ആന്ധ്രയില്‍ സാനിറ്റൈസര്‍ കുടിച്ച് 9 പേര്‍ മരിച്ചു

By online desk .01 08 2020

imran-azhar

 

 

അമരാവതി: ശീതളപാനീയത്തിലും കുടിവെള്ളത്തിലും സാനിറ്റൈസര്‍ കലക്കിക്കുടിച്ച് ഒമ്പത് പേര്‍ മരിച്ചു. ആന്ധ്ര പ്രദേശിലെ പ്രകാശം ജില്ലിയിലെ കുറിച്ചെഡു എന്ന സ്ഥലത്താണ് ദുരന്തം. കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ഈ മേഖലകള്‍ ലോക്ക്ഡൗണിലാണ്. ഇതിനാല്‍ നാളുകളായി ഇവിടുത്തെ മദ്യക്കടകള്‍ അടഞ്ഞുകിടക്കുകയാണ്. ഏതാനും ദിവസങ്ങളായി മദ്യത്തിന് പകരം സാനിറ്റൈസര്‍ കഴിച്ചുകൊണ്ടിരുന്ന ഒമ്പത് പേരാണ് മരിച്ചതെന്ന് പ്രകാശം ജില്ലാ പൊലീസ് സൂപ്രണ്ട് സിദ്ധാര്‍ത്ഥ് കൗശല്‍ അറിയിച്ചു.

 

സാനിറ്റൈസറിനൊപ്പം മറ്റെന്തെങ്കിലും വസ്തുക്കള്‍ ഇവര്‍ കഴിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുറിച്ചെഡു മേഖലയില്‍ പ്രചാരത്തിലുള്ള സാനിറ്റൈസറുകളുടെ സാമ്പിളുകളും പരിശോധിക്കും. 

 

വ്യാഴാഴ്ച വൈകുന്നേരമാണ് ഇത്തരം മരണങ്ങളിലെ ആദ്യ സംഭവം ശ്രദ്ധയില്‍പ്പെട്ടത്. വ്യാഴാഴ്ച രാത്രി രണ്ട് ഭിക്ഷാടകര്‍ ക്ഷേത്ര പരിസരത്ത് തളര്‍ന്ന് വീഴുകയായിരുന്നു. ഇവരില്‍ ഒരാള്‍ സ്ഥലത്തുവച്ചും രണ്ടാമന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയില്‍ മറ്റൊരാളും മറ്റ് ആറ് പേര്‍ ഇന്നലെ രാവിലെയുമാണ് മരിച്ചത്. നിരവധി പേര്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ടുണ്ട്.

 

 

 

OTHER SECTIONS