ഐ.എസില്‍ നിന്നും മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ റോമില്‍; മോചനത്തിന് നല്‍കിയത് ഒരു കോടി ഡോളര്‍?

By Shyma Mohan.13 Sep, 2017

imran-azhar


    ബംഗളുരു: ഐ.എസ് തീവ്രവാദികളുടെ തടങ്കലില്‍ നിന്ന് മോചിപ്പിച്ച മലയാളിയായ ഫാദര്‍ ടോം ഉഴുന്നാലില്‍ മസ്‌ക്കറ്റില്‍ നിന്ന് റോമിലെത്തി. ബംഗളുരുവിലെ സലേഷ്യന്‍ സഭയിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. കൂടുതല്‍ ചികിത്സക്കായി ഫാദര്‍ ടോം ഉഴുന്നാലില്‍ റോമില്‍ തങ്ങും. റോമില്‍ വെച്ച് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമേ ഇന്ത്യയിലേക്ക് മടങ്ങുകയുള്ളൂ എന്നാണ് ലഭ്യമായ വിവരം.
    

 

ഫാദര്‍ ഉഴുന്നാലിനെ മോചിപ്പിക്കുന്നതിന് ഒരു കോടി ഡോളര്‍ മോചന ദ്രവ്യമായി ഐ.എസിന് നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളെ സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായിട്ടില്ല. യെമനില്‍ ഐ.എസ് തീവ്രവാദികള്‍ ബന്ദികളാക്കിയ വിദേശ പൗരന്‍മാരെ മോചിപ്പിക്കുന്നതിനായി ഒമാന്‍ ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. പരമ്പരാഗത യെമനി വസ്ത്രം ധരിച്ചാണ് ഫാദര്‍ ഉഴുന്നാലില്‍ മസ്‌ക്കറ്റിലെത്തിയത്.
    

 

2016 മാര്‍ച്ച് 4ന് യെമനിലെ ഏദനില്‍ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണ് ഐ.എസ് ഭീകരര്‍ ഫാദര്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയത്. ഫാദര്‍ ടോമിനൊപ്പം ഉണ്ടായിരുന്ന നാല് കന്യാസ്ത്രീകള്‍, ആറ് എത്യോപ്യക്കാര്‍, ആറ് യെമനികള്‍ എന്നിവരെ തീവ്രവാദികള്‍ വധിച്ചിരുന്നു. നിരവധി തവണ തന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫാദര്‍ ടോം ഉഴുന്നാലിന്റെ വീഡിയോ പുറത്തുവന്നിരുന്നു.
 

OTHER SECTIONS