പാരമ്പര്യം തീര്‍ത്ത വന്മ-തില്‍

By online desk .25 07 2020

imran-azhar 

20 രാജവംശങ്ങള്‍ 1800 വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കിയ ചൈനയിലെ വന്മ-തില്‍ എന്നും ലോകത്തിന് അത്ഭുതമാണ്. ലക്ഷകണക്കിന് ആളുകളുടെ ജീവന്‍ ബലി നല്‍കിയാണ് മതിലിന്റെ പണി പൂര്‍ത്തീകരിച്ചത്. ക്വിന്‍ ഷി ഹുവാങ് ചക്രവര്‍ത്തി 221 ബി.സി.യില്‍ ചുറ്റും വലിയ മതില്‍ നിര്‍മ്മിക്കാന്‍ ഉത്തരവിട്ടപ്പോള്‍, സൈനികരും കുറ്റവാളികളും ചേര്‍ന്നാണ് മതിലിന്റെ പണി പൂര്‍ത്തികരിച്ചത്. മതില്‍ നിര്‍മ്മാണ വേളയില്‍ 400,000 ആളുകള്‍ മരിച്ചുവെന്ന് പറയപ്പെടുന്നു.

 

 

അതിര്‍ത്തിയുടെ പേരില്‍ അയല്‍ രാജ്യങ്ങളുമായി വഴക്കടിക്കുന്ന, ലോക വ്യാപാര രംഗം നിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍കൊണ്ട് കീഴടക്കാന്‍ ശ്രമിക്കുന്ന ഇന്നത്തെ ചൈനീസ് നേതൃത്വമല്ലായിരുന്നു ഒരു കാലത്ത് ചൈനയുടേത്. ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികളുടെ ഇച്ഛാശക്തിയില്‍ പടുത്തുയുര്‍ത്തിയ ചൈന. അന്നത്തെ ചൈനയിലെ ജനങ്ങളുടെ കഠിനധ്വാനത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും പ്രതീകമായി ഇന്നും തുടരുന്ന മഹാത്ഭുതമാണ് ചൈനയുടെ വന്മ-തില്‍. മാത്രമല്ല അവരുടെ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഒരു ഭാഗം കൂടിയാണ് വന്‍മതില്‍. 1800 വര്‍ഷങ്ങള്‍ കൊണ്ട് 21196.2 കിലോമീറ്റര്‍ നീളത്തില്‍ 20 നാട്ടുരാജ്യങ്ങളെ ചുറ്റി ഇത് പണിതെടുക്കാന്‍ ചൈനയിലെ 20 രാജവംശങ്ങളാണ് തങ്ങളുടെ സമ്പത്ത് ചിലവഴിച്ചത്. ഇന്നത്തെ നിലയ്ക്ക് വന്‍മതിലിന് ഏതാണ്ട് 950 ബില്യണ്‍ ഡോളര്‍ നിര്‍മ്മാണ ചെലവ് വരും. ഇന്നും ഇത് ഒരു സൂപ്പര്‍ പ്രോജക്റ്റാണ്.

 

 


മതിലിന്റെ നിര്‍മ്മാണം ഏറ്റവും അവസാനം നിര്‍വഹിച്ചത് മിംഗ് രാജവംശമാണ്. അപ്പോള്‍ തന്നെ നീളം 6,000 കിലോമീറ്ററിലധികം ആയിരുന്നു. മിംഗ് രാജവംശം അവരുടെ മതില്‍ പണിയാന്‍ 200 വര്‍ഷം ചെലവഴിച്ചു. 1122 ബി.സിയില്‍ തുടങ്ങി 1644 എ.ഡിയില്‍ ആണ് നിര്‍മ്മാണം നിര്‍ത്തുന്നത്. ഒരു പുരാവസ്തു സര്‍വേയില്‍ എല്ലാ ശാഖകളുമുള്ള മതിലിന്റെ മുഴുവന്‍ നീളം 21,196 കിലോമീറ്ററാണെന്നാണ് കണ്ടെത്തിയത്. ഇതില്‍ തര്‍ക്കമുണ്ട്. ഇന്ന് ഉള്ളതില്‍ മനോഹരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള വന്മ-തിലിന്റെ ഒരു ഭാഗം ഉള്ളത് ബെയ്ജിങ്ങില്‍ ഉള്ള ബദലിങ് എന്ന സ്ഥലത്താണ്.

