വാട്ടര്‍ ടാപ്പ് നേരെയാക്കാന്‍ എന്ന വ്യാജേന വീട്ടിലെത്തി ബാങ്ക് ഉദ്യോഗസ്ഥയെ പീഡിപ്പിച്ചു

By Shyma Mohan.17 Feb, 2018

imran-azhar


    ന്യൂഡല്‍ഹി: ബാങ്ക് ഉദ്യോഗസ്ഥയെ അവരുടെ വീട്ടിലെ വാട്ടര്‍ ടാപ്പ് റിപ്പയര്‍ ചെയ്യാനെന്ന വ്യാജേന വീട്ടിലെത്തി പീഡിപ്പിച്ചതായി പരാതി. വടക്കന്‍ ഡല്‍ഹിയിലെ നാഷണല്‍ ബാങ്കിലെ 29കാരിയായ മുതിര്‍ന്ന ഉദ്യോഗസ്ഥയാണ് കഴിഞ്ഞ ഡിസംബര്‍ 19ന് രാത്രിയില്‍ തന്നെ വസതിയില്‍ വെച്ച് പീഡിപ്പിച്ചതായി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മൂന്നുവര്‍ഷമായി ബാങ്കില്‍ ജോലി ചെയ്തുവരുന്ന യുവതി എട്ടുമാസം മുന്‍പ് ഡല്‍ഹിയിലേക്ക് ട്രാന്‍സ്ഫറായിരുന്നു. ബ്രാഞ്ചിന്റെ താക്കോലുകളുടെ ഉത്തരവാദിത്വം യുവതിയെ ഏല്‍പിച്ചിരുന്നതിനാല്‍ ബാങ്കിന് സമീപം വാടകക്ക് താമസിച്ചു വരികയായിരുന്നു. നാലുനിലയുള്ള കെട്ടിടത്തില്‍ താമസമാക്കിയ യുവതിയാണ് പീഡനത്തിനിരയായത്. സംഭവം നടക്കുന്ന രാത്രിയില്‍ തനിച്ച് താമസിച്ചിരുന്ന യുവതിയുടെ വീട്ടുജോലിക്കാരനും ബാങ്കിന്റെ എടിഎം ഗാര്‍ഡുമായിരുന്ന ആള്‍ ടാപ്പില്‍ വെള്ളമില്ലെന്ന് അറിയിച്ചു. വീട്ടില്‍ പാചകം ചെയ്യുകയായിരുന്ന ജോലിക്കാരന്റെ അറിയിപ്പിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ താഴെ നിലയിലെ ജിം പ്രവര്‍ത്തിക്കുന്നിടത്ത് ചെന്ന് വീട്ടുടമയുടെ മകനോട് വെള്ളം ലഭിക്കുന്നില്ലെന്ന് യുവതി അറിയിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വീട്ടുടമയുടെ മകനും ജിം നടത്തിവരികയുമായിരുന്ന യുവാവ് സഹായിക്കാന്‍ കൂട്ടാക്കിയില്ലെന്ന് യുവതി പറഞ്ഞു. അതേസമയം ജിമ്മില്‍ വെച്ച് തന്റെ സംഭാഷണം ശ്രദ്ധിച്ചിരുന്ന മറ്റൊരാള്‍ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ടാപ്പ് നന്നാക്കാനെന്ന വ്യാജേന എത്തുകയും കെട്ടിടത്തിന്റെ ടെറസില്‍ വെച്ച് പീഡിപ്പിക്കുകയുമായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. യുവതിയുടെ കയ്യിലുണ്ടായിരുന്ന ടാബ്‌ലറ്റ് ഉപയോഗിച്ച് അക്രമിയുടെ മുഖത്തടിച്ച് അയാളില്‍ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.