ഹോങ്കോങ്ങിന് മേല്‍ ചൈനയുടെ പിടി

By പ്രത്യേക ലേഖകന്‍.14 08 2020

imran-azhar

കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ജനാധിപത്യ പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഹോങ്കോങ്ങിനുമേല്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ നേരത്തെ തന്നെ ചൈന ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസമുണ്ടായ മാദ്ധ്യമ ഭീമന്‍ ജിമ്മി ലായിയുടെ അറസ്റ്റ്. ഹോങ്കോങ്ങിലെ ചൈനീസ് ഇടപെടലുകളെ വര്‍ഷങ്ങളായി വിമര്‍ശിച്ചു കൊണ്ടിരുന്ന 'ആപ്പിള്‍ ഡെയ്‌ലി' എന്ന ഹോങ്കോങ് പത്രത്തിന്റെ ഉടമയാണ് ജിമ്മിലായി.

 

ലോകത്തെ പ്രധാനപ്പെട്ട സാമ്പത്തിക, വ്യാപാര പ്രദേശങ്ങളിലൊന്നായ ഹോങ്കോങ്ങില്‍ ചൈനയുടെ പിടിമുറുകിത്തുടങ്ങി എന്നതിന്റെ വ്യക്തമായ സൂചനകള്‍ പുറത്തുവന്ന് കൊണ്ടിരിക്കുകയാണ്. അതിന്റെ ആദ്യ ലക്ഷണമാണ് കഴിഞ്ഞ ദിവസമുണ്ടായ മാദ്ധ്യമ ഭീമന്‍ ജിമ്മി ലായിയുടെ അറസ്റ്റ്. പുതിയ സെക്യൂരിറ്റി നിയമ പ്രകാരമാണ് ഇദ്ദേഹത്തെ ചൈന അറസ്റ്റ് ചെയ്തിട്ടുളളത്. ഹോങ്കോങ്ങിലെ ചൈനീസ് ഇടപെടലുകളെ വര്‍ഷങ്ങളായി വിമര്‍ശിച്ചു കൊണ്ടിരുന്ന 'ആപ്പിള്‍ ഡെയ്‌ലി' എന്ന ഹോങ്കോങ് പത്രത്തിന്റെ ഉടമയാണ് ജിമ്മി ലായി. ജിമ്മിയുടെയും മകന്റെയും അദ്ദേഹം സ്ഥാപിച്ച നെക്സ്റ്റ് ഗ്രൂപ്പ് എന്ന മാദ്ധ്യമ സ്ഥാപനത്തിന്റെ മറ്റംഗങ്ങളുടെയും വീടുകളില്‍ അപ്രതീക്ഷിതമായി റെയ്ഡ് നടത്തിയാണ് അറസ്റ്റുകള്‍ ഉണ്ടായിരിക്കുന്നത്. ഇരുനൂറിലധികം സായുധരായ പൊലീസുകാരാണ് ആപ്പിള്‍ ഡെയ്‌ലിയുടെ ആസ്ഥാനം റെയ്ഡ് ചെയ്യാന്‍ എത്തിച്ചേര്‍ന്നത്.

 

വൈദേശിക ശക്തികളുമായി ഗൂഢാലോചന നടത്തി ഭരണകൂടത്തിനെതിരെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നതാണ് ലായിക്ക് മേല്‍ ചൈന ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഹോങ്കോങ്ങില്‍ കഴിഞ്ഞ വര്‍ഷം നടന്ന ജനാധിപത്യ സമരങ്ങള്‍ക്ക് പിന്തുണ നല്‍കിയ ഒരാള്‍ കൂടിയായിരുന്നു ജിമ്മി ലായി. യുകെ പൗരത്വം കൂടി ഉണ്ടായിരുന്നിട്ടും, ചൈനയില്‍ നിന്ന് പ്രതികാര നടപടികള്‍ ഉണ്ടാകും എന്നുറപ്പായിട്ടും രാജ്യം വിട്ട് ഒളിച്ചോടാന്‍ എഴുപത്തൊന്നുകാരനായ ലായി തയ്യാറായിരുന്നില്ല. ഇപ്പോള്‍, ജിമ്മി ലായിയെപ്പോലെ ഒരു വ്യക്തിത്വത്തെ യാതൊരു വിധ പരിഗണനയും കൂടാതെ പൊതുജനമധ്യത്തിലൂടെ കൈവിലങ്ങണിയിച്ച് നടത്തിക്കൊണ്ടു പോയതും, രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതും ഒക്കെ ചൈന ഹോങ്കോങ്ങില്‍ തങ്ങളുടെ അധികാരം ഉറപ്പിക്കുന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി വളരെ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഹോങ്കോങ്ങിനുമേല്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ നേരത്തെ തന്നെ ചൈന ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ച എന്നവണ്ണമാണ് ചൈനയുടെ വറുതിക്ക് ഹോങ്കോങ്ങിനെ കൊണ്ടുവരുന്ന വിവാദമായ നിയമം ഷി ഭരണകൂടം തിരക്കിട്ട് നടപ്പാക്കിയത്.

