ഭരണഘടന ആദ്യമെഴുതിയത് കൈകൊണ്ട് നിര്‍മ്മിച്ച കടലാസില്‍

By online desk.28 01 2020

imran-azhar

 

ഇന്ത്യന്‍ ഭരണഘടന ആദ്യമായി എഴുതിയത് പൂനെയില്‍ കൈ കൊണ്ട് നിര്‍മ്മിച്ച പേപ്പര്‍ ഉപയോഗിച്ചാണെന്നത് അധികമാര്‍ക്കും അറിയാത്ത രഹസ്യമാണ്. പൂനെയുടെ ഹൃദയഭാഗത്ത് കെബി ജോഷി റോഡില്‍ അഗ്രിക്കള്‍ച്ചറല്‍ കോളേജിന് സമീപത്തെ ചെറിയ കടയിലാണ് ഈ പേപ്പര്‍ നിര്‍മ്മിച്ചത്. അവിടെ കൈകൊണ്ട് നിര്‍മ്മിച്ച വ്യത്യസ്ത നിറങ്ങളിലുള്ള മനോഹരമായ കടലാസുകള്‍ ഇപ്പോഴും ലഭ്യമാണ്. ഗുണനിലവാരമുള്ള ഈ കടലാസുകള്‍ വളരെ പ്രസിദ്ധമാണ്. പുനെ ഹാന്‍ഡ്മെയ്ഡ് പേപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉടമസ്ഥതയിലുള്ള ഈ കടയില്‍ നിന്നാണ് ഇന്ത്യയുടെ കൈകൊണ്ട് നിര്‍മ്മിക്കുന്ന പേപ്പര്‍ വ്യവസായത്തിന്റെ ആരംഭം.100 ശതമാനവും നല്ലയിനം പരുത്തികൊണ്ട് ഉണ്ടാക്കിയതാണ് ഇവിടത്തെ കടലാസുകള്‍. സ്വതന്ത്ര ഇന്ത്യയുടെ സുപ്രധാന ഔദ്യോഗിക രേഖ ഉണ്ടാക്കാന്‍ ആവശ്യമായ കടലാസുകള്‍ പുനെയിലെ ഈ കടയിലാണ് കൈകൊണ്ട് നിര്‍മ്മിച്ചെടുത്തത്. 'ഗ്രാം പെര്‍ സ്‌ക്വയര്‍ മീറ്റര്‍' എന്നതിന്റെ ചുരുക്കപ്പേരാണ് ജി.എസ്.എം. ഇത് പേപ്പറിന്റെ ഗുണനിലവാരം സൂചിപ്പിക്കുന്നു. ജിഎസ്എം കൂടുന്തോറും കടലാസിന്റെ ഭാരവും ഗുണനിലവാരവും കൂടുന്നു. ഇവിടെ ഉപയോഗിക്കുന്ന കടലാസിന്റെ ജി.എസ്.എം 90-110 ആണ്. ഈ ബോണ്ട് പേപ്പര്‍ അതിന്റെ ഗുണനിലവാരത്തിലും ഈടിലും മറ്റ് കടലാസുകളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. ഏകദേശം 100 വര്‍ഷത്തിലേറെക്കാലം ഇത് കേടാകാതെയിരിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിരമിച്ച ലക്ചറര്‍ സഞ്ജീവ് നായിക് പറഞ്ഞു.

 

ഇന്ത്യന്‍ ഭരണഘടനയുടെ കലാപരമായ മേന്മയ്ക്ക് പിന്നില്‍ നന്ദലാല്‍ ബോസും അദ്ദേഹത്തിന്റെ കലാ വിദ്യാര്‍ത്ഥികളുമാണ് എന്നത് നമുക്കെല്ലാവര്‍ക്കുമറിയാം. എന്നാല്‍, ഭരണഘടനയ്ക്കായുള്ള കടലാസും അതിന്റെ വിതരണക്കാരനെയും തിരഞ്ഞെടുത്തത് മറ്റാരുമല്ല, മഹാത്മാഗാന്ധിയാണ്. ഇതിന്റെ ഭാഗമായി സ്വദേശി പ്രസ്ഥാനത്തിന്റെ മൂല്യങ്ങളില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ട ഒരു സ്ഥാപനം ആരംഭിക്കാന്‍ ഗാന്ധിജി ശാസ്ത്രജ്ഞന്‍ കെബി ജോഷിയുമായി ചേര്‍ന്ന് പദ്ധതിയിട്ടു. 1930കളില്‍ ഗാന്ധിജിയെ പരിചയപ്പെടുമ്പോള്‍ ജോഷി മഹാരാഷ്ട്രയില്‍ ന്യൂവാസയിലെ ഒരു ഓയില്‍ മില്ലില്‍ ജോലി ചെയ്യുകയായിരുന്നു.

 

