ഒരു രാഷ്ട്രം, ഒറ്റ ഇലക്ഷന്‍: യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

By Shyma Mohan.12 Jan, 2018

imran-azhar


    ന്യൂഡല്‍ഹി: ഒരു രാഷ്ട്രം, ഒറ്റ ഇലക്ഷന്‍ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അജണ്ട ത്വരിതഗതിയിലാക്കാന്‍ നീക്കം. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനായി അഭിപ്രായ സമന്വയത്തില്‍ എത്തിച്ചേരുന്നതിന് ആവശ്യമായ ചര്‍ച്ചകള്‍ നടത്തണമെന്ന് കഴിഞ്ഞ ദിവസം മോദി ബി.ജെ.പി പ്രവര്‍ത്തകരുടെ യോഗത്തില്‍ ആഹ്വാനം ചെയ്തിരുന്നു.
    ബുധനാഴ്ച നടന്ന നീതി ആയോഗ് യോഗത്തിലും രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍ ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനായി സമ്മര്‍ദ്ദം ചെലുത്തണമെന്ന് ബൗദ്ധിക സമൂഹത്തോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ പരിഷ്‌കരണമായിട്ടാണ് ഒറ്റ ഇലക്ഷന്‍ സമ്പ്രദായത്തെ മോദി കണ്ടുവരുന്നത്.
    ആര്‍.എസ്.എസുമായി ബന്ധപ്പെട്ട രാംഭൗ മാല്‍ഗി പ്രബോധിനി വിഷയത്തില്‍ രണ്ടുദിവസത്തെ സെമിനാര്‍ ഈ മാസം നടത്തുമെന്ന് ബി.ജെ.പി ഉപാധ്യക്ഷന്‍ ഡോ.വിനയ് സഹസ്രബുദ്ധെ പറഞ്ഞു. ഒരേസമയം നിയമസഭയിലേക്കും ലോക്‌സഭയിലേക്കും തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പൊതുവായ ചര്‍ച്ച ആവശ്യമാണെന്നും അത് നടപ്പാക്കുമ്പോഴുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ മറികടക്കാനും ജനങ്ങളെ ബോധവത്കരിക്കുന്നതിനും ഇതുമൂലം കഴിയുമെന്ന് ബി.ജെ.പി കരുതുന്നതായി സഹസ്രബുദ്ധെ പറഞ്ഞു. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഒറ്റ ഇലക്ഷന്‍ എന്ന ആശയത്തോട് യോജിക്കുന്നതായി സഹസ്രബുദ്ധെ കൂട്ടിച്ചേര്‍ത്തു.

OTHER SECTIONS