയുടെ വിളനിലമായ അടിമനേതാവിന്റെ സവിശേഷതകള്‍ മനസില്‍ പ്രതിഷ്ഠിച്ച് ഉന്നതവിദ്യാഭ്യാസത്തിന്റെ പടവുകള്‍ താണ്ടിയ കേശവന്‍ 1925ല്‍ നിയമബിരുദം പൂര്‍ത്തിയാക്കി കൊല്ലത്ത് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.1929-30 കാലഘട്ടത്തില്‍ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യയൊട്ടാകെ സിവില്‍ ആജ്ഞാലംഘനസമരം കൊടുമ്പിരികൊള്ളുന്നവേളയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മദ്യവര്‍ജ്ജന പ്രക്ഷോഭത്തിലൂടെയാണ് സി.കേശവന്‍ പ്രത്യക്ഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.


സമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെട്ട് ഒരുതികഞ്ഞ ദേശീയവാദിയായി അറിയപ്പെട്ട സി.കേശവന്‍ പെട്ടെന്ന് സമുദായവാദിയായി മാറുന്ന കാഴ്ചയാണ് പിന്നീട് തിരുവിതാംകൂര്‍ കണ്ടത്.അതുപക്ഷേ സ്ഥായിയായ സ്വഭാവമാറ്റമായിരുന്നില്ല.അദ്ദേഹത്തെ അതിന് നിര്‍ബന്ധിതമാക്കിയതാണ്.രാജവാഴ്ചയുടെ തണലില്‍ അര്‍ഹമായതിലും അധികം ആനുകൂല്യങ്ങള്‍ കരസ്ഥമാക്കിയ സവര്‍ണസമുദായങ്ങള്‍ കാലാകാലങ്ങളിലുണ്ടാകുന്ന ഭരണപരിഷ്‌കാരങ്ങളിലൂടെ കൂടുതല്‍ അവസരങ്ങള്‍ കൈക്കലാക്കുകയും താന്‍ ജനിച്ചുവളര്‍ന്നതുള്‍പ്പെടെയുള്ള പിന്നാക്ക സമുദായങ്ങള്‍ അധികാരസ്ഥാനങ്ങളില്‍ നിന്ന് ആട്ടിയകറ്റപ്പെടുകയും ചെയ്യുന്നതുകണ്ടുനില്‍ക്കാനാവാതെയാണ് കേശവനിലെ ദേശിയവാദി കുറഞ്ഞൊരുകാലത്തേക്കെങ്കിലും സമുദായവാദിയായി പരിണമിച്ചത്.1932ല്‍ ഉദ്യോഗനിയമനം,ജനപ്രതിനിധിസഭ പ്രാതിനിത്യം എന്നിവയില്‍ നീതിനിഷേധിക്കപ്പെട്ട തുല്യദുഖിതരായ ക്രിസ്ത്യന്‍ ഈഴവ മുസ്ലീം സമുദായങ്ങള്‍ ചേര്‍ന്ന് സംയുക്ത രാഷ്ട്രീയ സമിതി രൂപീകരിക്കുകയും അതിന്റെ നേതൃത്വത്തിലേക്ക് സി.കേശവനെ അവരോധിക്കുകയും ചെയ്തതോടെ തിരുവിതാംകൂറിന്റെ രാഷ്ട്രീയരംഗം പ്രക്ഷുബ്ദമായി.1933 ജനുവരി 25ന് തിരുവിതാംകൂര്‍ സംയുക്തരാഷ്ട്രീയസമിതി സര്‍ക്കാരിനെതിരെ നിവര്‍ത്തനപ്രക്ഷോഭം ആരംഭിച്ചു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരണമായിരുന്നു ആദ്യസമരമുറ.ഇതിന്റെ പ്രഖ്യാപനവുമായി തിരുവിതാംകൂറിനെ ഇളക്കിമറിച്ച സി.കേശവന്റെ പ്രസംഗങ്ങളും പ്രവര്‍ത്തനവും ഭരണാധികാരികളുടെ സ്വസ്ഥതനശിപ്പിച്ചു.1934ല്‍ പബ്ലിക് സര്‍വീസ് കമ്മീഷനെ നിയമിച്ചും,1935 ല്‍ സായുധസേനയിലെ നായര്‍വിഭാഗത്തിന്റെ കുത്തക അവസാനിപ്പിച്ചുകൊണ്ടും സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റംവരുത്തി.1935 മേയ് 13ന് കോഴഞ്ചേരിയില്‍ സി.കേശവന്‍ നടത്തിയ പ്രസംഗം നിവര്‍ത്തനപ്രക്ഷോഭത്തിന്റെ വിജയം മാത്രമല്ല,തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ പുതിയ അദ്ധ്യായത്തിന് തുടക്കം കുറിക്കുകയും ചെയ്തു.ഒരു ഉദ്യോഗസ്ഥന്‍ എന്നതിനപ്പുറം രാജകുടുംബത്തില്‍ സര്‍.സി.പി ചെലുത്തുന്ന ദുസ്വാധീനത്തെക്കുറിച്ചും കേശവന്‍ തുറന്നടിച്ചു.അതിന്റെപേരില്‍ രണ്ടുവര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നെങ്കിലും 1936 ആഗസ്റ്റ് 16ന് തിരുവിതാംകൂറിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പുതിയ ഭരണപരിഷ്‌കാരം നിലവില്‍വന്നു.തൊട്ടടുത്തവര്‍ഷം നടത്തിയ തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗം മത്സരിപ്പിച്ച 10 സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ സംയുക്തരാഷ്ട്രീയസഭ നിറുത്തിയ മുഴുവന്‍ ആളുകളും വിജയിച്ച് ജനപ്രതിനിധിസഭയില്‍ അംഗങ്ങളായി.1937 ല്‍ രാഷ്ട്രീയതടവുകാര്‍ക്കുള്ള പൊതുമാപ്പ് ആനുകൂല്യം നല്‍കി സി.കേശവനെ ജയില്‍ മോചിതനാക്കി.എസ്.എന്‍.ഡി.പി യോഗം കേവലമൊരു ഭജനസമിതിയല്ലെന്നും അത്യാവശ്യഘട്ടങ്ങളില്‍ സടകുടഞ്ഞുണരുന്ന സിംഹക്കുട്ടികളുടെ രാഷ്ട്രീയവേദിയാണെന്നും സി.കേശവന്‍ തെളിയിച്ചു.

