പെന്‍ഷന്‍കാരില്‍ നിന്ന് സംഭാവന: സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ധനമന്ത്രി

By Sarath Surendran.23 09 2018

imran-azhar
 
തിരുവനന്തപുരം :  പ്രളയത്തിലായ കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് സംസ്ഥാനത്തെ പെന്‍ഷന്‍കാരില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ സമര്‍ദ്ദം ചെലുത്തില്ലെന്ന് ധനമന്ത്രി ഡോ. ടി. എം തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ പെന്‍ഷന്‍കാരുടെ വിവിധ സംഘടനാ പ്രതിനിധികളുമായി ഇതുസംബന്ധിച്ച് മന്ത്രി ചര്‍ച്ച നടത്തി. സംഘടനകളുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വിശദമായ സര്‍ക്കാര്‍ ഉത്തരവിറക്കുമെന്ന് മന്ത്രി പറഞ്ഞു. 
 
 
ഒരു മാസത്തെ പെന്‍ഷന്‍ നല്‍കണമെന്ന അഭ്യര്‍ത്ഥനയാണ് പെന്‍ഷന്‍കാരുടെ മുന്നില്‍ വച്ചതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ സന്നദ്ധത അറിയിച്ച് നിരവധി പെന്‍ഷന്‍കാര്‍ ട്രഷറികളിലെത്തിയ സാഹചര്യത്തിലാണ് ട്രഷറി ഡയറക്ടര്‍ സര്‍ക്കുലറിറക്കിയത്. സര്‍ക്കാര്‍ ഉത്തരവ് ഇറക്കുന്നതു വരെ സര്‍ക്കുലര്‍ പ്രകാരമുള്ള നടപടി തുടരുമെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരെയും പെന്‍ഷന്‍കാരെയും ഒരു പോലെയല്ല സര്‍ക്കാര്‍ കാണുന്നത്. അതിനാലാണ് പെഷന്‍കാരില്‍ നിന്ന് ഫെസ്റ്റിവല്‍ അലവന്‍സ് പിടിക്കാതിരുന്നത്. തങ്ങള്‍ക്ക് കഴിയുന്ന തുക നല്‍കുന്നതിന് പെന്‍ഷന്‍കാര്‍ക്ക് സമ്മതപത്രം നല്‍കാം. ജീവനക്കാരുടെ വിഹിതമായി ശമ്പള കുടിശിക പിടിക്കുന്നതുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കി ഉടന്‍ വിശദീകരണം പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു. 
 
 
ചര്‍ച്ചയില്‍ ഒരു മാസത്തെ പെന്‍ഷന്‍ നല്‍കാന്‍ ചില സംഘടനാ പ്രതിനിധികള്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. സാലറി ചലഞ്ചിന് രാഷ്ട്രീയത്തിനതീതമായി സഹകരണം ലഭിച്ചിട്ടുണ്ട്. 
 
 
പ്രളയം മൂലം കിഫ്ബി പദ്ധതികളില്‍ മാറ്റം വരുത്തില്ല. 20,000 കോടി രൂപയുടെ പദ്ധതികള്‍ ടെണ്ടര്‍ നടപടിയിലേക്കായിട്ടുണ്ട്. നാശനഷ്ടം സംബന്ധിച്ച് എത്രയും വേഗം പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കും. വിവിധ ഏജന്‍സികളില്‍ നിന്നെടുക്കുന്ന വായ്പ ദുരിതാശ്വാസത്തിന് ഉപയോഗിക്കാനാവില്ലെന്നും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി. 

OTHER SECTIONS