വയനാട്ടില്‍ വിഷമദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു

By anju.04 10 2018

imran-azhar

 

കല്‍പ്പറ്റ: വയനാട് വെള്ളമുണ്ടയില്‍ വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് അച്ഛനും മകനും ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. വെള്ളമുണ്ട സ്വദേശികളായ തിഗന്നായി(75), മകന്‍ പ്രമോദ്(35), ബന്ധു പ്രസാദ്(35) എന്നിവരാണ് മരിച്ചത്. മദ്യം കഴിച്ചയുടനെ ഇവര്‍ കുഴഞ്ഞു വീഴുകയും പെട്ടന്നു തന്നെ മരണം സംഭവിക്കുകയുമായിരുന്നു.

 

പ്രമോദിന്റെ അച്ഛന്‍ തിഗന്നായി ആണ് ആദ്യം മരിച്ചത്. മന്ത്രവാദ ക്രിയകള്‍ നടത്തിവന്നിരുന്ന തിഗന്നായിക്ക് പൂജ ചെയ്യാന്‍ വന്ന യുവാവാണ് മദ്യം നല്‍കിയത്. തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ച മദ്യമാണ് മരണ കാരണമായതെന്നാണ് സൂചന.

 


അച്ഛന്റെ മരണത്തിന് പിന്നാലെ രാത്രിയോടെ ഇതേ കുപ്പിയില്‍ നിന്നും പ്രസാദും പ്രമോദും മദ്യപിച്ചതിനു പിന്നാലെ ഇരുവരും കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രമോദ് യാത്രാമധ്യേയും പ്രസാദ് ആശുപത്രിയില്‍ വച്ചും മരിച്ചു.മദ്യത്തിലെ വിഷാശം മൂലമാണ് മൂവരും മരണപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

OTHER SECTIONS