39 വര്‍ഷമായി എച്ച്എംപിഐയില്‍ ജോലി ചെയ്തിരുന്ന സിവി പുന്താംബെല്‍ക്കര്‍ പറയുന്നതനുസരിച്ച്, പരുത്തിക്കുരുവില്‍ നിന്നും തുണിക്കഷണങ്ങളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന കടലാസിനെക്കുറിച്ച് ജോഷി ഇതിനകം തന്നെ മനസ്സിലാക്കിയിരുന്നു. അക്കാലത്ത് ഇറക്കുമതി ചെയ്യുന്ന കടലാസിന് പകരം ഗാന്ധിജിയെ അദ്ദേഹം ഇത് കാണിച്ചു. അതിന്റെ ഗുണനിലവാരത്തില്‍ തൃപ്തനായ ഗാന്ധിജി, പക്ഷേ കടലാസ് നിര്‍മ്മിക്കുന്നതിനായി യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിമുഖത കാട്ടി. പകരം കൈകൊണ്ട് കടലാസ്് നിര്‍മ്മിക്കാന്‍ പ്രോത്സാഹിപ്പിച്ചു. ഇതിനായി 1936ല്‍ പൂനെയിലെ ഭൂമി, കാര്‍ഷിക വകുപ്പില്‍ നിന്ന് 25 വര്‍ഷത്തേക്ക് പാട്ടത്തിന് എടുത്തു. പ്രതിവര്‍ഷം ഒരു രൂപയ്ക്കാണ് അത് അന്നത്തെ കാലത്ത് വാടകയ്ക്ക് എടുത്തത്. എന്നാല്‍, തുക സാക്ഷ്യപ്പെടുത്തുന്ന പാട്ടരേഖകളൊന്നും ഇപ്പോള്‍ നിലവിലില്ല. അങ്ങനെ ജോഷി പിന്നീട് കൃഷിക്കാരനായ ജി എച്ച് ഗോന്ധലേക്കറുമായി ചേര്‍ന്ന്, ബോംബെ ഖാദി സമിതി സ്ഥാപിച്ചു.

 

ബ്രിട്ടീഷുകാരുടെ പേപ്പര്‍ മില്ലുകളില്‍ ജോലി ചെയ്തിരുന്നവരെ കഗാസി ആളുകള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ജോഷി അവരെ സംഘടിപ്പിച്ച് ഈ പുതിയ കടലാസ് നിര്‍മ്മാണം പരിശീലിപ്പിച്ചു. സ്വദേശി ചരക്കുകള്‍ക്കും വ്യവസായങ്ങള്‍ക്കുമായുള്ള ഗാന്ധിയുടെ ആഹ്വാനത്തിന്റെ ഒരു പ്രധാന ചുവടുവയ്പ്പായി ഈ സംഘടന.
1940 ഓഗസ്റ്റ് ഒന്നിന് ജവഹര്‍ലാല്‍ നെഹ്റു ഈ സ്ഥാപനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കൈകൊണ്ട് നിര്‍മ്മിച്ച പേപ്പറിന്റെ വാണിജ്യ ഉദ്പാദനവും അങ്ങനെ ആരംഭിച്ചു. ഓള്‍ ഇന്ത്യ ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് അസോസിയേഷന് കീഴില്‍ ഗവേഷണ, പേപ്പര്‍ ഉല്‍പാദനത്തിന് പുറമേ 1956ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ്, ടെക്‌നിക്കല്‍ ട്രെയിനിംഗ് കോഴ്‌സുകളും ആരംഭിച്ചു.

 

രാജ്യമെമ്പാടുമുള്ള വിവിധ സര്‍വ്വകലാശാലകള്‍ അവരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് അച്ചടിക്കാനായി ഉപയോഗിക്കുന്നത് എച്ച്എംപിഐയില്‍ നിര്‍മ്മിക്കുന്ന ഈ പേപ്പറുകളാണ്. കൂടാതെ മന്ത്രിമാര്‍ക്കുള്ള ഔദ്യോഗിക ലെറ്റര്‍ ഹെഡുകളും ഇതില്‍ തന്നെയാണ് അച്ചടിക്കുന്നത്. ബാക്കിയുള്ളവ സ്റ്റേഷനറിക്കടകളില്‍ വില്‍ക്കുന്നു. 1958ല്‍ രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും വിവാഹ ക്ഷണക്കത്ത് അച്ചടിക്കാന്‍ കടലാസ് വിതരണം ചെയ്തതും ഈ സ്ഥാപനം തന്നെയാണ്. ജുന്നാര്‍ ഗ്രാമത്തില്‍ നിര്‍മ്മിച്ച സില്‍ക്ക് മിശ്രിത പേപ്പറായിരുന്നു ഇതിനായി ഉപയോഗിച്ചത്.

 

വാഴപ്പഴത്തിന്റെ നാരുകള്‍, ബാഗാസെ, പരുത്തി, ചണം തുടങ്ങിയ വസ്തുക്കളില്‍ നിന്നുള്ളവ ഉള്‍പ്പെടെ 4,500ലധികം ഇനം കൈകൊണ്ട് നിര്‍മ്മിച്ച കടലാസുകള്‍ ഇവിടെ വിതരണം ചെയ്യുന്നു. താല്‍പ്പര്യമുള്ളവര്‍ക്കായി നിരവധി പഴയ പേപ്പര്‍ നിര്‍മ്മാണ യന്ത്രങ്ങള്‍ ഇവിടെ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. അവിടത്തെ ചുവരുകള്‍ 2019ലെ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പുതുക്കിപ്പണിഞ്ഞു. പുനരുപയോഗത്തിന്റെയും കൈകൊണ്ട് നിര്‍മ്മിച്ച കടലാസിന്റെ വിവിധ നിര്‍മ്മാണഘട്ടങ്ങളും സ്ഥാപനത്തിന്റെ നേട്ടങ്ങളും പ്രതിപാദിക്കുന്ന വിവിധ ചിത്രങ്ങള്‍ ആ ചുവരുകളില്‍ കാണാം. ഇന്ത്യയുടെ ചരിത്രത്തിലെ ഒരിക്കലും അവഗണിക്കാന്‍ കഴിയാത്ത ഒരേടാണ് ആ സ്ഥാപനം. ഏറ്റവും വിപ്ലവകരമായ ഒരാശയത്തിന്റെ ഉറവിടവും കഴിഞ്ഞു പോയ കാലത്തിന്റെ ഗൃഹാതുരസ്മരണയുമായി പൂനയിലെ കൈക്കടലാസ് നിര്‍മ്മാണശാല ഇന്നും നിലനില്‍ക്കുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

OTHER SECTIONS