By Shyma Mohan.21 Mar, 2018
ന്യൂഡല്‍ഹി: ദക്ഷിണ മധ്യ ഇന്ത്യയിലും ദക്ഷിണേഷ്യയിലെ മറ്റ് ഭാഗങ്ങളിലുമായി 220 ദശലക്ഷം ആളുകള്‍ സംസാരിക്കുന്ന ദ്രാവിഡ ഭാഷക്ക് 4500 വര്‍ഷത്തെ പഴക്കമുണ്ടെന്ന് പഠനം. ദ്രാവിഡ, ഇന്തോ-യൂറോപ്യന്‍, ഓസ്റ്റോ-ഏഷ്യാറ്റിക്, സിനോ-ടിബറ്റന്‍ അടക്കമുള്ള 4 വലിയ ഭാഷാ കുടുംബത്തിലായി 600 ഭാഷകള്‍ക്ക് ജന്മദേശമാണ് ദക്ഷിണേഷ്യ എന്നും ദ്രാവിഡ ഭാഷകള്‍ മറ്റ് ലോക ഭാഷകളുടെ മേല്‍ വളരെയധികം സ്വാധീനം ചെലുത്തിയതായും കണ്ടെത്തി അന്താരാഷ്ട്ര പഠനം. സംസ്കൃതവും തമിഴും ലോകത്തിലെ ക്ലാസിക്കല്‍ ഭാഷകളാണെന്നും എന്നാല്‍ സംസ്കൃതത്തെ അപേക്ഷിച്ച് തമിഴിന്റെ ക്ലാസിക്കല്‍ രീതിക്കും ആധുനിക ശൈലിക്കും തുടര്‍ച്ചയുണ്ടെന്നും അത് കവിതകളിലൂടെയും മതഗ്രന്ഥങ്ങളിലൂടെയും മതനിരപേക്ഷ ഗ്രന്ഥങ്ങളിലൂടെയും പാട്ടുകളിലൂടെയും രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. 3500 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്തോ-ആര്യന് ഭാഷ സംസാരിക്കുന്നവര്‍ പ്രവേശിക്കുന്നതിനു മുമ്പേ ദ്രാവിഡ ഭാഷ സംസാരിക്കുന്നവരുടെ സാന്നിധ്യം ഉപഭൂഖണ്ഡത്തില്‍ ഉണ്ടായിരുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ദ്രാവിഡ ശബ്ദങ്ങള്‍ സംസ്കൃതം കടം കൊണ്ടിട്ടുണ്ടെന്നും ജര്‍മ്മനിയിലെ ജനയിലുള്ള മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സയന്‍സ് ഓഫ് ഹ്യൂമന്‍ ഹിസ്റ്ററിയിലെ ഗവേഷകയായ ആനി മേരി വെര്കര്ഗ് പറഞ്ഞു.