നാവിദ് അഫ്കാരിയെ തൂക്കിക്കൊന്നതെന്തിന്

By online desk .15 09 2020

imran-azhar

 

 

അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്ന അപേക്ഷകള്‍ തിരസ്‌കരിച്ച് ഇറാന്‍ കഴിഞ്ഞ ദിവസം ഒരു ഗുസ്തി ചാമ്പ്യനെ തൂക്കിക്കൊന്നു. സെക്യൂരിറ്റി ഗാര്‍ഡിനെ കുത്തിക്കൊന്നു എന്ന ആരോപണത്തില്‍ കുറ്റക്കാരനെന്ന് നീതിപീഠം കണ്ടെത്തിയ നാവിദ് അഫ്കാരി എന്ന ഗുസ്തി ചാമ്പ്യനെയാണ് ഇറാന്‍ ഭരണകൂടം തൂക്കിലേറ്റിയത്. 2018 -ല്‍ നടന്ന ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ നടന്ന അക്രമങ്ങളില്‍ ജലവിതരണവകുപ്പിലെ ഒരു സെക്യൂരിറ്റി ഗാര്‍ഡ് കുത്തേറ്റ് മരിച്ചിരുന്നു.


ആ കൊലപാതകത്തില്‍ കുറ്റം ആരോപിക്കപ്പെട്ടത് പ്രതിഷേധങ്ങളുടെ ഭാഗമായി തെരുവിലിറങ്ങിയ നാവിദ് അഫ്കാരിയുടെ മേലാണ്. നാവിദ് കുറ്റസമ്മതം നടത്തിയിട്ടുണ്ട് എന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ കൃത്യമായ വിചാരണനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം, കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ടാണ് തങ്ങള്‍ ഈ വധശിക്ഷ നടപ്പിലാക്കിയത് എന്നുമാണ് ഇറാനിയന്‍ ഗവണ്മെന്റിന്റെ വക്താക്കള്‍ പറയുന്നത്. എന്നാല്‍, ജയിലില്‍ നിന്ന് തന്റെ പ്രിയപ്പെട്ടവര്‍ക്കയച്ച ശബ്ദ സന്ദേശത്തില്‍ നാവിദ്, കസ്റ്റഡിയില്‍ കഴിയവേ തനിക്ക് ഏല്‍ക്കേണ്ടിവന്ന ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ അത് താങ്ങാന്‍ കഴിയാതെയാണ് കുറ്റസമ്മതം നടത്തിയത് എന്നറിയിച്ചിരുന്നു.

 


ശനിയാഴ്ച രാവിലെ ശിരസില്‍ തടവറയില്‍ വെച്ചാണ് നാവേദിനെ തൂക്കിലേറ്റിയത്. നാവേദിനുമേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍ അടിസ്ഥാന രഹിതമാണ് എന്ന ആക്ഷേപം ആഗോളതലത്തില്‍, വിശേഷിച്ച് അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് ഫെഡറേഷനുകളുടെ ഭാഗത്തു നിന്ന് ഉയര്‍ന്നിട്ടും അതിനെ അവഗണിച്ചു കൊണ്ടാണ് ഇറാന്‍ ധൃതിപിടിച്ച് ഈ വധശിക്ഷ നടപ്പിലാക്കിയത്. വധശിക്ഷയ്ക്ക് മുമ്പ് കുടുംബാംഗങ്ങളെ കാണാനോ അഭിഭാഷകരോട് സംസാരിക്കാനോ ഒന്നും നാവേദിനെ അനുവദിച്ചില്ല എന്നതും ദുരൂഹമാണ്.

 

കൊലക്കയറിലെ കുരുക്കിന് ചേര്‍ന്ന ഒരു കഴുത്ത് തേടി നടന്ന ഭരണകൂടത്തിന് അത് കിട്ടിയത് എന്നിലാണ്, അതുമാത്രമാണ് എന്റെ ദൗര്‍ഭാഗ്യം എന്നായിരുന്നു ശബ്ദസന്ദേശത്തിലെ നാവേദിന്റെ പരാമര്‍ശം. നാളെ ഞാന്‍ തൂക്കിലേറ്റപ്പെടുകയാണെങ്കില്‍, ഒരു കാര്യം നിങ്ങളെല്ലാവരും അറിയണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇവിടെ തൂക്കുമരത്തിലേറിയിട്ടുള്ളത് ഒരു നിഷ്‌കളങ്കനായ വ്യക്തിയാണ്. ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് ഉറക്കെയുറക്കെ വിളിച്ചു കൂവിയിട്ടും ഈ അന്യായത്തിനെതിരെ സര്‍വശക്തിയും സംഭരിച്ച് പോരാടിയിട്ടും തോറ്റുപോയ ഒരു സാധാരണക്കാരന്‍ എന്നും നാവിദ് പറഞ്ഞു.

 

നാവേദിന്റെ വാഹിദ്, ഹബീബ് എന്നീ രണ്ടു സഹോദരന്മാരെക്കൂടി ഭരണകൂടം തടവുശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. വാഹിദിന് 54 വര്‍ഷത്തേയ്ക്കും ഹബീബിന് 27 വര്‍ഷത്തേക്കുമാണ് കഠിനതടവ്. ഇറാനിലെ ഭരണകൂടം അവകാശപ്പെടുന്നതൊക്കെ തെറ്റാണ് എന്നും നാവിദ് ആ കൊല ചെയ്തതായി ഒരു സിസിടിവി ദൃശ്യങ്ങളുമില്ല എന്നും അദ്ദേഹത്തിനെതിരെ കള്ളസാക്ഷികളെയാണ് കോടതിയില്‍ നിരത്തിയിട്ടുള്ളത് എന്നും നാവേദിന്റെ അഭിഭാഷകന്‍ ട്വീറ്റ് ചെയ്തു.

 

 

OTHER SECTIONS