ഇടുക്കിയിൽ നാലിടത്ത് ഉരുൾപൊട്ടൽ ; നിർത്തിയിട്ടിരുന്ന കാർ ഒലിച്ചുപോയി ഒരാൾ മരിച്ചു

By online desk.07 08 2020

imran-azhar

 

 

ഇടുക്കി; ജില്ലയിൽ ഇന്നലെയുണ്ടായ ശക്തമായമഴയിൽ നാലിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. പീരുമേട്ടിൽ മൂന്നിടങ്ങളിലായും മേലെ ചിന്നാറിലുമാണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടി ഒഴുകിയ വെള്ളപ്പാച്ചിലിൽ വാഗമൺ നല്ലതണ്ണി പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന കാർ ഒഴുകിപ്പോയി. കാറിലുണ്ടായിരുന്ന നല്ലതണ്ണി സ്വദേശി മാർട്ടിനെ കാണാതായി. കാറിലുണ്ടായിരുന്ന അനീഷ് എന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

 

ജില്ലയിൽ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ജില്ലയിലെ പീരുമേട്, വണ്ടിപ്പെരിയാർ, ഏലപ്പാറ എന്നിവിടങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.

 

മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യത കണക്കിലെടുത്ത് രാത്രി ഏഴു മുതൽ രാവിലെ ആറു വരെ ഇടുക്കിയിൽ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.കോവിഡ് 19, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശസ്വയംഭരണം, ഫയർ & റസ്ക്യൂ, സിവിൽ സപ്ലൈസ്, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി, എന്നിവ ഉൾപ്പടെയുള്ള അവശ്യ സർവ്വീസുകളിലെ ജീവനക്കാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രം രാത്രി സമയത്ത് യാത്ര ചെയ്യുന്നതിന് ഇളവ് അനുവദിച്ചിട്ടുണ്ട്.

 

ജലനിരപ്പ് ഉയർന്നതോടെ നെടുങ്കണ്ടം കല്ലാർ ഡാമും തുറന്നു. മേലേചിന്നാർ, തൂവൽ, പെരിഞ്ചാംകുട്ടി മേഖലകളിലെ പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണം. ഇടുക്കി കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. ഡാമുകൾ തുറന്നതിനാൽ, മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊൻമുടി ഡാമിന്‍റെ മൂന്നു ഷട്ടറുകൾ ഇന്ന് രാവിലെ 10 മണിക്ക് 30 സെന്‍റീമീറ്റർ വീതം ഉയർത്തി 65 ക്യുമെക്സ് വെള്ളം പന്നിയാർ പുഴയിലേക്ക് തുറന്നു വിടുമെന്നും, പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

 

 

 

 

OTHER SECTIONS