പുടിന്‍ ഭയക്കുന്ന നവാല്‍നി !

By online desk.25 08 2020

imran-azhar
ഏതെങ്കിലും രാജ്യത്ത് മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഇടപെടുന്ന രാഷ്ട്രങ്ങളുടെ കൂടെ റഷ്യയും പ്രധാനിയാണ്. എന്നാല്‍ അവിടുത്തെ പ്രശ്‌നങ്ങള്‍ പുറംലോകം അറിയുന്നില്ലതാനും. അടുത്ത കാലത്ത് റഷ്യയില്‍ നിന്ന് പുറത്തു വന്ന വാര്‍ത്ത ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്റെ വിമര്‍ശകനും പ്രതിപക്ഷനേതാവുമായ നവാല്‍നിക്ക് ആരോ വിഷം നല്‍കിയിരിക്കുന്നു. ഇപ്പോള്‍ ബെര്‍ലിന്‍ ആശുപത്രിയില്‍ ജീവനുവേണ്ടി പോരാടുകയാണ് അലക്‌സെ നവാല്‍നി. അദ്ദേഹത്തിന് ചായയില്‍ വിഷം കലര്‍ത്തി നല്‍കിയെന്നാണ് സംശയിക്കപ്പെടുന്നത്. സൈബീരിയന്‍ നഗരമായ ടോംസ്‌കില്‍ നിന്ന് മോസ്‌കോയിലേക്കുള്ള വിമാനയാത്രക്കിടെയാണ് വിഷം ഉള്ളില്‍ ചെന്ന് അദ്ദേഹം അബോധാവസ്ഥയിലായത്. കോമയിലായ നവാല്‍നിയെ സൈബീരിയന്‍ നഗരമായ ഓംസ്‌കില്‍ നിന്ന് ബെര്‍ലിനിലേയ്ക്ക് എത്തിക്കുകയായിരുന്നു.അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം പുടിനെതിരെയും വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. 44 -കാരനായ അഭിഭാഷകനും മുഖ്യപ്രതിപക്ഷത്തിന്റെ നേതാവുമായ നവാല്‍നി, പുടിനെതിരെ ക്രെംലിന്‍ വിരുദ്ധ പ്രതിഷേധം സംഘടിപ്പിക്കുകയും നിരവധി തവണ ജയിലില്‍ കഴിയുകയും ചെയ്തിട്ടുണ്ട്. 2012 -ല്‍ 'വോള്‍ സ്ട്രീറ്റ് ജേണല്‍' നവാല്‍നിയെ വിശേഷിപ്പിച്ചത് 'വ്‌ളാഡ്മിര്‍ പുടിന്‍ ഏറ്റവും പേടിക്കുന്ന വ്യക്തി' എന്നായിരുന്നു.


2010 -ല്‍ റഷ്യയിലെ അഴിമതിയെക്കുറിച്ച് തുറന്നെഴുതിയ ഒരു ബ്ലോഗറായിട്ടാണ് നവാല്‍നി ശ്രദ്ധേയനാകുന്നത്. അദ്ദേഹത്തിന്റെ വീഡിയോകള്‍ ഓണ്‍ലൈനില്‍ ദശലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിച്ചു. കോര്‍പ്പറേറ്റ് അഴിമതിക്കെതിരായ അദ്ദേഹത്തിന്റെ പ്രചാരണം പതുക്കെ സര്‍ക്കാരിലേക്കും പുടിന്റെ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യയിലേക്കും നീണ്ടു. വഞ്ചകരും കള്ള•ാരും നിറഞ്ഞ ആ പാര്‍ട്ടിക്കെതിരെ വോട്ടു ചെയ്യൂ എന്നാണ് അന്ന് ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തത്. 2011 നും 2013 നും ഇടയില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത പുടിന്‍ വിരുദ്ധ പ്രകടനങ്ങള്‍ അദ്ദേഹം സംഘടിപ്പിച്ചു. 2011 -ല്‍ ആന്റി കറപ്ഷന്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയും അദ്ദേഹം സ്ഥാപിച്ചു. അതിലൂടെ രാജ്യത്ത് നടക്കുന്ന അഴിമതിയുടെയും ദുര്‍ഭരണത്തിന്റെയും വിവരങ്ങള്‍ അദ്ദേഹം പുറത്തു കൊണ്ടുവന്നു. സര്‍ക്കാരിനും, ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ നിരന്തരം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച അദ്ദേഹം പല തവണ ജയിലിലടക്കപ്പെട്ടിട്ടുണ്ട്.