 

ഹോങ്കോങ്ങില്‍ നിലവില്‍ നടന്നുവരുന്ന, 'ജനാധിപത്യം നിലനിര്‍ത്തണം' എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങളെ, ചൈന 'ഭീകരവാദം','വിധ്വംസനം', 'വിദേശ ഇടപെടല്‍' എന്നൊക്കെയാണ് വിശേഷിപ്പിച്ചു പോന്നിട്ടുള്ളത്. ഈ ബില്ലിന്റെ കരട് രേഖ ഇതുവരെ പൊതുമണ്ഡലത്തില്‍ ലഭ്യമാക്കിയിട്ടില്ല. ഏറെ രഹസ്യമായിട്ടാണ് ചര്‍ച്ചകളും നടത്തപ്പെട്ടത്. ഈ നിയമത്തിന്റെ സഹായത്തോടെ വിമതസ്വരങ്ങളെ പാടെ അടിച്ചമര്‍ത്തി ഹോങ്കോങ്ങിനെ 1997 ലെ അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുവരും എന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പറയുന്നത്. ഹോങ്കോങ്ങിലെ ജനങ്ങളുടെ മുന്നില്‍ ചര്‍ച്ചക്ക് പോലും വെക്കാതെയാണ് അവരുടെ സൈ്വരജീവിതത്തെ ബാധിക്കുന്ന ഒരു ബില്‍ ചൈന പാസ്സാക്കിയത് എന്നതുതന്നെ ചൈനയുടെ അധിനിവേശ സ്വഭാവം കൂടുതല്‍ പുറത്തുകൊണ്ടുവരുന്നതാണ്.

 

ഹോങ്കോങ്ങില്‍ ഇനി എല്ലാം തീരുമാനിക്കുന്നത് ചൈന നേരിട്ടായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ നീക്കങ്ങളെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കുറ്റകൃത്യങ്ങളുടെ പേരില്‍ ഹോങ്കോങ്ങ് പൗര•ാരെ മെയിന്‍ലാന്‍ഡ് ചൈനയിലേക്ക് നാടുകടത്തുന്ന ബില്ലിന്റെ പേരില്‍ ഒരു വര്‍ഷം മുമ്പാണ് ഹോങ്കോങ്ങിലെ ജനങ്ങള്‍ ആദ്യമായി പ്രതിഷേധവുമായി തെരുവിലേക്കിറങ്ങുന്നത്. ചൈനയുടെ നിയന്ത്രണത്തില്‍ വരിക എന്നുവെച്ചാല്‍ ഹോങ്കോങ്ങില്‍ ജനാധിപത്യയുഗം അവസാനിക്കുക എന്നാണ് അര്‍ത്ഥമെന്നും അതിനേക്കാള്‍ ഭേദം തങ്ങള്‍ മരിക്കുന്നതാണ് എന്നും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു ഹോങ്കോങ്ങിലെ ആബാലവൃദ്ധം ജനങ്ങളും ചൈനയ്‌ക്കെതിരെ തെരുവിലേക്കിറങ്ങിയത്. അതിനെ അടിച്ചമര്‍ത്താന്‍ ചൈന തങ്ങളുടെ ആവനാഴിയിലെ സകല ആയുധങ്ങളും എടുത്തു പ്രയോഗിക്കുന്നതും ലോകം കഴിഞ്ഞ ഒരു വര്‍ഷമായി കാണുന്നുണ്ട്.

 

1842 മുതല്‍ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് 1997 ജൂലായ് 1 -നാണ് ചൈനയ്ക്ക് തിരികെ കിട്ടിയത്. ഹോങ്കോങ്ങ് ബേസിക് നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക ഭരണമേഖലയായിട്ടാണ് ഈ പ്രദേശം നിലനില്‍ക്കുന്നത്. ചൈനയും ബ്രിട്ടനും സംയുക്തമായി നടപ്പാക്കിയ പ്രഖ്യാപനമനുസരിച്ച് 2047 വരെ ഹോങ്കോങ്ങിന് സ്വയം ഭരണാവകാശം ഉണ്ടാകും എന്ന പരസ്പര ധാരണയാണ് ചൈനയുടെ പുതിയ നിയമത്തോടെ തെറ്റുന്നത്. ഒറ്റരാജ്യം - രണ്ട് വ്യവസ്ഥ സമ്പ്രദായമനുസരിച്ച് ഹോങ്കോങ് സ്വന്തം നിയമവ്യവസ്ഥ, നാണയം, കസ്റ്റംസ് നയം, സാംസ്‌കാരിക സംഘം, കായികസംഘം, കുടിയേറ്റ നിയമം എന്നിവ നിലനിര്‍ത്തിപ്പോരുന്നതിനിടെയാണ് ചൈനയുടെ ഭാഗത്തുനിന്ന് പുതിയ നിയന്ത്രണശ്രമങ്ങള്‍ ഉണ്ടാകുന്നതും അതിനെതിരെ ഹോങ്കോങ് പൗര•ാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉടലെടുക്കുന്നതും.

 

 

 

 

 

OTHER SECTIONS