ചതി, വ്യാജരേഖ ചമയ്ക്കല്‍: ഓരോ മണിക്കൂറും ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ടത് 1.6 കോടി രൂപ

By Shyma Mohan.14 Mar, 2018

imran-azhar


    ന്യൂഡല്‍ഹി: ചതി, വ്യാജരേഖ കെട്ടിച്ചമയ്ക്കല്‍ എന്നിവയിലൂടെ ഓരോ മണിക്കൂറും 1.6 കോടി രൂപ ഇന്ത്യയിലെ ബാങ്കുകള്‍ക്ക് നഷ്ടം. ബാങ്കുകള്‍ക്ക് നഷ്ടപ്പെടുന്ന മൊത്തം തുകയുടെ 60 ശതമാനത്തിലധികം ചതിയിലൂടെയും വ്യാജരേഖയിലൂടെയുമാണ് സംഭവിക്കുന്നത്. 2014-15, 2015-16, 2016-17 എന്നീ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി ഇന്ത്യന്‍ ബാങ്കുകള്‍ക്ക് 42276 കോടി രൂപയാണ് ചതി, വ്യാജരേഖ കെട്ടിച്ചമയ്ക്കല്‍ എന്നിവയിലൂടെ നഷ്ടപ്പെട്ടത്.
    ആര്‍ബിഐയുടെ കണക്കനുസരിച്ച് എട്ട് വിഭാഗം തട്ടിപ്പുകളില്‍ ഒന്ന് മാത്രമാണ് ചതിയും വ്യാജരേഖ ചമയ്ക്കലും. ചതിക്കും വ്യാജരേഖ ചമയ്ക്കലിലൂടെയും പണം നഷ്ടപ്പെട്ടത് ഏറ്റവുമധികം പൊതുമേഖലാ ബാങ്കുകള്‍ക്കാണ്. വേണ്ട രീതിയിലുള്ള പരിശീലനത്തിന്റെയും സുരക്ഷാ സംവിധാനത്തിന്റെയും അഭാവമാണ് പൊതുമേഖലാ ബാങ്കുകള്‍ കൂടുതല്‍ തട്ടിപ്പിനിരയാകാന്‍ കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
    വ്യാജരേഖകള്‍ കെട്ടിച്ചമച്ച് വായ്പയെടുക്കലും വ്യാജ ക്ലെയിമുകള്‍ ഉയര്‍ത്തി ബാങ്കുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതുമാണ് പ്രധാനമായും പൊതുമേഖലാ ബാങ്കുകളുടെ പണനഷ്ടത്തിന് കാരണം. ചതിയിലൂടെയും വ്യാജരേഖ ചമയ്ക്കലിലൂടെയും ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ട 42276 കോടിയില്‍ 37583 കോടിയും(89 ശതമാനം) നഷ്ടപ്പെട്ടത് പൊതുമേഖല ബാങ്കുകള്‍ക്കാണ്. സ്വകാര്യ ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ടതാകട്ടെ 4683 കോടി. ഏറ്റവുമധികം നഷ്ടം വന്നത് പൊതുമേഖലാ ബാങ്കായ എസ്.ബി.ഐക്കാണ് 5743 കോടി.
    കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം ചതിയിലൂടെയും വ്യാജരേഖ ചമയ്ക്കലിലൂടെയും ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ട തുകയില്‍ 60 ശതമാനം കേസുകളും ഒരുലക്ഷത്തിലധികം രൂപ ഇടപാടുകളിലൂടെ ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ട കേസുകളാണ്. ഒരു ലക്ഷത്തില്‍ താഴെ ഇടപാടുകളിലൂടെ നഷ്ടം വന്ന കേസുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ബാങ്കുകള്‍ക്കുണ്ടായിരിക്കുന്ന നഷ്ടം നൂറ് കോടിയിലധികം ഉയരും.