2013 -ല്‍ സഖ്യകക്ഷികള്‍ ചേര്‍ന്ന് രൂപീകരിച്ച പ്രോഗ്രസ് പാര്‍ട്ടിയുടെ നേതാവായി നവാല്‍നി സ്ഥാനമേറ്റു. ആ വര്‍ഷത്തെ മോസ്‌കോ മേയര്‍ തിഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും, രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. തിരഞ്ഞെടുപ്പ് വെറും അട്ടിമറിയാണെന്നും, കള്ളത്തരമാണെന്നും, അതുകൊണ്ട് മാത്രമാണ് താന്‍ പരാജയപ്പെട്ടതെന്നും അന്ന് നവാല്‍നി പറയുകയുണ്ടായി. റഷ്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് സ്വാതന്ത്ര്യം നല്‍കുക, മാദ്ധ്യമങ്ങളെ കൈപ്പിടിയിലൊതുക്കുന്ന സര്‍ക്കാരിന്റെ പ്രവണതയെ തടയുക തുടങ്ങിയ ജനാധിപത്യ മൂല്യങ്ങള്‍ക്കായി എന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രചാരണം നടത്തിയത്. 2018 -ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പുടിനെതിരെ മത്സരിക്കാന്‍ ആഗ്രഹിച്ച നവാല്‍നിയുടെ ആഗ്രഹം പക്ഷേ നിറവേറാതെ പോയി. ഒരു തട്ടിപ്പ് കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍, രാഷ്ട്രീയ പകപോക്കലാണ് ഈ കള്ളക്കേസിനു പിന്നില്‍ എന്ന് നവാല്‍നി ആരോപിച്ചു.


അഴിമതി വിരുദ്ധ പോരാളി


അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ നവാല്‍നി പലതവണ ജയിലില്‍ കിടന്നിട്ടുണ്ട്. 2013 -ല്‍ നവാല്‍നിയെ തട്ടിപ്പു കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജയില്‍ ശിക്ഷ വിധിക്കുകയുണ്ടായി. എന്നാല്‍, മോസ്‌കോയിലെ തെരുവുകളില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പിറ്റേദിവസം അദ്ദേഹം മോചിതനാവുകയായിരുന്നു. യൂറോപ്യന്‍ മനുഷ്യാവകാശ കോടതി വിധിന്യായത്തെ അസാധുവാക്കി. വിചാരണവേളയില്‍ അദ്ദേഹത്തെ കോടതി വേണ്ടരീതിയില്‍ കേട്ടില്ലെന്ന് പറഞ്ഞായിരുന്നു അത്. കൂടാതെ, ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളെത്തുടര്‍ന്ന് 2014 -ല്‍ അദ്ദേഹത്തെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയുണ്ടായി.


