വസ്തുതകള്‍ വളച്ചൊടിച്ച് പൊലീസിനെതിരെ വ്യാപക പ്രചാരണം ; ജനമൈത്രീ പൊലീസും ബീറ്റ് പൊലീസും പ്രധാന റോളില്‍

By online desk .05 08 2020

imran-azhar

 

 

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പൊലീസിനെ നിയോഗിച്ചതിനെതിരെ വസ്തുതകള്‍ മറച്ചു വച്ച് വ്യാപക പ്രചാരണം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്ന ഉടന്‍തന്നെ വ്യാപകമായി വസ്തുതാ വിരുദ്ധ പ്രചാരണങ്ങളുമുണ്ടായി. ഐഎംഎയും ആരോഗ്യ പ്രവര്‍ത്തകരും പ്രതിഷേധം ഉയര്‍ത്തി. സര്‍ക്കാര്‍ പുതിയ നടപടിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടും എതിര്‍പ്രചരണങ്ങള്‍ സജീവമാകുകയായിരുന്നു.

 

യഥാര്‍ത്ഥത്തില്‍ കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളൊന്നും പൊലീസിനെ ഏല്‍പ്പിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴുംഎല്ലാ പ്രവര്‍ത്തനങ്ങളും പൊലീസിനെ ഏല്‍പ്പിച്ചതായാണ് ആരോപണം.രോഗം സ്ഥിരീകരണം, അതിന്റെ അടിസ്ഥാനത്തിലുള്ള ചികിത്സ, തുടര്‍ ചികിത്സ, രോഗപ്രതിരോധം, രോഗികളെയും രോഗം പകരാനിടയുള്ളവരെയും കണ്ടെത്തല്‍ തുടങ്ങിയ സുപ്രധാന കാര്യങ്ങളൊന്നും പൊലീസിനെ ചുമതലപ്പെടുത്തിയിട്ടില്ല. കോവിഡിന്റെ ആദ്യഘട്ടത്തില്‍ എന്ത് ഡ്യുട്ടി ചെയ്തിരുന്നോ അവ കൂടുതല്‍ സമഗ്രവും കര്‍ശനവുമായി ചെയ്യുന്നതിനാണ് പൊലീസിന് നിര്‍ദ്ദേശമുളളത് .

 

ആദ്യഘട്ടത്തില്‍ രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക കണ്ടെത്തിയതും റൂട്ട് മാപ്പ് തയ്യാറാക്കിയതും പൊലീസായിരുന്നു. എന്നാല്‍ രോഗികളുടെ എണ്ണം കൂടിയതോടെയാണ് ഇതില്‍ നിന്നും പൊലീസിനെ ഒഴിവാക്കി. രോഗി പറയുന്ന വിവരങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിയിരുന്നത്്. എന്നാല്‍ ഇനിമുതല്‍ പൊലീസാവും സമ്പര്‍ക്ക പട്ടിക തയ്യാറാക്കുക .രോഗിയും ആരോഗ്യ പ്രവര്‍ത്തകരും നല്‍കുന്ന വിവരങ്ങളെ മാത്രമല്ല ആശ്രയിച്ചായിരിക്കില്ല ഇത് .രോഗിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് വിശദമായ പരിശോധന തന്നെനടക്കും. രോഗി സഞ്ചരിച്ചിരുന്ന വഴികള്‍, സന്ദര്‍ശിച്ചസ്ഥലങ്ങള്‍,ഫോണ്‍ വിളി വിവരങ്ങള്‍ തുടങ്ങിയവ കൂടി പരിശോധിക്കും.

 

നിരീക്ഷണത്തില്‍ കഴിയുന്നവരുടെ നീക്കങ്ങളും മൊബൈല്‍ ഫോണ്‍ ട്രെയ്‌സിംഗിലൂടെ കണ്ടെത്താനും പൊലീസിനു കഴിയും. തെറ്റായ വിവരങ്ങള്‍ നല്‍കുകയോ മറച്ചു വയ്ക്കുകയോ ചെയ്താല്‍ കണ്ടെത്താനും പൊലീസിനു കഴിയും. ഇതിനാവശ്യമായ സാങ്കേതിക വിദ്യയും പരിശീലനവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെ സമ്പര്‍ക്കപ്പട്ടിക കുറ്റമറ്റതാക്കാന്‍ പൊലീസിന് കഴിയും. ജനമൈത്രീ പൊലീസ്, ബീറ്റ് പൊലീസ് തുടങ്ങിയ സംവിധാനങ്ങളിലൂടെയാണ് ജനങ്ങളുമായി പൊലീസ് ബന്ധപ്പെടുന്നത്. മാത്രമല്ല റസിഡന്‍സ് അസോസിയേഷന്‍ കേന്ദ്രീകരിച്ചും പൊലീസിന് പ്രവര്‍ത്തനസംവിധാനമുണ്ട്. അതിനാല്‍ രോഗികളെയും അവരുമായി ബന്ധപ്പെടുന്നവരെയും നിരീക്ഷിക്കാന്‍ പൊലീസിന് എളുപ്പം കഴിയും. 

 

ബീറ്റ് സന്ദര്‍ശനം പതിവായത് കൊണ്ട് നിരീക്ഷണത്തിലുളളവരുടെ നീക്കങ്ങള്‍ കൃത്യതയോടെ വിലയിരുത്താനും കഴിയും. രോഗികളുടെ എണ്ണം, സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിവരങ്ങള്‍, നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തില്‍് കണ്ടെയ്‌മെന്റ് സോണുകള്‍ തീരുമാനിക്കുക ആരോഗ്യ വകുപ്പായിരിക്കും. ഈ വിവരങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നാണ് പൊലീസ് ശേഖരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കണ്ടെയ്‌മെന്റ് സോണുകളുടെ നിയന്ത്രണം നേരത്തെ തന്നെ പൊലീസിനായിരുന്നു. ഇനി മുതല്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാണ് തീരുമാനം. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ നല്‍കിയ വിവരങ്ങള്‍ വളച്ചൊടിച്ചാണ് ആരോഗ്യ പ്രവര്‍ത്തകരെ ഒഴിവാക്കി ആകെ നിയന്ത്രണം പൊലീസ് നല്‍കിയതെന്ന പ്രചാരണം നടക്കുന്നത്.

 

 

 

 

OTHER SECTIONS