നിയന്ത്രിത സ്‌ഫോടനത്തിലൂടെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു

By priya.02 10 2022

imran-azhar

 

പൂനെ : ട്വിന്‍ ടവര്‍മാതൃകയില്‍ മഹാരാഷ്ട്രയിലെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു. 1990ല്‍ നിര്‍മ്മിച്ച പാലമാണ് അര്‍ദ്ധരാത്രിയില്‍ തകര്‍ത്തത്. മുംബൈ - ബെംഗളുരു ഹൈവേയിലാണ് ഈ പാലം നിര്‍മ്മിച്ചിരുന്നത്. ചാന്ദ്‌നി ചൗക്കിലെ തിരക്ക് കുറയ്ക്കാന്‍ പുതിയ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം തകര്‍ത്തത്.


ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് പാലം തകര്‍ത്തത്. കൃത്യമായ പദ്ധതി അനുസരിച്ചാണ് എല്ലാ കാര്യവും പൂര്‍ത്തിയാക്കിയത്. മഷീനുകളും ഫോര്‍ക്ക് നെയില്‍സും ട്രക്കുകളും ഉപയോഗിച്ച് തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ മാറ്റുമെന്ന് കെട്ടിടം തകര്‍ത്ത എഡിഫൈസ് എഞ്ചിനിയറിംഗ് കമ്പനിയുടെ സഹ സ്ഥാപകന്‍ ചിരാഗ് ചെദ പറഞ്ഞു. ഇതേ കമ്പനിയാണ് നോയിഡയിസെ സൂപ്പര്‍ ടെക് ട്വിന്‍ ടവര്‍ തകര്‍ത്തത്. ഓഗസ്റ്റിലായിരുന്നു ഇരട്ട ടവറുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തത്.


പാലം തകര്‍ക്കുന്നതിനെ തുടര്‍ന്ന് വാഹനഗതാഗതം വിലക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാല്‍ പാലത്തിന്റെ ഒരു ഭാഗം ഇപ്പോഴും തകര്‍ന്നുവീഴാതെ തന്നെ നില്‍ക്കുന്നുണ്ട്. കോണ്‍ക്രീറ്റ് മാറ്റിയെന്നും എന്നാല്‍ അതിന്റെ സ്റ്റീല്‍ ബാറുകള്‍ മാത്രമാണ് മാറ്റാനുള്ളതെന്നും അധികൃതര്‍ പറഞ്ഞു. സ്റ്റീല്‍ ബാറുകള്‍ മാറ്റിയാല്‍ ബാക്കിയുള്ളവയും താഴെ വീഴുമെന്നും ചിരാഗ് ചെദ പറഞ്ഞു. പാലത്തിന്റെ നിര്‍മ്മാണം തങ്ങള്‍ ഉദ്ദേശിച്ചതിലും മികച്ചതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

OTHER SECTIONS