വാക്സിനുകളേക്കാൾ നല്ലത് മാസ്കുകൾ; സിഡിസി ഡയറക്ടർ

By online desk .30 09 2020

imran-azhar

 

 

വാഷിംഗ്‌ടൺ; വാക്സിനുകളേക്കാൾ നല്ലത് മാസ്കുകളാണെന്ന് സിഡിസി ഡയറക്ടർ. വൈദ്യശാസ്ത്ര ഗവേഷണ സ്ഥാപനമായ അമേരിക്കയിലെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഡയറക്ടർ റോബർട്ട് റെഡ്ഫീൽഡ് ആണ് ഇത്തരമൊരു കണ്ടെത്തലുമായി രംഗത്തെത്തിയത്. വാക്സിനുകൾ കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കുമെങ്കിലും ഫെയ്‌സ് മാസ്കുകളാണ് കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

മാസ്കുകളും വാക്സിനുകളും രണ്ടും വ്യത്യസ്ത സാമഗ്രികളാണ്. അവയുടെ പ്രവർത്തനവും വ്യത്യസ്തമാണ്. മാസ്ക് ഉപയോഗം രോഗവ്യാപനത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നു. വാസ്തവത്തിൽ, മാസ്കുകൾ ഉപയോഗിക്കുന്നത് ഭാവിയിൽ വാക്സിൻ നിർമ്മാതാക്കളുടെ ജോലി എളുപ്പമാക്കുന്നുവെന്നും സിഡിസി വ്യക്തമാക്കി. ആദ്യകാല വാക്സിനുകൾ സുരക്ഷിതമായിരിക്കില്ല. അനേകം പാർശ്വഫലങ്ങളും അപകടസാധ്യതയും വാക്‌സിനുകൾ ഉണ്ടാക്കാനിടയുണ്ട്. അവ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. വാക്‌സിനുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇപ്പോൾ ലഭ്യമായ മാസ്കുകൾ കൂടുതലും സുരക്ഷിതമാണ്.

 

ആദ്യമായി പുറത്തിറങ്ങുന്ന വാക്‌സിനുകളെക്കാൾ വിലകുറഞ്ഞതും കൂടുതൽ ലാഭകരവുമാണ് മാസ്കുകൾ വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതും. ഒരു വാക്സിൻറെ ഫലപ്രാപ്തി പരിശോധിക്കുന്നതിനും സുരക്ഷിതമായി നിർമ്മിക്കുന്നതിനും കാലതാമസം ഉണ്ടാകും. റോബർട്ട് റെഡ്ഫീൽഡ് പറയുന്നു.

 

മാസ്ക് ധരിക്കുന്നത് അണുബാധയുണ്ടാകാതിരിക്കുവാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗ്ഗങ്ങളിൽ ഒന്നാണ്. പ്രായഭേദമന്യേ എല്ലാവരിലും മാസ്കുകൾ ഫലപ്രദമാണ്. മാസ്കുകൾ ആവശ്യമുള്ളവർക്ക് വിതരണം ചെയ്യാനും ഉയർന്ന അളവിൽ ഉൽ‌പാദിപ്പിക്കാനും വളരെ എളുപ്പമാണ്. നോവൽ കൊറോണ വൈറസിനെ തടയാനും അപകടസാധ്യത കുറയ്ക്കുന്നതിനുമുള്ള ഏറ്റവും വലിയ മാർഗ്ഗം മാസ്ക് ധരിക്കുക എന്നതാണെന്നും സിഡിസി മാർഗ്ഗനിർദ്ദേശങ്ങൾ സൂചിപ്പിക്കുന്നു.


ആളുകൾ ചുമയ്ക്കുമ്പോൾ മാസ്ക് ഉപയോഗിക്കുന്നത് ഉമിനീരിന്റെ അളവ് ഫലപ്രദമായി കുറയ്ക്കുന്നു, രോഗികൾ മാസ്ക് ധരിച്ചാൽ മറ്റുള്ളവർക്കും മികച്ച പരിരക്ഷ ലഭിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 'നിങ്ങൾ മാസ്ക് ശരിയായ രീതിയിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു പരിധി വരെ രോഗം പടരാതിരിക്കാൻ അത് സഹായിക്കും. രോഗലക്ഷണങ്ങളില്ലാതെയുള്ള രോഗവ്യാപനം തടയാനും ഇത് ഫലപ്രദമാണ്.'
അതിനാൽ, നിങ്ങൾ രോഗിയാണെങ്കിലും അല്ലെങ്കിലും ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും മാസ്ക് ധരിക്കുന്നത് ഏറെ നല്ലതാണെന്നും സിഡിസി പറയുന്നു.

 

 

 

OTHER SECTIONS