 


ചൈനയെ ശത്രുക്കളില്‍ നിന്നും പ്രത്യേകിച്ച് വടക്കന്‍ മേഖലകളില്‍ നിന്നുള്ള മംഗോളിയക്കാരില്‍ നിന്നും സംരക്ഷിക്കുന്നതിനാണ് വന്‍ മതില്‍ നിര്‍മ്മിച്ചത്. ചൈനയിലേക്ക് പതിവായി കടന്നാക്രമണം നടത്തുന്ന ഒരു ഗോത്ര വിഭാഗമായിരുന്നു മംഗോളിയക്കാര്‍. എല്ലാ മതിലുകളും സൈനിക പ്രതിരോധത്തിനായി നിര്‍മ്മിച്ചതാണ്. വ്യത്യസ്ത ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങളും, പണികഴിപ്പിച്ച രാജവംശത്തിന്റെയും സൈനിക ബാഹുല്യവും ഒക്കെ കാരണം മതിലിന്റെ വീതിയും നീളവും ഒക്കെ വ്യത്യാസപ്പെട്ടാണ് കാണുന്നത്.

 


മതിലിന്റെ മാത്രം ശരാശരി ഉയരം 6 മുതല്‍ 7 മീറ്റര്‍ വരെയും, ഏറ്റവും ഉയരമുള്ള ഭാഗം 14 മീറ്ററിലും എത്തുന്നു. സമുദ്രനിരപ്പില്‍ നിന്ന് ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മതിലിന്റെ ഭാഗമുള്ളത് ഹുവാങ്‌ലൂയാന്‍ സെക്ഷനാണ് (1,439.3 മീറ്റര്‍ ഉയരത്തില്‍). ഏറ്റവും താഴ്ന്ന സ്ഥലം ലാവോലോങ്ടൂ സെക്ഷനാണ്. മതിലിന്റെ വീതി പൊതുവായി പറഞ്ഞാല്‍ മുകളില്‍ 4 മുതല്‍ 5 മീറ്റര്‍ വരെ ആണ്. അതായത് ഒരേ സമയം കുറഞ്ഞത് നാല് കുതിര പടയാളികള്‍ക്ക് കടന്നുപോകാന്‍ സാധിക്കും. സൈനികര്‍ക്ക് യുദ്ധങ്ങള്‍ നടക്കുമ്പോള്‍ ആയുധങ്ങളും വിഭവങ്ങളും എത്തിക്കാനും ക്രമീകരിക്കാനും സ്ഥാനപ്പെടുത്താനും ഈ രൂപകല്‍പ്പന പ്രയോജനകരമാണ്. അടിത്തറയുടെ ശരാശരി വീതി 6.5 മീറ്റര്‍ ആണ്. വിശാലമായ അടിത്തറയുടെ ഈ രൂപകല്‍പ്പന, മതിലിനെ കൂടുതല്‍ ദൃഡമാക്കുന്നു. പുറമെയുള്ള മതില്‍ സാധാരണയായി 0.4-0.5 മീറ്റര്‍ വീതിയുള്ളതാണ്. കൂടാതെ നിരീക്ഷിണത്തിനായി വന്‍മതിലിന്റെ ഭാഗമായോ സമീപത്തോ നിര്‍മ്മിച്ച ബീക്കണ്‍ ടവറുകളും ഉണ്ടാവും.

