പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാന്‍ മാവോയുടെ സ്വകാര്യ വില്ലയൊരുക്കി ചൈന

By Shyma Mohan.26 Apr, 2018

imran-azhar


    ബീജിംഗ്: പ്രസിഡന്റ് ഷി ജിന്‍പിംഗിനൊപ്പം രണ്ടുദിവസത്തെ അനൗപചാരിക ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ചൈനയുടെ വുഹാന്‍ നഗരത്തില്‍ വന്‍ സുരക്ഷാ സന്നാഹം. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ വന്‍ പോലീസ് സന്നാഹമാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ പ്രസിഡന്റ് ഷി ജിന്‍പിംഗ് മോദിയെ ചെയര്‍മാന്‍ മാവോ സേതൂംഗിന്റെ സ്വകാര്യ വില്ലയില്‍ സ്വീകരിക്കും. ഇരുനേതാക്കളുടെയും ആദ്യ യോഗം നടക്കുന്ന സ്വകാര്യ വില്ലയിലും പരിസര പ്രദേശത്തും ടൂറിസ്റ്റുകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ബീജിംഗില്‍ നിന്നും ഏതാനും ആഴ്ചകളും ദിവസങ്ങളും ചെലവഴിക്കാന്‍ മാവോ എത്തിയിരുന്ന വില്ല 1993ലാണ് പൊതുജനങ്ങള്‍ക്കായി പ്രവേശനം അനുവദിച്ചത്. വുഹാനിലെ ഈസ്റ്റ് ലേക്കിന്റെ തീരത്താണ് വില്ല നിര്‍മ്മിച്ചിരിക്കുന്നത്. തടാകത്തിലൂടെ മോദിക്കായി ഷി ജിന്‍പിംഗ് ബോട്ട് സവാരിയും ഒരുക്കിയിട്ടുണ്ട്. മധ്യ ചൈനയിലെ ഏറ്റവും വലിയ നഗരം എന്നറിയപ്പെടുന്ന വുഹാന്‍ രാജ്യത്തെ ഏറ്റവും സന്തുഷ്ടരായി ജനങ്ങള്‍ വസിക്കുന്ന നഗരമെന്ന് ഈയടുത്തിടെ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടു ദിവസത്തെ അനൗപചാരിക കൂടിക്കാഴ്ചക്കെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യ - ചൈന ബന്ധങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് പകരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
 

OTHER SECTIONS