By parvathyanoop.11 06 2022
പ്രവാചകന് മുഹമ്മദ് നബിക്കെതിരായ അപവാദ പ്രചരണങ്ങളില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്. ബിജെപി നേതാക്കളായ നുപുര്‍ ശര്‍മയുടെയും നവീന്‍ കുമാര്‍ ജിന്‍ഡാലിന്റെയും പ്രചരണങ്ങള്‍ക്കെതിരെ ഡല്‍ഹി ജുമാ മസ്ജിദില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. (Prophet Delhi Jama Masjid)ഏകദേശം 500ഓളം ആളുകളാണ് വെള്ളിയാഴ്ചത്തെ ജുമുഅ നിസ്കാരത്തിനു ശേഷം മുദ്രാവാക്യം മുഴക്കി പ്രതിഷേധത്തില്‍ പങ്കെടുത്തത്. നുപുര്‍ ശര്‍മയെയും നവീന്‍ കുമാറിനെയും അറസ്റ്റ് ചെയ്യണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. പള്ളിയുടെ കവാടത്തിനരികെ സമാധാനപരമായാണ് പ്രതിഷേധം നടന്നതെന്ന് പോലീസ് അറിയിച്ചു.
15-20 മിനിട്ട് നീണ്ട പ്രതിഷേധത്തിനു ശേഷം ആളുകള്‍ പിരിഞ്ഞുപോയി. ഇവിടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.ഉത്തര്‍പ്രദേശിലും പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് നടപടിയെടുത്തു. ഇതിനോടകം 227 പേരെയാണ് ആറു ജില്ലകളില്‍ നിന്നായി പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കാന്‍ സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രയാഗ് രാജില്‍നിന്ന് ആറുപേരെയും ഹത്രാസില്‍നിന്ന് 50 പേരെയും യുപി പോലീസ് അറസ്റ്റ് ചെയ്തു. സഹാറണ്‍പുര്‍ (എട്ടു പേര്), അംബേദ്കര്‍ നഗര്‍ (28 പേര്), മൊറാദാബാദ് (25), ഫിറോസാബാദ് (25), ഫിറോസാബാദ് (എട്ട്) ജില്ലകളിലും അറസ്റ്റ് നടന്നു. പ്രതിഷേധം അരങ്ങേറിയ സ്ഥലങ്ങളില്‍നിന്ന് ലഭിച്ച വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് പോലീസ് പറയുന്നത്.