തുടര്‍ന്ന്, 2017 -ലെ ഒരു വിചാരണയില്‍, രണ്ടാമതും ശിക്ഷിക്കപ്പെടുകയും അഞ്ച് വര്‍ഷത്തെ സസ്‌പെന്‍ഷന്‍ ശിക്ഷ ലഭിക്കുകയും ചെയ്തു. അതുപോലെ തന്നെ 2017 -ല്‍ മുന്‍ പ്രധാന മന്ത്രിയായിരുന്ന മെദ്വദേവിന്റെ നേതൃത്വത്തില്‍ നടന്ന അഴിമതി ഇടപാടുകള്‍ നവാല്‍നി പുറത്തുകൊണ്ടുവരികയുണ്ടായി. ഇതിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് റഷ്യയിലുടനീളം ആയിരക്കണക്കിന് ആളുകള്‍ അണിചേര്‍ന്നു. രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയെന്നും, പൊലീസ് ഉത്തരവുകള്‍ ലംഘിച്ചുവെന്നും ആരോപിച്ച് നവാല്‍നി 15 ദിവസത്തേയ്ക്ക് ജയിലിലടക്കപ്പെട്ടു. പിന്നീട്, 2019 ഡിസംബറില്‍ റഷ്യന്‍ സുരക്ഷാസേന അദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ ഫൗണ്ടേഷന്റെ ഓഫീസുകളില്‍ റെയ്ഡ് നടത്തി. അവിടെയുള്ള ലാപ്‌ടോപ്പുകളും മറ്റ് ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്തു. ആ വര്‍ഷം ആദ്യം അദ്ദേഹത്തിന്റെ സംഘടനയെ 'വിദേശ ഏജന്റ്' ആയി പ്രഖ്യാപിച്ചിരുന്നു.

 

കൊലയാളി എന്നും പിന്നാലെ


സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തിയതിന് നവാല്‍നി ആക്രമിക്കപ്പെടുന്നതും ഇതാദ്യമായല്ല. 2017 -ല്‍ ജയിലിലായിരിക്കെ ആന്റിസെപ്റ്റിക് ഗ്രീന്‍ ഡൈ മുഖത്ത് തെറിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. ആ വര്‍ഷം അത് രണ്ടാം തവണയാണ് അദ്ദേഹം ആക്രമണം നേരിടുന്നത്. ആക്രമണത്തെ തുടര്‍ന്ന് അദ്ദേഹം ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു: ''ഇത് തമാശയായി തോന്നുന്നെങ്കിലും, നരകവേദനയാണ് എനിക്ക് അനുഭവപ്പെടുന്നത്.'' പിന്നീട് 2019 ജൂലായില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന് 30 ദിവസത്തെ തടവിന് അദ്ദേഹം ശിക്ഷിക്കപ്പെട്ടു. ജയിലില്‍ കഴിഞ്ഞ അദ്ദേഹത്തിന് കടുത്ത അലര്‍ജി ബാധിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

 

വിഷമേറ്റിട്ടുണ്ടാകാമെന്നാണ് അദ്ദേഹത്തിന്റെ സ്വന്തം ഡോക്ടര്‍ അന്ന് പറഞ്ഞത്. 2017 -ല്‍ ദി ഇന്‍ഡിപെന്‍ഡന്റിനു നല്‍കിയ അഭിമുഖത്തില്‍ 'എന്തുകൊണ്ടാണ് അദ്ദേഹം ഇതുവരെ കൊല്ലപ്പെടാത്തതെന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ എപ്പോഴും ചോദിക്കാറുണ്ടെന്നും, ആ ചോദ്യത്തിനുള്ള ഉത്തരം തനിക്കറിയില്ലെന്നും, താന്‍ മരിക്കാത്തതെന്തെന്ന് പുടിനോട് ചോദിക്കൂ'വെന്നും അദ്ദേഹം പറയുകയുണ്ടായി.


റഷ്യന്‍ രാഷ്രീയ വ്യവസ്ഥയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നേതാവാണ് നവാല്‍നി. പക്ഷെ, അദ്ദേഹത്തിന് യഥാര്‍ത്ഥത്തില്‍ വിഷം നല്‍കപ്പെട്ടോ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ എത്രത്തോളം മോശമാണ്, ചികിത്സ ലഭിക്കുമോ തുടങ്ങിയ വിവരങ്ങളൊന്നും ഇതുവരെയും മുഴുവനായും പുറത്തെത്തിയിട്ടില്ല.

 

 

OTHER SECTIONS