ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കുംഭകോണം: മാരന്‍ സഹോദരന്‍മാരെ വെറുതെ വിട്ടതിനെതിരെ സിബിഐ ഹൈക്കോടതിയെ സമീപിക്കും

By Shyma Mohan.14 Mar, 2018

imran-azhar


    ന്യൂഡല്‍ഹി: വിവാദമായ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് അഴിമതിക്കേസില്‍ യുപിഎ ഭരണകാലത്ത് ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരനെയും സഹോദരന്‍ കലാനിധി മാരനെയും അടക്കം 7 പ്രതികളെ പ്രത്യേക കോടതി വെറുതെ വിട്ടതിനെതിരെ സി.ബി.ഐ മദ്രാസ് ഹൈക്കോടതിയെ സമീപിക്കും. പ്രതികളെ വെറുതെ വിട്ടുള്ള പ്രത്യേക കോടതിയുടെ ഉത്തരവ് അത്ഭുതപ്പെടുത്തുന്നതായി സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.
    നേരത്തെ പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ തെളിവുകളൊന്നുമില്ലെന്ന് കണ്ടാണ് കോടതി ഇവരെ വെറുതെ വിട്ടത്. കേന്ദ്ര ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരന്‍ 2004-06 കാലഘട്ടത്തില്‍ തന്റെ ഓഫീസിനെ ദുരുപയോഗം ചെയ്ത് ചെന്നൈയിലെ വസതിയില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ചതിനെതിരെയായിരുന്നു സിബിഐ കേസെടുത്തത്. 764 ടെലിഫോണ്‍ ലൈനുകള്‍ സ്ഥാപിച്ച് സണ്‍ ടിവി ഡാറ്റ കൈമാറുന്നതിനായി ഉപയോഗിച്ചതുവഴി 1.78 കോടിയുടെ നഷ്ടം ബിഎസ്എന്‍എല്‍ ചെന്നൈയ്ക്കും എംടിഎന്‍എല്‍ ഡല്‍ഹിക്കും വരുത്തിയെന്നായിരുന്നു കേസ്.
    മുന്‍ ബിഎസ്എന്‍എല്‍ ജനറല്‍ മാനേജരായ ബ്രഹ്മനാഥന്‍, മുന്‍ ഡെപ്യുട്ടി ജനറല്‍ മാനേജര്‍ എം.പി വേലുസ്വാമി, ദയാനിധി മാരന്റെ പ്രൈവറ്റ് സെക്രട്ടറി ഗൗതമന്‍, സണ്‍ടിവി ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. മാരന്‍ സഹോദരന്‍മാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്.

OTHER SECTIONS