By Sooraj Surendran .02 12 2019
തിരുവനന്തപുരം: ഒരു നേരത്തെ വിശപ്പടക്കാൻ പോലും മാർഗമില്ല. തിരുവനന്തപുരത്ത് അമ്മ നാല് മക്കളെ ശിശുക്ഷേമസമിതിയിലാക്കി. ആറ് കുട്ടികളാണ് ഇവർക്ക്. ഒരു കുട്ടി വിശപ്പടക്കാൻ മണ്ണ് വാരിത്തിന്നുന്ന അവസ്ഥ വരെ ഉണ്ടായി. കൈതമുക്കിലെ പുറമ്പോക്കിലെ ടാര്‍പോളിന്‍ കെട്ടി മറച്ച കുടിലിലാണ് കുടുംബത്തിന്റെ താമസം. ആറ് മക്കളിൽ നാല് പേരെയാണ് ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. മൂന്നുമാസം പ്രായമുള്ളതും ഒന്നര വയസു പ്രായമുള്ളതുമായ രണ്ട് കുഞ്ഞുങ്ങളാണ് ഇപ്പോൾ അമ്മയോടൊപ്പമുള്ളത്. തൈക്കാട് അമ്മത്തൊട്ടിലിലേക്കാണ് നാല് കുട്ടികളെയും ഇപ്പോൾ കൊണ്ടുപോയിരുന്നത്. വിദ്യാഭ്യാസം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവർക്ക് ലഭിക്കും. നിരന്തര മദ്യപാനിയായ ഭർത്താവ് ഭാര്യയേയും മക്കളെയും സംരക്ഷിക്കുകയോ, ഒരു നേരത്തെ ആഹാരത്തിന് പോലും വക നൽകുകയോ ചെയ്യാറില്ല. സ്ഥിതിഗതികൾ ഇതിലും മോശമായാൽ മറ്റ് രണ്ട് കുട്ടികളെയും ശിശുക്ഷേമ സമിതി ഏറ്റെടുക്കും.