ഭയം ഒഴിവാക്കി നികുതി പിരിക്കാം

By Web Desk.14 08 2020

imran-azharഇന്ത്യ പോലെ വിശാലമായ ജനസംഖ്യയുള്ള രാജ്യത്ത് നികുതി പിരിവ് എന്നും ദുഷ്‌കരമായ ഒരു കാര്യമാണ്. കൃത്യമായ വരുമാന വിവരങ്ങള്‍ നല്‍കാതെയും യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെച്ചും രാജ്യത്തെ കബളിപ്പിക്കാനുള്ള ത്വര ഒരു വിഭാഗം പൗരന്‍മാര്‍ക്കിടയിലുണ്ട്. തെറ്റിന്റെ ഗുരുതര സ്വഭാവം അറിഞ്ഞ് തന്നെ അത് ആവര്‍ത്തിക്കുന്നവരാണ് ഇവര്‍. ഒരു പൗരന്‍ എന്ന നിലയിലുള്ള എല്ലാ നിയമപരമായ അവകാശങ്ങളും അനുഭവിക്കുകയും അതേസമയം രാജ്യത്തെ വഞ്ചിക്കുകയും ചെയ്യുന്നവരായി നികുതിവെട്ടിപ്പുകാരെ നിയമം നിര്‍വചിക്കുന്നു. പലപ്പോഴും ക്രമരഹിതമായതും അമിതവുമായ നികുതിപിരിവ് സാധാരണക്കാരെ പോലും ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കുന്നതിന് പ്രേരിപ്പിക്കാറുണ്ടെന്നത് വസ്തുതയാണ്.

 

വരുമാനത്തില്‍ സംശയിക്കാന്‍ കാരണങ്ങള്‍ കണ്ടെത്തി നിയമം ഒരാളെ പിന്തുടരുന്നു എന്ന തോന്നല്‍ വരുമ്പോഴാണ് അയാള്‍ക്ക് യഥാര്‍ത്ഥ വസ്തുതകള്‍ പലപ്പോഴും ഒളിക്കേണ്ടിവരുന്നത്. ഐടി നോട്ടീസുകളും മറ്റ് വിശദീകരണ കുറിപ്പുകളും എത്തുമ്പോള്‍ അത് നികുതിദായകന് പലപ്പോഴും അനാവശ്യ ആശങ്കയും ബാധ്യതയും സൃഷ്ടിക്കാറുണ്ട്. അതിന്റെ പരിഹാരത്തിനായി ഈ മേഖലയിലുള്ളവരെ സമീപിക്കുമ്പോള്‍ നിയമത്തിന്റെ നൂലാമാലകള്‍ വിശദീകരിച്ച് കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഉദ്യോഗസ്ഥവൃന്ദം പരോക്ഷമായി നികുതിദായകനെ പീഡിപ്പിക്കുന്ന അവസ്ഥയ്ക്കും കുറവില്ല. ഇത്തരത്തില്‍ നിയമലംഘന വാസന നികുതിദായകരില്‍ ഉണ്ടാക്കുന്നതില്‍ ബ്യൂറോക്രസിക്കുള്ള പങ്ക് തീരെ ചെറുതല്ല. അതേസമയം പുതിയ പരിഷ്‌കാര പ്രഖ്യാപനങ്ങളോട് കൂടി പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ച സുതാര്യ നികുതി പിരിവ്-സത്യസന്ധരെ ആദരിക്കല്‍ എന്ന പ്ലാറ്റ്‌ഫോം മികച്ചൊരു തുടക്കമാണ്.

 

ഭയപ്പെടുത്താതെ നികുതി പിരിക്കുന്ന പുതിയ രീതി പാശ്ചാത്യരാജ്യങ്ങള്‍ വിജയകരമായി നടപ്പിലാക്കിയിട്ടുള്ള ഒന്നാണ്. ഇതിന്റെ ഏറ്റവും മികച്ച മേന്‍മയായി കണക്കാക്കാവുന്നത് കൃത്യമായി നികുതി അടയ്ക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന ലളിതമായ നടപടി ക്രമമാണ്. ഇത് അനുസരിച്ച്
നികുതി ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെ തന്നെ നികുതി അടയ്ക്കാന്‍ കഴിയുന്നു എന്നതാണ്. നടപടിക്രമങ്ങളെല്ലാം ഡിജിറ്റലൈസ് ചെയ്യുന്ന ഈ രീതിയില്‍ അനാവശ്യ അപ്പീലുകള്‍ ഒഴിവാക്കിയും പരാതികളില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചും വന്‍ സമയലാഭം കൂടി നികുതിദായകന് ലഭിക്കുന്നു. മാത്രമല്ല നികുതിദായകരുടെ സ്വകാര്യത മാനിക്കുകയും രഹസ്യാത്മകത സൂക്ഷിക്കുകയും ചെയ്യുന്ന ഒരു രീതിയാണ് പുതിയ പരിഷ്‌കാരത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നു. അങ്ങനെ എങ്കില്‍ ഏറ്റവും മികച്ച തീരുമാനമാണിതെന്ന് പറയാം. ഇന്നത്തെ കാലത്ത് ചെറിയൊരു സാമ്പത്തിക കുറ്റകൃത്യത്തില്‍ പോലും അന്വേഷണ ഏജന്‍സികള്‍ പ്രതിയായി ആരോപിക്കപ്പെടുന്ന ആളുടെ നികുതി രഹസ്യങ്ങള്‍ വാരിവലിച്ചിട്ട് ചികയാറുണ്ട്. ഈ അവസ്ഥ പലപ്പോഴും വാസ്തവവിരുദ്ധമായ വാര്‍ത്തകള്‍ക്ക് ഇട നല്‍കും എന്നല്ലാതെ യാതൊരു പ്രയോജനവും ആര്‍ക്കും ഉണ്ടാക്കാറില്ല. ഇത്തരം അനാവശ്യ അന്വേഷണങ്ങളില്‍ നിന്നുള്ള പരിരക്ഷയാണ് നികുതി ദായകന് ടാക്‌സ്‌പെയേഴ്‌സ് ചാര്‍ട്ടര്‍ അഥവാ പുതിയ നികുതി പ്രമാണരേഖയിലൂടെ ലഭിക്കുന്നത്.

 

OTHER SECTIONS