ഗൊരഖ്പൂര്‍ കൂട്ട മരണം: അന്വേഷണത്തിന് ഉത്തരവിട്ടു

By Shyma Mohan.12 Aug, 2017

imran-azhar


    ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലുണ്ടായ കുട്ടികളുടെ കൂട്ട മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ളതായി യോഗി ആദിത്യനാഥ് പറഞ്ഞു. സംഭവത്തില്‍ ഓക്‌സിജന്‍ വിതരണക്കാരുടെ പങ്ക് സമിതി പരിശോധിക്കുമെന്നും സംഭവത്തിന് ഉത്തരവാദികള്‍ ആരായാലും അവരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ബാബാ രാഘവദാസ് മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തു കഴിഞ്ഞതായും അന്വേഷണത്തെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ലക്‌നൗവില്‍ പത്രസമ്മേളനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അറിയിച്ചത്. മെഡിക്കല്‍ കോളേജ് ദുരന്തത്തെക്കുറിച്ചുള്ള വസ്തുതകളും മരണ സംഖ്യ കണക്കുകളും വ്യക്തമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് യോഗി ആദിത്യനാഥ് മാധ്യമങ്ങളോടാവശ്യപ്പെട്ടു. ബാബാ രാഘവദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 63 കുട്ടികളാണ് ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മരണപ്പെട്ടത്.