മകനെ ജയിലിലടച്ച നീതിബോധം

ജയില്‍ മോചിതനായ ശേഷം 1937 ഒക്ടോബര്‍ 3(1112 കന്നി 17)ആലപ്പുഴ കിടങ്ങാംപറമ്പ് മൈതാനിയില്‍ നടന്ന സ്വീകരണസമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്ന മലയാളമനോരമ പത്രാധിപര്‍ കെ.സി.മാമ്മന്‍ മാപ്പിള സി.കേശവനെ 'കിരീടം വയ്ക്കാത്ത രാജാവ് എന്ന് വിശേഷിപ്പിക്കുകയും സ്വീകരണപരിപാടിയെക്കുറിച്ച് 'കേശവചന്ദ്രോദയം ദര്‍ശിച്ച ആലപ്പുഴ സമ്മേളനം' എന്ന് സ്വന്തംപത്രത്തില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.ടി.എം.വര്‍ഗീസായിരുന്നു ചടങ്ങില്‍ സ്വാഗതം പറഞ്ഞത്.ഇതേത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരണത്തിനും ഉത്തരവാദഭരണപ്രക്ഷോഭണത്തിനും തുടക്കമായത്.പട്ടം താണുപിള്ള, സി.കേശവന്‍, ടി.എം.വര്‍ഗീസ് എന്നീ ത്രിമൂര്‍ത്തികളായുരുന്നു സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കള്‍.

