സ്വാതന്ത്ര്യമുണ്ടായിരുന്നില്ല; നയിച്ചത് ജയില്‍ ജീവിതം: രജനീകാന്ത്

By Shyma Mohan.14 Mar, 2018

imran-azhar


    ഋഷികേശ്: ഒന്നിനുപിറകെ ഒന്നായി നിരവധി ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമക്ക് നല്‍കി ദശാബ്ദങ്ങളായി വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കുന്ന സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് താന്‍ ജയിലഴിക്കുള്ളിലേതു പോലെയുള്ള ജീവിതമാണ് ഇതുവരെ നയിച്ചതെന്ന് അഭിപ്രായപ്പെട്ടു. ദീര്‍ഘകാലത്തെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ കമല്‍ ഹാസനെ പോലെ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ചിരിക്കുന്ന രജനി തന്റെ വടക്കേ ഇന്ത്യയിലേക്കുള്ള ആത്മീയ യാത്രക്കിടയിലാണ് വിചിത്രമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഋഷികേശിലെ ദയാനന്ദ സരസ്വതി ആശ്രമത്തില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഇപ്പോഴത്തെ യാത്ര ആത്മീയമായ ഉണര്‍വേകുന്നതാണെന്നും 1995 മുതല്‍ അതിനുള്ള തയ്യാറെടുപ്പിലായിരുന്നെന്നും അഭിപ്രായപ്പെട്ടത്. ഗംഗാനദിയോടൊപ്പം ഇരിക്കാനും ധ്യാനിക്കാനും രാഷ്ട്രീയക്കാരല്ലാത്ത നല്ല ജനങ്ങളോടൊപ്പം ചെലവഴിക്കാനാണ് ആഗ്രഹിച്ചതെന്നും രജനി പറഞ്ഞു. സ്വകാര്യ ജീവിതമാണ് താന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ തനിക്ക് അതിപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് സ്വാതന്ത്ര്യമില്ലെന്നും സാധാരണ ജീവിതം പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ ജയില്‍ ജീവിതമാണ് നയിക്കുന്നതെന്നും സ്റ്റൈല്‍ മന്നന്‍ പറഞ്ഞു. സെലിബ്രിറ്റികള്‍ക്ക് ജീവിതത്തില്‍ നഷ്ടപ്പെടുന്നതും ഇതൊക്കെ തന്നെയാണെന്ന് രജനി കൂട്ടിച്ചേര്‍ത്തു.