മെഗാ ക്രൈസ്തവ ദേവാലയം ഗോള്‍ഡന്‍ ലാംപ്സ്റ്റാന്റ് തകര്‍ത്ത് ചൈന

By Shyma Mohan.13 Jan, 2018

imran-azhar


    ബീജിംഗ്: ചൈനയില്‍ ക്രൈസ്തവര്‍ക്കെതിരെ താലിബാന്‍ സ്‌റ്റൈല്‍ പീഡനം നടക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് ശക്തി പകരുന്ന നടപടിയുമായി വടക്കന്‍ ചൈനയില്‍ ചൈനീസ് അധികൃതര്‍ ക്രൈസ്തവരുടെ മെഗാചര്‍ച്ച് തകര്‍ത്തു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ നീക്കം നടത്തുന്ന സംഘടിത മുന്നേറ്റങ്ങള്‍ക്കെതിരെ കൈക്കൊള്ളുന്ന നടപടിയുടെ ഭാഗമായിട്ടാണ് ഷ്വാന്‍സി പ്രവിശ്യയിലെ ലിന്‍ഫനില്‍ സ്ഥിതി ചെയ്യുന്ന ഗോള്‍ഡന്‍ ലാംപ്സ്റ്റാന്റ് പള്ളി ഇടിച്ചുതകര്‍ത്തത്.
    അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ കഴിഞ്ഞ ചൊവ്വാഴ്ച തുടങ്ങിയ നടപടികളുടെ ഭാഗമായിട്ടാണ് പള്ളി തകര്‍ത്തിരിക്കുന്നത്. വെയര്‍ഹൗസ് നിര്‍മ്മാണമെന്ന വ്യാജേന പ്രാദേശിക ക്രൈസ്തവ അസോസിയേഷന്‍ രഹസ്യമായി പള്ളി പണിയുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ ആരോപിച്ചു. 2009ല്‍ പള്ളിയുടെ പണി പൂര്‍ത്തീകരിക്കുന്നതിനിടയില്‍ നിര്‍മ്മാണം തടഞ്ഞുകൊണ്ട് അധികൃതര്‍ നീക്കം നടത്തിയിരുന്നു. തുടര്‍ന്ന് നിരവധി ക്രൈസ്തവരെ അധികൃതര്‍ ജയിലില്‍ അടയ്ക്കുകയുണ്ടായി.
    ഫെബ്രുവരി 1 മുതല്‍ മതത്തിനും മതസംഘടനകള്‍ക്കുമെതിരെ കടുത്ത നടപടികള്‍ കൈക്കൊണ്ട് അവയെ ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവരാനിരിക്കെയാണ് പള്ളി തകര്‍ക്കപ്പെട്ടിരിക്കുന്നത്. 5.7 ദശലക്ഷം കാത്തോലിക്കരും 23 ദശലക്ഷം പ്രൊട്ടസ്റ്റന്റുകളുമാണ് 2014 വരെ ചൈനയില്‍ ഉള്ളതായാണ് ഔദ്യോഗിക കണക്ക്.

OTHER SECTIONS