തലസ്ഥാനത്തെ തിലകക്കുറിയാകാന്‍ ഗുരുദേവ പ്രതിമ

By online desk .20 09 2020

imran-azharതിരുവനന്തപുരം: രണ്ടര വര്‍ഷത്തെ കാത്തിരിപ്പിന് ഇന്ന് വിരാമമാകുന്നു. തലസ്ഥാനത്തിന് തിലകക്കുറിയാകുന്ന ഗുരുദേവ പ്രതിമ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ഗുരുദേവന്റെ ചരിത്ര പ്രസിദ്ധമായ 'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചാണ് തലസ്ഥാനത്ത് ഗുരുദേവ പ്രതിമ സ്ഥാപിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകുന്നത്. കനകക്കുന്ന് കൊട്ടാരത്തിന് എതിര്‍വശം വാട്ടര്‍ അതോറിട്ടിയുടെ കല്‍മണ്ഡപത്തിന് ചുറ്റുമുള്ള പ്രദേശത്ത് സാംസ്‌കാരിക വകുപ്പ് തയ്യാറാക്കുന്ന പാര്‍ക്കിലാണ് പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. രാവിലെ 9.30ന് മുഖ്യമന്ത്രി മ്യൂസിയത്തിന് എതിര്‍വശത്തെ ഒബ്‌സര്‍വേറ്ററി ഹില്‍സില്‍ പ്രതിമ അനാച്ഛാദനം ചെയ്യും. മന്ത്രി എ.കെ. ബാലന്‍ അദ്ധ്യക്ഷനാകും. എട്ടടി ഉയരമുള്ള പൂര്‍ണകായ വെങ്കലപ്രതിമ പത്തടി ഉയരമുള്ള ഗ്രാനൈറ്റ് പീഠത്തിലാണ് സ്ഥാപിക്കുന്നത്.

 

സാംസ്‌കാരിക വകുപ്പ് 1.9 കോടി രൂപ ചെലവിട്ടാണ് പ്രതിമയും ഉദ്യാനവും നിര്‍മ്മിക്കുന്നത്. പ്രതിമയ്ക്ക് 30 ലക്ഷം രൂപയും ഉദ്യാനത്തിനും ചുറ്റുമതിലിനും 80 ലക്ഷം രൂപയുമാണ് ചെലവ്. ഉദ്യാനത്തിന്റെയും ചുറ്റുമതിലിന്റെയും പണി തുടങ്ങിയിട്ടില്ല. പ്രതിമയോട് ചേര്‍ന്ന് പൂന്തോട്ടവും സന്ദര്‍ശകര്‍ക്കായി ഇരിപ്പിടവും ഒരുക്കും. ചുറ്റുമതിലില്‍ ഗുരുവിന്റെ ജീവചരിത്രം വിവരിക്കുന്ന 25 ലധികം ചുമര്‍ ചിത്രങ്ങളും സ്ഥാപിക്കും. ശില്‍പ്പി ഉണ്ണി കാനായിയാണ് എട്ട് ക്വിന്റല്‍ ഭാരമുള്ള പ്രതിമ രണ്ടര വര്‍ഷമെടുത്ത് നിര്‍മ്മിച്ചത്. മന്ത്രി കടകംപള്ളി സരേന്ദ്രന്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ മേയര്‍ കെ.ശ്രീകുമാര്‍, വി.എസ്.ശിവകുമാര്‍ എം.എല്‍.എ, ഡോ.ശശി തരൂര്‍ എം.പി, വി.കെ.പ്രശാന്ത് എം.എല്‍.എ, ഒ.രാജഗോപാല്‍ എം.എല്‍.എ, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് എന്നിവര്‍ സംസാരിക്കും. ചടങ്ങില്‍ ശില്പി ഉണ്ണി കാനായിയെ ആദരിക്കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും സാംസ്‌കാരിക ഡയറക്ടര്‍ ടി.ആര്‍.സദാശിവന്‍ നായര്‍ നന്ദിയും പറയും.

 

 

 

OTHER SECTIONS