പാലാരിവട്ടം പാലം ഇന്ന് പൊളിച്ചുതുടങ്ങും ; പൂജയോടെ തുടക്കം

By online desk.27 09 2020

imran-azhar

 

 

കൊച്ചി ; പാലാരിവട്ടം പാലം ഇന്ന് പൊളിച്ചുതുടങ്ങും. പൂജനടത്തിയാണ് പാലം പൊളിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുക. 9 മണിക്കാണ് ടാർ ഇളക്കിമാറ്റുന്ന പണികൾ ഇന്ന് ആരംഭിക്കുക. ആദ്യഘട്ടത്തിൽ ഗതാഗത നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. ഇന്ന് 10 മണിയോടുകൂടി പോലീസിന്റെയും ഡിഎംആർസിയുടെയും സംയുക്ത പരിശോധനയുണ്ടാകും. അതിനു ശേഷമാണ് ഏതുതരത്തിലുള്ള നിയന്ത്രണങ്ങൾ വേണമെന്ന തീരുമാനങ്ങൾ എടുക്കുക.

 

പാലാരിവട്ടം പാലം പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് പാലം പൊളിച്ചുതുടങ്ങാൻ തീരുമാനമായത്. 6 മാസത്തിനുള്ളിൽ പാലംപണി പൂർത്തിയാകുമെന്നും ഡിഎംആർസി അറിയിച്ചു.ടാർ കട്ടിങ് അടക്കമുള്ള പ്രാഥമിക ജോലികളാണ് ആരംഭിച്ചത്‌.

 

കൊച്ചിക്കാരുടെ പേടിസ്വപ്നമായിരുന്നു പാലാരിവട്ടം ബൈപ്പാസ്. വൻ ഗതാഗതക്കുരുക്കായിരുന്നു ഈ പ്രദേശത്തു അനുഭവപ്പെട്ടിരുന്നത്. ഊരാളുങ്കൽ ഡിഎംആർസി സംയുക്ത യോഗത്തിലാണ് പാലം പൊളിക്കാൻ തീരുമാനമായത്. ഡിഎംആര്സിയാണ് പാലത്തിന്റെ സാങ്കേതിക മേൽനോട്ടവും വഹിക്കുന്നത്. നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഡിഎംആർസി മുഖ്യ ഉപദേഷ്‌ടാവ് ഇ.ശ്രീധരനും ഡിഎംആർസിയുടെ ചീഫ് എൻജിനീയറായ കേശവചന്ദ്രനുമാണ്. ഊരാളുങ്കൽ ലേബർ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്കാണ് കരാർ.

 പാലത്തിന്റെ ടാർ ഇളക്കി നീക്കുന്ന പണികളാണ് ആദ്യം നടക്കുക. നവീകരണ ജോലികൾക്കിടെ അവശിഷ്‌ടങ്ങൾ തെറിച്ച് റോഡിലേയ്ക്ക് വീഴാതിരിക്കാൻ കമ്പിവല കെട്ടുന്ന പണിയും ഇന്ന് ആരംഭിക്കും. മറ്റന്നാൾ മുതൽ ഗർഡറുകൾ പൊളിച്ച് തുടങ്ങും. പാലത്തിന്റെ ഇരുവശത്തു കൂടിയുമുള്ള ഗതാഗതം നിയന്ത്രിക്കില്ല. എന്നാൽ മറ്റന്നാൾ മുതൽ അണ്ടർ പാസ് വഴിയുള്ള ക്രോസിങ് അനുവദിക്കില്ല.

 

OTHER SECTIONS