 


ശത്രുക്കളെ കാണാനും സൈനിക സന്ദേശങ്ങള്‍ കൈമാറാനും മറ്റുമായിട്ടുള്ള വാച്ച് ടവറുകള്‍ അല്ലെങ്കില്‍ ഗാര്‍ഡ് ടവറുകള്‍ എന്നും വിളിക്കപ്പെടുന്ന ബീക്കണ്‍ ടവറുകള്‍, നിശ്ചിത അകലത്തില്‍ രണ്ടും മൂന്നും നിലകളായി ഉയരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. നുഴഞ്ഞുകയറ്റക്കാരോ ശത്രുക്കളോ മതിലിനോട് സമീപിക്കുകയാണെങ്കില്‍, ഗോപുരത്തിലെ സൈനികര്‍ പകല്‍ സമയത്ത് കനത്ത പുകയും രാത്രിയില്‍ തീ ആളി കത്തിക്കുകയും ചെയ്യും. ഉള്ളിലുള്ള തങ്ങളുടെ സൈനികര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുള്ള അടയാളമാണിത്.
എല്ലാ രാജവംശത്തിനും ഈ മതില്‍ പ്രതിരോധ സംവിധാനത്തിന്റെ ഒരു പ്രധാന ഘടകമായിരുന്നു. സൈനികര്‍ നിലയുറപ്പിക്കുന്ന കോട്ടയായതിനാല്‍ അകത്ത് കടക്കണമെങ്കില്‍ പ്രവേശന പാസുകള്‍ ആവശ്യമാണ്. ചതുരം അല്ലെങ്കില്‍ പോളിഗോണ്‍ ആകൃതിയിലുള്ള തടി കൊണ്ട് നിര്‍മ്മിച്ചതായിരിക്കും ഈ പാസുകള്‍. പാസുകള്‍ നല്‍കുന്നതും മതിലിനുള്ളിലേക്ക് പ്രവേശനം നടത്തുന്നതും വന്‍ മതിലിന്റെ പ്രധാന സ്ഥാനത്ത് സ്ഥിതിചെയ്യുന്ന സിറ്റി ഗേറ്റ്, ഗേറ്റ് ടവര്‍ ഭാഗങ്ങളിലാണ്.

 

 


ലക്ഷകണക്കിന് ആളുകളുടെ ജീവന്‍ ബലി നല്‍കിയാണ് മതിലിന്റെ പണി പൂര്‍ത്തീകരിച്ചത്. ക്വിന്‍ ഷി ഹുവാങ് ചക്രവര്‍ത്തി 221 ബി.സി.യില്‍ ചുറ്റും വലിയ മതില്‍ നിര്‍മ്മിക്കാന്‍ ഉത്തരവിട്ടപ്പോള്‍, സൈനികരും കുറ്റവാളികളും ചേര്‍ന്നാണ് മതിലിന്റെ പണി പൂര്‍ത്തികരിച്ചത്. മതില്‍ നിര്‍മ്മാണ വേളയില്‍ 400,000 ആളുകള്‍ മരിച്ചുവെന്ന് പറയപ്പെടുന്നു. ഈ തൊഴിലാളികളില്‍ പലരെയും മതിലിനുള്ളില്‍ തന്നെ അടക്കം ചെയ്യുകയായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്.
മതിലിന്റെ നിര്‍മ്മാണ പ്രക്രിയയില്‍, ജോലിഭാരം കുറയ്ക്കുന്നതിനായി തൊഴിലാളികള്‍ പ്രധാനമായും പ്രാദേശികമായി അസംസ്‌കൃത വസ്തുകളാണ് ഉപയോഗിച്ചത്. മരുഭൂ പ്രദേശങ്ങളില്‍ ഒരു പാളി മണലും ചെറിയ കല്ലുകളുടെ മിശ്രിതങ്ങളും, പര്‍വതശിഖരത്തിനടുത്തുള്ള ഭാഗങ്ങളില്‍ പ്രാദേശികമായി തന്നെ ലഭിക്കുന്ന കല്ലുകള്‍ അടുക്കിയാണ് മതില്‍ നിര്‍മ്മിച്ചത്. മതിലിന്റെ ചുവരുകള്‍ ശക്തിപ്പെടുത്തുന്നതിനായിട്ടുള്ള സ്റ്റിക്കി റൈസ്, ഇഷ്ടികകള്‍ എന്നിവ മറ്റ് സ്ഥലങ്ങളില്‍ നിന്ന് കാല്‍നടയായി ചുമന്നു കൊണ്ട് വരികയാണ് പതിവ്.