1947 ആഗസ്റ്റ് 19ന് സര്‍.സി.പി ദിവാന്‍പദവി രാജിവച്ചു.അതോടെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ തിരുവിതാംകൂറില്‍ ജനാഭിലാഷം സാധ്യമാക്കിക്കൊണ്ട് 1948 മാര്‍ച്ച് 24ന് പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ സി.കേശവന്‍,ടി.എം.വര്‍ഗീസ് എന്നിവരടങ്ങുന്ന മൂന്നംഗ മന്ത്രിസഭ അധികാരമേറ്റു.ഏഴുമാസക്കാലം മാത്രമായിരുന്നു ഈ മന്ത്രിസഭയുടെ ആയുസ്.തുടര്‍ന്ന് 1951 സെപ്തംബര്‍ 6ന് സി.കേശവന്‍ തിരുകൊച്ചിയുടേയും മുഖ്യമന്ത്രിയായി.ആറുമാസം മാത്രമായിരുന്നു മന്ത്രിസഭയുടെ കാലാവധിയെങ്കിലും കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന കടുത്തശത്രുക്കളെപ്പോലും നിരാശരാക്കി, വിമര്‍ശനത്തിനോ അഴിമതി ആരോപണത്തിനോ അവസരം നല്‍കാതെയാണ് സര്‍ക്കാര്‍ അധികാരം നടപ്പിലാക്കിയത്.
ശ്രീനാരായണഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠാപരിപാടിതൊട്ട് കേരളത്തില്‍ നടന്നുവന്ന സാമൂഹ്യനവോത്ഥാനത്തിന്റെ രാഷ്ട്രീയവിജയംകൂടിയായിരുന്നു സി.കേശവന്റെ പോരാട്ടചരിത്രം.പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ കുടുംബകാരണവര്‍ കൂടിയായ സി.വി കുഞ്ഞുരാമനോടുപോലും എതിരിടേണ്ടിവന്ന സന്ദര്‍ഭവും മുഖ്യമന്ത്രിയായിരിക്കെ രാജ്യതാത്പര്യത്തിന്റെപേരില്‍ രണ്ടുതവണ സ്വന്തം മകനെ (കെ.ബാലകൃഷ്ണന്‍) അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ ഉത്തരവിടുകയും ചെയ്ത വേറിട്ടനേതാവുമാണ് അദ്ദേഹം.നിയമം നിയമത്തിന്റെവഴിയെപോകുമെന്ന് പൊതുവേദിയില്‍ പറയുകയും മക്കളുടെ കാര്യംവരുമ്പോള്‍ നിയമത്തിന്റെ വഴിമുടക്കുകയും ചെയ്യുന്ന രാഷ്ട്രീയഭരണ നേതാക്കളെയാണ് ഇക്കാലത്ത് മലയാളിക്ക് സുപരിചിതം.അവിടെയാണ് രാഷ്ട്രീയസമരത്തിന്റെ പേരില്‍ സ്വന്തംമകനെ അറസ്റ്റുചെയ്ത് സാധാരണക്കാരനെപ്പോലെ മൂന്നാംക്ലാസ് ജയിലില്‍ പാര്‍പ്പിച്ച് മാതൃകകാട്ടിയത്.പിന്നീട് തന്റെ ആത്മകഥയ്ക്ക് അതേ മകനെക്കൊണ്ടുതന്നെ അവതാരിക എഴുതിച്ചതും മലയാളസാഹിത്യചരിത്രത്തിലെ അത്യപൂര്‍വ സംഭവമായിരുന്നു.മാതുലനും എസ്.എന്‍.ഡി.പി യോഗം സ്ഥാപകനേതാക്കളില്‍ പ്രമുഖനും കേരളകൗമുദി സ്ഥാപകനുമായ സി.വി.കുഞ്ഞുരാമന്റെ മകള്‍ വാസന്തിയെയാണ് സി.കേശവന്‍ വിവാഹം കഴിച്ചത്.രവീന്ദ്രനാഥന്‍, കൗമുദിവാരികയുടെ മുന്‍ പത്രാധിപര്‍ കെ.ബാലകൃഷ്ണന്‍,ഭദ്രന്‍,ഇന്ദിരക്കുട്ടി,ഐഷ എന്നിവരാണ് മക്കള്‍.1969 ജൂലായ് 7ന് 78ാമത്തെ വയസില്‍ ആ മഹാത്മാവ് അന്ത്യനിദ്ര പ്രാപിച്ചു.


രാജഭരണം കഴിഞ്ഞു,ജനാധിപത്യം പുലര്‍ന്നു. ഐക്യകേരളവും പ്രായപൂര്‍ത്തിവോട്ടവകാശവും,വിദ്യാഭ്യാസ ഉദ്യോഗ സംവരണങ്ങളുമെല്ലാം നടപ്പിലായി.എന്നാല്‍ ജനാധിപത്യഭരണം പുലര്‍ന്ന് ഒരുനൂറ്റാണ്ട് പൂര്‍ത്തിയാകുംമുമ്പേ അധ:കൃത ജനലക്ഷങ്ങളെ പിന്നോട്ടടിക്കുന്ന പ്രവണതയാണ് കാണുന്നത്.ജീവന്‍കൊടുത്ത് പോരാടിനേടിയ സാമൂഹ്യനീതിയും അവസരസമത്വവും എങ്ങനെ ഇല്ലായ്മചെയ്യാമെന്ന കാര്യത്തിലാണ് മതേതരഗവേഷകര്‍ എത്തിനില്‍ക്കുന്നത്. ഒരുവശത്ത് വോട്ട് ബാങ്ക് രാഷ്ട്രീയവും ന്യൂനപക്ഷപ്രീണനവും മറുവശത്ത് ഭൂരിപക്ഷസമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയ അടവുനയങ്ങളുമാണ് കേരളത്തില്‍ നടമാടുന്നത്. ജനസംഖ്യാനുപാതികമായി വിഭവങ്ങള്‍ പങ്കുവയ്ക്കപ്പെടുമ്പോഴല്ലാതെ സാമൂഹ്യനീതി നടപ്പിലായെന്ന് അവകാശപ്പെടാനാവില്ല.അതുകൊണ്ടുതന്നെ സി.കേശവന്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ കേരളത്തില്‍ ഇന്നും പ്രസക്തമാണെന്നതാണ് അദ്ദേഹത്തിന്റെ ദീപ്തസ്മരണകള്‍ ഉദ്ബോധിപ്പിക്കുന്നത്

 

OTHER SECTIONS