ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കായി പൊലീസിന്റെ സൂം മീറ്റിംഗ്; സ്‌പെഷ്യല്‍ ഡ്രൈവില്‍ പിടി വീണത് 640 പേര്‍ക്ക്

By online desk .11 08 2020

imran-azharതിരുവനന്തപുരം: ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കായി പൊലീസിന്റെ സൂം മീറ്റിംഗ്. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് സൂം മീറ്റിംഗിലൂടെ എസ്എച്ച്ഒമാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. ഇന്നലെ മുതല്‍ ക്വാറന്റൈനിലുളള ആളുകളുമായി സൂം മീറ്റിംഗ് ആരംഭിച്ചു. ഇന്നും ഇത് തുടരുമെന്നും കമ്മീഷണര്‍ അറിയിച്ചു. ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയിലും പ്രവര്‍ത്തിക്കുന്ന ക്വാറന്റൈന്‍ ചെക്കിംഗ് സ്‌പെഷ്യല്‍ ടീം ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ വാസസ്ഥലങ്ങള്‍ തിരിച്ചറിയുന്നതിനുള്ള സ്റ്റിക്കറുകള്‍ പതിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

 

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്തെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും അതിര്‍ത്തി അടച്ചുള്ള കര്‍ശന പരിശോധനയാണ് പൊലീസ് തുടരുന്നത്. അതോടൊപ്പം കോവിഡ് സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതും ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്ന പ്രവര്‍ത്തങ്ങളും ശക്തമായി തുടരുന്നതായി സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. അതേസമയം നഗരത്തിലെ കോവിഡ് രോഗവ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് തിരുവനന്തപുരം സിറ്റി പൊലീസ് നടത്തി വരുന്ന മാസ്് ഡ്രൈവ് ഇന്നലെയും തുടര്‍ന്നു. എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും എസ്.എച്ച്.ഒമാരുടെ നേതൃത്വത്തില്‍ സിറ്റിയിലെ കണ്‍ട്രോള്‍ റൂം വാഹനങ്ങളും ചേര്‍ന്ന് പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 640 പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. രാവിലെ 10.00 മണി മുതല്‍ 1.00 വരെയും വൈകുന്നേരം 4.00 മണി മുതല്‍ 7.00 മണി വരെയുമായിരുന്നു വ്യാപകമായ പരിശോധനകള്‍ നടന്നത്.

 

പൊലീസ് സ്റ്റേഷനുകളില്‍ നിന്നുളള പ്രത്യേക ബൈക്ക് പട്രോള്‍ ടീമുകളും മാസ് ഡ്രൈവില്‍ പങ്കെടുത്തു. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ കണ്ടെത്തിയ 479 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാതെ കാണപ്പെട്ട 110 പേര്‍ക്കെതിരെയും നിയമനടപടി എടുത്തു. സാമൂഹിക അകലം പാലിക്കാതെയും, കോവിഡ് പ്രോട്ടോക്കോള്‍ അനുസരിക്കാതെയും പ്രവര്‍ത്തിച്ച 38 കടകള്‍ക്കെതിരെയും നിയമ നടപടി സ്വീകരിച്ചു. കൂടാതെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ സര്‍വ്വീസ് നടത്തിയ 13 വാഹനങ്ങള്‍ക്കെതിരെയും സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടപടി സ്വീകരിച്ചു.

 

 

 

 

OTHER SECTIONS