ക്ലേ ഫാക്ടറി അടച്ചുപൂട്ടി; 1500 തൊഴിലാളികള്‍ പെരുവഴിയില്‍ കളിമണ്ണ് കിട്ടാനില്ലെന്ന് കമ്പനി

By online desk .12 08 2020

imran-azhar

 

 

തിരുവനന്തപുരം: വേളിയിലെ ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറി മാനേജ്മെന്റ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയതോടെ തൊഴിലാളികള്‍ പെരുവഴിയില്‍. കളിമണ്ണ് ലഭ്യമല്ലാത്തതിനാല്‍ പ്രതിസന്ധിയാണെന്ന് കമ്പനി പടിക്കല്‍ നോട്ടീസില്‍ ഒട്ടിച്ചാണ് മാനേജ്മെന്റ് ഫാക്ടറി പൂട്ടി സ്ഥലം വിട്ടത്. ഞായറാഴ്ച രാത്രി ഷിഫ്റ്റില്‍ ജോലിക്കെത്തിയവരാണ് കമ്പനി പൂട്ടിയ വിവരമറിഞ്ഞത്. ഇതോടെ 1500 തൊഴിലാളികള്‍ പെരുവഴിയിലായി.

 

കഴിഞ്ഞ 30 വര്‍ഷമായി വിറ്റുവരവിന്റെ പകുതിയില്‍ അധികം ലാഭവിഹിതമുള്ള കമ്പനിയാണ് ഒറ്റരാത്രികൊണ്ട് നിയമങ്ങളെല്ലാം കാറ്റില്‍പറത്തി പൂട്ടിയത്. തൊഴിലാളികള്‍ക്ക് ബോണസ് നല്‍കേണ്ട തലേദിവസമാണ് ഉപജീവനമാര്‍ഗം ഇല്ലാതാക്കിയത്. തുടര്‍ന്ന്, തൊഴിലാളികള്‍ കമ്പനി ഓഫീസ് പടിക്കല്‍
അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചു. അസംസ്‌കൃത വസ്തുവിന്റെ പ്രതിസന്ധി പറഞ്ഞ് 2016 മുതല്‍ എല്ലാവിധ ആനുകൂല്യങ്ങളും മാനേജ്മെന്റ് തൊഴിലാളികള്‍ക്ക് നിഷേധിച്ചിരുന്നു. എന്നാല്‍, മാനേജ്മെന്റ് തലത്തില്‍ അഴിച്ചുപണികളും ശമ്പളവര്‍ദ്ധനയും ഈ വര്‍ഷവും നടന്നിരുന്നു.

 

കളിമണ്ണിനായി പലയിടങ്ങളിലും ശ്രമിച്ചപ്പോഴെല്ലാം ഐഎന്‍ടിയുസിയും ബിഎംഎസും എതിര്‍ നിലപാട് സ്വീകരിച്ചതും വിനയായി. മുഴുവന്‍ തൊഴിലാളികളെയും കൂട്ടിയോജിപ്പിച്ച് സ്ഥാപനവും തൊഴിലും സംരക്ഷിക്കാന്‍ ശ്രമിക്കുമെന്ന് ജില്ലാ ക്ലേ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ജില്ലാ പ്രസിഡന്റ് എസ്.എസ് പോറ്റി, സെക്രട്ടറി ഡി.മോഹനന്‍ എന്നിവര്‍ അറിയിച്ചു.

 

 

 

OTHER SECTIONS