ധീരനായ പത്രാധിപര്‍ക്ക് പ്രണാമം; ജി എന്‍ പണിക്കര്‍

By online desk.21 02 2020

imran-azhar



ചൊവ്വാഴ്ച രാവിലെ 6.45 നുള്ള ആകാശവാണി വാര്‍ത്തയില്‍ കേരളത്തിലെ പ്രമുഖ പത്രപ്രവര്‍ത്തകനും കേരളകൗമുദി മുന്‍ ചീഫ് എഡിറ്ററും കലാകൗമുദി പത്രാധിപരുമായ എം എസ്. മണി പുലര്‍ച്ചെ അന്തരിച്ചുവെന്ന് കേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് കേരളകൗമുദി പത്രാധിപര്‍ കെ. സുകുമാരന്റെ മൂത്തമകനായ എം എസ്. മണിയുമായി പരിചയപ്പെടുന്നത്. പ്രശസ്ത സാഹിത്യകാരനായ ജി വിവേകാനന്ദന്റെ വീട്ടില്‍ വച്ചും കേരളകൗമുദിയില്‍ സബ് എഡിറ്ററായിരുന്ന കിളിമാനൂര്‍ രമാകാന്തനൊപ്പവും പല വട്ടം കണ്ടു.

 

മുത്തശ്ശനായ സി വി കുഞ്ഞുരാമന്റെയും പിതാവ് കെ. സുകുമരന്റെയും പത്രപ്രവര്‍ത്തന പാരമ്പര്യം പൂര്‍വ്വാധികം കരുത്തോടെ ഉള്‍ക്കൊണ്ട് വളര്‍ന്നു വന്ന മണി അദ്ദേഹത്തിന്റെ ധീരമായ നിലപാടുകള്‍ കൊണ്ട് എന്റെ സ്‌നേഹാദരങ്ങള്‍ നേടിയെടുത്തു. കേരളകൗമുദിയുടെ ഡല്‍ഹി ലേഖകനായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് അദ്ദേഹവുമായി ഒന്നിലധികം തവണ ബന്ധപ്പെടാന്‍ കഴിഞ്ഞു. അക്കാലത്ത് പ്രശസ്ത എഴുത്തുകാരന്‍ ഒ. വി. വിജയനുമായി പരിചയപ്പെടാന്‍ കഴിഞ്ഞതും എം എസ് മണി വഴിയാണ്. പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് കള്‍ച്ചറല്‍ ഡെവലപ്‌മെന്റ്് ഓഫീസറായിരുന്ന കാലത്ത് സമ്മര്‍ ഡ്രാമ ഫെസ്റ്റിവലിനായ് കലാനിലയത്തിന്റെ നാടക സംഘവുമായി ഡല്‍ഹിയില്‍ എത്തിയിരുന്നു.

 

അന്ന് എം പിയായിരുന്ന എം കെ. കുമാരന്റെ ഔദ്യോഗിക വസതിയിലായിരുന്നു മണിയുടെ താമസം. കേരളഹൗസില്‍ നിന്ന് അവിടേയ്ക്ക് കൂട്ടിക്കൊണ്ടു പോയ എന്നെ ഒ. വി. വിജയനുമായി പരിചയപ്പെടുത്തി. പാര്‍ലമെന്റ്് സമ്മേളന റിപ്പോര്‍ട്ടിംഗ് തിരക്കിലായിട്ടും എന്നോട് ഇത്തരമൊരു പരിഗണന കാട്ടാന്‍ മണി മുതിര്‍ന്നത് ഒരിക്കലും മറക്കില്ല. ഡല്‍ഹിയിലെ പത്രപ്രവര്‍ത്തന ജീവിതത്തിന് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയ എം. എസ്. മണി തന്റെ ധീരമായ നിലപാടിലൂടെ കേരളകൗമുദിക്ക് പുതിയൊരു കരുത്തും ജീവനും നല്‍കി. രാഷ്ട്രീയ ചായ്‌വൊന്നുമില്ലാതെ തുറന്ന മനസുമായി അന്വേഷണാത്മക പത്രപ്രവര്‍ത്തനം അഭംഗുരം നടത്തി.

 

പത്രപ്രവര്‍ത്തനത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ച്് കലാകൗമുദി വാരികയ്ക്ക് തുടക്കമിട്ടത് അദ്ദേഹത്തിന്റെ ധീരമായ നിലപാടാണ്. കേരളമാകെ കോളിളക്കം സൃഷ്ടിച്ച കുറെ ലേഖന പരമ്പരകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. എ. കെ. ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ശിവഗിരി മഠത്തില്‍ പൊലീസ് നടത്തിയ തേര്‍വാഴ്ചയെ അപലപിച്ച് എഴുതിയ ശിവഗിരിക്കുന്നിലെ തീ മേഘങ്ങള്‍ എന്ന പരമ്പര, അന്നത്തെ കേരള സര്‍ക്കാരിന്റെ അറിവോടെ കോട്ടയത്തെ ചില പ്രമാണിമാര്‍ നടത്തിയ വനംകൊളളയ്‌ക്കെതിരായ കാട്ടുകള്ളന്‍മാര്‍ എന്ന പരമ്പര എന്നിവ അവയില്‍ ചിലതാണ്. കേരളത്തിലും അഖിലേന്ത്യാ തലത്തിലും മണിക്ക് ലഭിച്ചത് നിരവധി പുരസ്‌കാരങ്ങളാണ്. സ്വര്‍ഗം ഭൂമിയിലേക്ക് ഇറങ്ങി വരുന്നു, കാട്ടുകളളന്മാര്‍ എന്നീ രണ്ട് പുസ്തകങ്ങള്‍ രചിച്ചുവെങ്കിലും പത്രപ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയതിനാല്‍ കൂടുതല്‍ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പിറവിയെടുത്തില്ല.

 

എം എസ്് മണിയുടെയും എന്റെയും സുഹൃത്തായ കിളിമാനൂര്‍ രമാകാന്തന്റെ കവിതകളെ നിരൂപകര്‍ കണ്ടില്ലെന്ന് നടിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കവിതകളെപ്പറ്റി സുദീര്‍ഘമായ ഒരു പഠനം തയ്യാറാക്കി. പൊള്ളുന്ന വെയിലിന്റെ കവിതകള്‍ എന്ന ലേഖനം എം എസ് മണിക്ക് അയച്ചു കൊടുത്തു. അദ്ദേഹം അത് പ്രാധാന്യത്തോടെ കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചു. ഞങ്ങളുടെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നടപടി. കലാകൗമുദിയുടെ ചുമതല വഹിക്കുന്ന സുകുമാരന്‍മണി, മകള്‍ വത്സാ മണി, മരുമകന്‍ ഭാസുരചന്ദ്രന്‍ എന്നിവരുമായും നല്ല സൗഹൃദമാണ്. മണ്‍മറഞ്ഞ എം എസ്. മണിയെന്ന അതുല്യ സുഹൃത്തിന്റെയും അസാധാരണ പ്രതിഭയുടെയും പാവന സ്മരണയ്ക്ക് മുന്നില്‍ കൈ കൂപ്പുന്നു.

 

 

 

 

 

 

OTHER SECTIONS