കെ.എം. ബഷീര്‍ കൊല്ലപ്പെട്ട കേസ് ; ഡോക്ടര്‍മാരെ സ്വാധീനിക്കാന്‍ നീക്കം

By online desk .05 08 2020

imran-azhar

 

 

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് മദ്യലഹരിയില്‍ അമിതവേഗത്തില്‍ വാഹനമോടിച്ചതിനെത്തുടര്‍ന്നു മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാന്‍ നീക്കം. ശ്രീറാം ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായതിനാല്‍ ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ചു ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ വിചാരണവേളയില്‍ സ്വാധീനിക്കാനുള്ള നീക്കങ്ങളാണു നടക്കുന്നത്. ലാബുകളിലെ കോവിഡ് പരിശോധനയുടെ മേല്‍നോട്ടമായിരുന്നു ശ്രീറാമിന് ആദ്യം നല്‍കിയത്. ഇപ്പോള്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ ചുമതലയാണ്. കോവിഡ് കാലമായതിനാലാണു ഡോക്ടറായ ശ്രീറാമിനെ ആരോഗ്യവകുപ്പില്‍ നിയമിച്ചതെന്നാണു സര്‍ക്കാര്‍ വിശദീകരണം. 

 

ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ റിപ്പോര്‍ട്ടുകളും മൊഴികളും കേസില്‍ നിര്‍ണായകമാണ്. ശ്രീറാം ഓടിച്ച കാര്‍ അമിത വേഗത്തില്‍ സഞ്ചരിച്ചതായും ഡ്രൈവിങ് സീറ്റിലിരിക്കുമ്പോഴുണ്ടായ പരുക്കുകളാണു ശ്രീറാമിനുള്ളതെന്നും മെഡിക്കല്‍ കോളജ് ന്യൂറോ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ട്. രക്തം എടുക്കാന്‍ ശ്രീറാം വിസമ്മതിച്ചതായി സ്വകാര്യ ആശുപത്രിയിലെ നഴ്‌സും പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ അപകടം നേരിട്ടു കണ്ടവരുടെ മൊഴികളുമുണ്ട്.

 

ആരോഗ്യവകുപ്പിലെ ഉന്നത പദവിയിലിരിക്കുമ്പോള്‍ സ്വാധീനം ഉപയോഗിച്ച് കേസ് അനുകൂലമാക്കാന്‍ ശ്രീറാം ശ്രമിക്കുമെന്നു ബഷീറിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും ആശങ്കയുണ്ട്. ബഷീര്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും വിചാരണ പോലും തുടങ്ങിയിട്ടില്ല. കേസ് പരമാവധി നീട്ടികൊണ്ടുപോകാനുള്ള ശ്രമമാണ് ഒന്നാംപ്രതി ശ്രീറാമിന്റെയും രണ്ടാംപ്രതി വഫയുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. 2 പ്രാവശ്യം സമന്‍സ് അയച്ചിട്ടും പ്രതികള്‍ കോടതിയില്‍ ഹാജരായില്ല. കോടതിക്ക് അടുത്ത് സെക്രട്ടേറിയറ്റിലുണ്ടായിട്ടും സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു ശ്രീറാം ഹാജരാകാതിരുന്നത്.

 

 

 

 

OTHER SECTIONS