മോദിയെ രാഷ്ട്രീയത്തിലേക്കിറക്കിയ സ്വാമി ആത്മസ്ഥാനന്ദ അന്തരിച്ചു

By Shyma Mohan.19 Jun, 2017

imran-azhar


    കൊല്‍ക്കത്ത: ബേലൂര്‍ ആസ്ഥാനമായുള്ള രാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷനായ സ്വാമി ആത്മസ്ഥാനന്ദ മഹാരാജ്(99) അന്തരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഷ്ട്രീയത്തിലേക്ക് ഇറക്കിയ സ്വാമി ആത്മസ്ഥാനന്ദയാണ് വാര്‍ദ്ധക്യസഹജമായ അസുഖം മൂലം കൊല്‍ക്കത്തയിലെ രാമകൃഷ്ണ മിഷന്‍ സേവാ പ്രതിഷ്ഠാനില്‍ ഇന്ന് വൈകിട്ട് അന്തരിച്ചത്. സ്വാമി ആത്മസ്ഥാനന്ദയുടെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്നും തന്റെ ജീവിതത്തിന്റെ ഒരു സുപ്രധാന കാലഘട്ടത്തില്‍ സ്വാമിയോടൊപ്പം കഴിഞ്ഞിരുന്നുവെന്നും മോദി പറഞ്ഞു. അറിവിന്റെ നിറകുടമായിരുന്നു സ്വാമിയെന്നും തലമുറകള്‍ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തെ സ്മരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
    സ്വാമി ആത്മസ്ഥാനന്ദ അന്തരിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സ്വാമിയെ സന്ദര്‍ശിച്ചിരുന്നു. സ്വാമിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചനം രേഖപ്പെടുത്തി. മാനവരാശിക്ക് തീരാനഷ്ടമാണ് സ്വാമി ആത്മസ്ഥാനന്ദയുടെ മരണമെന്ന് മമത ബാനര്‍ജി പറഞ്ഞു. 2015 ഫെബ്രുവരി മുതല്‍ ആരോഗ്യകാരണങ്ങളാല്‍ ആശുപത്രിയില്‍ കഴിഞ്ഞു വരികയായിരുന്നു സ്വാമി ആത്മസ്ഥാനന്ദ. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ വെന്റിലേറ്ററിലായിരുന്നു സ്വാമി. 1919 മെയ് 10ന് അവിഭക്ത ബംഗാളിലെ ധാക്കക്കടുത്തുള്ള സബാജ്പൂരിലാണ് സ്വാമി ജനിച്ചത്. രാമകൃഷ്ണയുടെ അനുയായിയായ സ്വാമി ബിച്‌നാനന്ദയില്‍ നിന്നുമാണ് 1938ല്‍ സന്യാസ ദീക്ഷ സ്വീകരിച്ചത്. 22ാം വയസിലാണ് ബേലൂരിലെ രാമകൃഷ്ണ മഠത്തില്‍ അദ്ദേഹം ചേര്‍ന്നത്.