തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റില്ല, പട്ടിക രണ്ടാഴ്ചയ്ക്കുള്ളില്‍

By online desk .01 08 2020

imran-azhar




തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പില്‍ മാറ്റമില്ല. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യവാരമോ രണ്ട് ഘട്ടമായി നടത്താനാണ് തീരുമാനം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് ഒരു മണിക്കൂര്‍ നീട്ടും. വൈകുന്നേരം ആറ് വരെയായിരിക്കും വോട്ടെടുപ്പ്. നേരത്തെ രാവിലെ ഏഴ് മുതല്‍ അഞ്ച് വരെയായിരുന്നു. പ്രചാരണത്തിനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കോവിഡ് പ്രോട്ടോക്കോള്‍ തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ഭാഗമാക്കും. പൊതു സമ്മേളനങ്ങള്‍ക്ക് പകരം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും വാര്‍ത്താ മാദ്ധ്യമങ്ങളിലൂടെയുമുള്ള പ്രചാരണത്തിനായിരിക്കും മുന്‍തൂക്കം.

 

തിരഞ്ഞെടുപ്പ് പ്രചാരണ സ്‌ക്വാഡുകളിലെ അംഗങ്ങളുടെ എണ്ണവും നിയന്ത്രിക്കും. രണ്ടോ മൂന്നോ പേര്‍ മാത്രമെ സ്‌ക്വാഡുകളിലുണ്ടാകാന്‍ പാടുള്ളൂ. പൊതു പ്രകടനങ്ങള്‍ ഒഴിവാക്കണം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന 1.5 ലക്ഷം ജീവനക്കാര്‍ക്കും മാസ്‌ക്കും കൈയുറകളും നല്‍കും. സാമൂഹിക അകലം പാലിച്ചാകും ബൂത്തിലെ ക്രമീകരണങ്ങള്‍. രാഷ്ട്രീയ പ്രതിനിധികളുടെ ഇരിപ്പിടങ്ങളും ഇങ്ങനെ ആയിരിക്കും. എല്ലാ ബൂത്തിലും ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സാനിറ്റൈസറുണ്ടാകും. വോട്ട് ചെയ്യാന്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസര്‍ നിര്‍ബന്ധമായി ഉപയോഗിക്കണം. സാമൂഹിക അകലം പാലിച്ച് വരിനില്‍ക്കാനുള്ള സ്ഥലങ്ങള്‍ രേഖപ്പെടുത്തും. കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് അല്ലെങ്കില്‍ പ്രോക്‌സി വോട്ട് ചെയ്യാന്‍ അനുമതി നല്‍കും.

 

തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശ ലഭിക്കുന്ന മുറയ്ക്ക് പഞ്ചായത്ത് - മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി ചെയ്യും. താത്കാലിക ക്രമീകരണമായതിനാല്‍ ഇതിനായി ഓര്‍ഡിനന്‍സ് മതിയാകും. 65വയസ് കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍, പ്രോക്‌സി വോട്ട് അനുവദിക്കാന്‍ നേരത്തെ ആലോചിച്ചിരുന്നുവെങ്കിലും 75 കഴിഞ്ഞവര്‍ക്കായി പരിമിതപ്പെടുത്താനാണ് സാദ്ധ്യത.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പുതുക്കിയ വോട്ടര്‍ പട്ടിക ആഗസ്റ്റ് രണ്ടാംവാരത്തില്‍ പുറത്തിറക്കും. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ മരിച്ചവരുടെയും സ്ഥലം മാറിപ്പോയവരുടെയും പേരുകള്‍ നീക്കാത്തതില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇവ നീക്കുന്ന നടപടികള്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരായ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ നടത്തിവരികയാണ്. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാകും തിരഞ്ഞെടുപ്പ്. പുതിയ ക്രമീകരണങ്ങള്‍ സംബന്ധിച്ച് അന്തിമധാരണയായിട്ടില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.

 

 

OTHER SECTIONS