തിരയടിയില്‍ തകര്‍ന്ന് തീരം; കടല്‍ക്ഷോഭം രൂക്ഷം, മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍

By ബി.വി. അരുണ്‍ കുമാര്‍.11 08 2020

imran-azhar

 

 

തിരുവനന്തപുരം: പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികള്‍ സുഖമായി ഒന്നുറങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഒരുപക്ഷേ ഉറങ്ങിയാല്‍ നേരം പുലരുമ്പോള്‍ തങ്ങളെ കടലെടുക്കുമോ എന്ന ഭയമാണ് അവര്‍ക്ക്. ശംഖുംമുഖം, വലിയതുറ, ബീമാപള്ളി, പൂന്തുറ, പുതിയതുറ മേഖലകളിലെ മത്സ്യത്തൊഴിലാളികളുടെ ജീവനാണ് കടലേറ്റത്തിന്റെ തിരയടിയില്‍ തകരുന്നത്. ഈ മേഖലകളിലെ 16ലധികം വീടുകള്‍ക്കാണ് ഇതുവരെ നാശം സംഭവിച്ചത്.

 

തോരാതെ പെയ്യുന്ന മഴകൂടിയായതോടെ തീരദേശത്തെ ദുരിതം ഇരട്ടിയായി. മഴ ശക്തമായ സാഹചര്യത്തില്‍ തീരദേശവാസികളെ പ്രത്യേക ക്യാമ്പുകളിലേയ്ക്ക് ജില്ലാഭരണകൂടം മാറ്റിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ സ്വന്തം വാസസ്ഥലം പരിശോധിക്കാനെത്തിയപ്പോള്‍ കണ്ട കാഴ്ച ദയനീയമായിരുന്നെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വീടിരുന്ന സ്ഥലത്ത് ഒരു ചുവര്‍ മാത്രമായിരുന്നുവെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയില്‍ കടല്‍ ആര്‍ത്തിരമ്പി കരയിലേക്കടിച്ചാണ് വീടുകള്‍ മുഴുവനും നഷ്ടമായത്. ചെറിയതുറ ബീമാപള്ളി പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.


ഇവിടെ നൂറോളം വീട് ഭീഷണിയിലാണ്. പൂന്തുറ, ചേരിയാമുട്ടം, നടുത്തറ എന്നീ സ്ഥലങ്ങളിലും ശക്തമായ കടലാക്രമണമുണ്ട്. ഒരു കിലോമീറ്ററുള്ള കടല്‍ഭിത്തികള്‍ തകര്‍ച്ചയുടെ വക്കിലാണ്. തിരകള്‍ മണ്ണ് വലിച്ചെടുക്കുന്നതിനാല്‍ ഭിത്തി താഴ്ന്നിട്ടുണ്ട്. മുകളിലൂടെ തിരമാലകള്‍ അടിച്ചുകയറി സമീപത്തുള്ള വീടുകളില്‍ വരെ എത്തുന്നുണ്ട്. ആദ്യവരിയിലുള്ള വീടുകളില്‍ വെള്ളം കയറി. സംരക്ഷണത്തിനായി വച്ച മണല്‍ച്ചാക്കുകളും ഒഴുകി പോയി. തീരത്ത് കിടന്ന വള്ളങ്ങള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. വെട്ടുകാട്, കൊച്ചുവേളി, കണ്ണാന്തുറ പ്രദേശങ്ങളും ഭീതിയിലാണ്.

 

കടല്‍ക്ഷോഭം മൂലം വീടുകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിനായി താല്‍ക്കാലിക സംരക്ഷണ ഭിത്തികള്‍ തീര്‍ക്കുന്ന ജനകീയ പ്രവര്‍ത്തനങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടന്നുവരികയാണെന്ന് മേയര്‍ കെ.ശ്രീകുമാര്‍ പറഞ്ഞു. കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ തീരദേശവാസികളില്‍ ഏറെയും ദുരിതാശ്വാസ ക്യാമ്പുകളിലാണ് അഭയം
തേടിയിരിക്കുന്നത്.

 

OTHER SECTIONS